Connect with us

Articles

ഇന്ത്യയെ ഭയക്കുന്നവര്‍

ആര്‍ എസ് എസിനെ സംബന്ധിച്ച് ഇന്ത്യ ഒരു പേര് മാത്രമല്ല. അത് അവര്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരാശയം കൂടിയാണ്. ബാലഗംഗാധര തിലകനെ പോലുള്ള ആളുകള്‍ ഗണേശോത്സവം പോലുള്ള ചിഹ്നങ്ങളിലൂടെ മുന്നോട്ട് വെച്ച മിലിറ്റന്റ് ഹിന്ദുത്വ ദേശീയതയെ, സര്‍വ മത സ്വാംശീകരണത്തിലൂടെ പ്രതിരോധിക്കുക എന്ന സാംസ്‌കാരിക ദൗത്യമാണ് ഗാന്ധി നിര്‍വഹിച്ചതെങ്കില്‍, ഭരണഘടനയിലൂടെ അംബേദ്കറും ഭരണത്തിലൂടെ നെഹ്റുവും അത് തന്നെയാണ് ചെയ്തത്.

Published

|

Last Updated

കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പേര് മാറ്റമാണല്ലോ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. ‘ഇന്ത്യ’ എന്ന പേരിന് മരണം സംഭവിക്കുന്നതും ‘ഭാരതം’ എന്ന പേരില്‍ രാജ്യം അനശ്വരമാകുന്നതും കുറേ പേരെങ്കിലും സ്വപ്നം കാണുന്നു എന്നത് ഒരു യാഥാര്‍ഥ്യമായി നമ്മുടെ മുന്നില്‍ തന്നെ നില്‍ക്കുന്നുണ്ട്. അതിനിടയില്‍ ഏതാനും ദിവസം മുമ്പ്, സര്‍ക്കാര്‍ പ്രതിനിധി തന്നെ അത്തരമൊരു സമഗ്രമാറ്റം ആലോചനയിലില്ല എന്ന് പറഞ്ഞ് വിവാദങ്ങള്‍ക്ക് താത്കാലിക വിരാമമിട്ടിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ജി 20 രാജ്യങ്ങളുടെ സമ്മേളന വേദിയില്‍ ഭാരതം എന്ന ഫലകത്തിന് പിന്നില്‍ ഇരുന്ന പ്രധാനമന്ത്രി ചില ശക്തമായ സൂചനകള്‍ തന്നെയാണ് തരുന്നത് എന്ന് പറയാതിരിക്കാന്‍ ആകില്ല. അന്താരാഷ്ട്രതലത്തില്‍ പോലും ഇന്ത്യ എന്ന് പേര് മായ്ച്ച് കളയാനും അവിടേക്ക് ഭാരതത്തെ ആനയിക്കാനുമുള്ള ആഗ്രഹചിന്ത പ്രബലമാണെന്ന് വ്യക്തം. പക്ഷേ, പെട്ടെന്ന് തന്നെ അത്തരം എടുത്തുചാട്ടങ്ങള്‍ക്ക് മുതിരാത്തതിന് കാരണം, അന്താരാഷ്ട്രതലത്തില്‍ നിന്ന് തന്നെ വരാവുന്ന പ്രതീക്ഷിത പ്രതിസന്ധികള്‍ കാരണമാണ്. ഇന്ത്യ എന്ന പേര് ഉപേക്ഷിക്കുന്നപക്ഷം, ഇന്‍ഡസ് വാലി ഉള്‍പ്പെടുന്ന പാക്കിസ്ഥാന്‍ അതിന് വേണ്ടി അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയും ഉയര്‍ന്ന് വന്നിട്ടുണ്ട്. അത് രാജ്യത്തിനകത്തും പുറത്തും ഉണ്ടാക്കാനിടയുള്ള മാരക പ്രഹരം തന്നെയാണ്, ഇപ്പോള്‍ പേര് മാറ്റുന്നതിന് മുന്നിലുള്ള പ്രധാന തടസ്സം. അതിനാല്‍ ഒരു അടിയന്തര ശസ്ത്രക്രിയയിലൂടെ ‘ഇന്ത്യ’യെ കൊല്ലുന്നതിന് പകരം ഇഞ്ചിഞ്ചായി കൊല്ലുന്നതായിരിക്കും ഘാതകര്‍ക്ക് അഭികാമ്യം. അതുവരെ ‘ഭാരതവത്കരണം’ തുടരുകയും ചെയ്യും. അതേസമയം ആര്‍ എസ് എസിന്റെ സര്‍സംഘ്ചാലക് അടക്കമുള്ളവരുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത് ‘ഇന്ത്യയുടെ അനിവാര്യമായ മരണം’ എന്ന ആശയം അന്തരീക്ഷത്തില്‍ സജീവമായി നിലനിര്‍ത്തും എന്ന് തന്നെയാണ്. പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’ എന്ന പേര് സ്വീകരിച്ചത് പെട്ടെന്നുള്ള പ്രകോപനമായെങ്കിലും അതിനേക്കാളൊക്കെ ഉപരിയായി ആര്‍ എസ് എസ് ‘ഇന്ത്യയുടെ മരണം’ എന്ന ആശയം അതിന്റെ പ്രത്യയശാസ്ത്രത്തിലും പ്രവൃത്തിയിലും മുന്നേ സ്വീകരിച്ചിട്ടുള്ളത് തന്നെയാണ്. അതിലേക്ക് അവരെ നയിച്ചത് ഈ രാജ്യത്തിന്റെ വിഭജനത്തിന് കാരണമായ, ഇപ്പോഴും രാജ്യത്തെ വിഭജിച്ച് കൊണ്ടിരിക്കുന്ന മിലിറ്റന്റ് ഹിന്ദുത്വ പ്രത്യയശാസ്ത്രം തന്നെയാണ്.

1920കളില്‍ തന്നെ ആര്‍ എസ് എസിന്റെ പ്രാഗ് രൂപമായ ഹിന്ദുമഹാസഭ ഇന്ത്യയുടെ മതപരമായ വിഭജനം അവതരിപ്പിച്ചിരുന്നു. അതിനുള്ള സൈദ്ധാന്തികമായ അടിത്തറ ഒരുക്കപ്പെട്ടതാകട്ടെ, ആര്‍ എസ് എസിനെ സംബന്ധിച്ച് വേദപുസ്തകമായ ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലും. അതിനകത്ത് ആര്‍ എസ് എസിന്റെ ഹിന്ദു രാഷ്ട്ര സങ്കല്‍പ്പവും അതിലെ വംശീയ പൗരത്വവും കൃത്യമായി തന്നെ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് ഈ രാജ്യത്തെ മുസ്ലിംകളും ക്രിസ്ത്യാനികളും രാജ്യ പൗരത്വത്തിന് അവകാശമില്ലാത്ത അന്തേവാസികള്‍ മാത്രമായിരിക്കും. അങ്ങനെയാണെന്നിരിക്കെ, മുസ്ലിം അധിവാസ മേഖലകള്‍ ഛേദിച്ച ഒരു ഹിന്ദു രാഷ്ട്ര ശരീരം ആര്‍ എസ് എസിന്റെ സ്വപ്നമാകുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. അപ്പോള്‍ പോലും മുഹമ്മദലി ജിന്നയും കൂട്ടരും രാജ്യവിഭജനം എന്ന അജന്‍ഡയിലേക്ക് എത്തിച്ചേര്‍ന്നിരുന്നില്ല. പ്രത്യേക മുസ്ലിം രാഷ്ട്രം എന്ന അല്ലാമാ ഇഖ്ബാലിന്റെ ആവശ്യത്തെ, അതൊരു കവിയുടെ കിനാവ് മാത്രം എന്ന് തിരുത്തുകയായിരുന്നു അന്നത്തെ മുഹമ്മദലി ജിന്ന. പിന്നീട് ജിന്നയും വിഭജനത്തിന്റെ പാതയിലേക്ക് വന്നെങ്കിലും, ഇന്ത്യ ഉപഭൂഖണ്ഡത്തിനകത്ത് വ്യത്യസ്ത മതങ്ങള്‍, വ്യത്യസ്ത ദേശീയതകള്‍ എന്ന ആശയം ആദ്യം ഉയര്‍ത്തിയത് മിലിറ്റന്റ് ഹിന്ദുത്വ ദേശീയത തന്നെയാണെന്ന് നിസ്സംശയം പറയാം.

നാല്‍പ്പതുകളുടെ അവസാന പകുതിയില്‍ രാജ്യം വിഭജനത്തിലേക്ക് നടന്ന് നീങ്ങിയപ്പോള്‍, അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങള്‍ വെറുപ്പിന്റേതായിരുന്നു. ‘ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാനും ‘ഇസ്ലാം-ഉര്‍ദു-പാക്കിസ്ഥാനും പരസ്പരം വിപരീതങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട് വിഭജനം ഒരു മൂര്‍ത്ത യാഥാര്‍ഥ്യമായിക്കഴിഞ്ഞതിന് ശേഷവും, ഇന്ത്യക്കകത്ത് ‘ഇന്ത്യയുടെ മരണം’ കാംക്ഷിച്ചവര്‍ ഉണ്ടായിരുന്നു. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ കെ എം മുന്‍ഷി നടത്തിയ പ്രസംഗം ആപത്കരമായ ആ ആശയത്തിന്റെ പ്രതിനിധാനമായിരുന്നു. പാക്കിസ്ഥാന്‍ പോയിക്കഴിഞ്ഞതിന് ശേഷം രാജ്യം ഒരു ഹിന്ദു രാഷ്ട്രമാകേണ്ടതിന്റെ അനിവാര്യതയായിരുന്നു ആ ഗിരിപ്രഭാഷണം. മതേതരത്വത്തിന്റെ മൃഗീയ ഭൂരിപക്ഷമുള്ള ഭരണഘടനാ നിര്‍മാണസഭ ആ നിഷേധാത്മക സങ്കല്‍പ്പത്തെ നിമിഷ നേരം കൊണ്ട് നിരാകരിച്ചെങ്കിലും, അതിനു ശേഷവും ‘മതേതര ഇന്ത്യയുടെ മരണം’ ആഗ്രഹിച്ചവര്‍ ആ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

ആര്‍ എസ് എസിനെ സംബന്ധിച്ച് ഇന്ത്യ ഒരു പേര് മാത്രമല്ല. അത് അവര്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരാശയം കൂടിയാണ്. ബാലഗംഗാധര തിലകനെ പോലുള്ള ആളുകള്‍ ഗണേശോത്സവം പോലുള്ള ചിഹ്നങ്ങളിലൂടെ മുന്നോട്ട് വെച്ച മിലിറ്റന്റ് ഹിന്ദുത്വ ദേശീയതയെ, സര്‍വ മത സ്വാംശീകരണത്തിലൂടെ പ്രതിരോധിക്കുക എന്ന സാംസ്‌കാരിക ദൗത്യമാണ് ഗാന്ധി നിര്‍വഹിച്ചതെങ്കില്‍, ഭരണഘടനയിലൂടെ അംബേദ്കറും ഭരണത്തിലൂടെ നെഹ്റുവും അത് തന്നെയാണ് ചെയ്തത്. അങ്ങനെയും ഗാന്ധിയും നെഹ്റുവും അംബേദ്കറും ആസന്നമായ ഹിന്ദുരാഷ്ട്രത്തില്‍ നിന്ന് രാജ്യത്തെ വിമോചിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് ആര്‍ എസ് എസ് എക്കാലവും ശ്രമിച്ചിട്ടുള്ളത് ഐതിഹ്യ മഹാഭാരതങ്ങളിലേക്ക് തിരിച്ച് നടക്കാനാണ്. യാഥാര്‍ഥ്യങ്ങളുടെ മുകളില്‍ മിത്തുകള്‍ കൊണ്ട് ഒരു രാഷ്ട്രം കെട്ടിപ്പടുക്കാം എന്ന് ലോകത്തിന് കാണിച്ച് കൊടുത്തത് ഇസ്റാഈല്‍ ആണെങ്കില്‍, അക്കാര്യത്തില്‍ സയണിസം തന്നെയായിരിക്കും സംഘ്പരിവാറിനും മാതൃക. വര്‍ത്തമാന കാലത്തെ ശവപ്പറമ്പാക്കി പുരാവസ്തു ഖനനം നടത്തുന്നത് തന്നെയാണ് ഇതപര്യന്തമുള്ള എല്ലാ ഫാസിസ്റ്റുകളുടെയും ഇഷ്ടവിനോദം. ഇവിടെയും അത് തുടരുക തന്നെ ചെയ്യും. ഗാന്ധി വധത്തെ തുടര്‍ന്ന്, രാജ്യത്തെ രാഷ്ട്രീയ മുഖ്യധാരയില്‍ നിന്ന് ബഹിഷ്‌കൃതരായ ആര്‍ എസ് എസ് അതിന്റെ അജന്‍ഡകള്‍ അനവരതം തുടര്‍ന്ന് കൊണ്ടിരുന്നു. അതിന്റെ വിജയകരമായ പരിസമാപ്തിയായിട്ടാണ്, അവര്‍ ഇപ്പോഴത്തെ സാഹചര്യങ്ങളെ സ്വയം നിര്‍വചിക്കുന്നത്. ഹിന്ദു രാഷ്ട്രത്തിന്റെ പ്രഖ്യാപനം പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുമെന്ന് ആരും കരുതേണ്ടതില്ല. ഘട്ടം ഘട്ടമായി അതിലേക്കുള്ള റൂട്ട് മാര്‍ച്ച് തന്നെയാണ് നടന്ന് കൊണ്ടിരിക്കുന്നത്. പുതിയ പൗരത്വ ബില്ല് മുതല്‍ അതിലേക്കുള്ള പരിശ്രമങ്ങള്‍ ഉച്ചസ്ഥായിയില്‍ ആയെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടിക്രമവും ഉച്ചാടനം ചെയ്യാനുള്ള നീക്കങ്ങള്‍ കാര്യങ്ങള്‍ക്ക് വേഗം കൂടുന്നതിന്റെ സൂചനയാണ്. ഏറ്റവും അവസാനം, പുതിയ പാര്‍ലിമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നത് വിനായ ക ചതുര്‍ഥി ദിവസമാണ്. പാര്‍ലിമെന്റ് ജീവനക്കാരുടെ യൂനിഫോമില്‍ താമരയും ആലേഖനം ചെയ്യപ്പെടും. പൗരാണികതയെ പുനരാനയിക്കാന്‍ കഴിയുന്ന ചിഹ്നങ്ങള്‍. അവരെ സംബന്ധിച്ച് ഇന്ത്യ എന്ന ആശയം അതിന്റെ എതിര്‍ ദിശയിലാണ്. അതുകൊണ്ട് തന്നെയാണ് സ്വതന്ത്ര ഇന്ത്യയില്‍ സംഘ്പരിവാര്‍ തുടങ്ങിയ രണ്ട് രാഷ്ട്രീയ സംരംഭങ്ങളിലും (ഭാരതീയ ജന സംഘം, ഭാരതീയ ജനതാ പാര്‍ട്ടി) ‘ഇന്ത്യ’ ഇല്ലാതെ പോയത്. ഇന്ത്യയെ അവര്‍ ഭയക്കുന്നു. അതിനാല്‍ തന്നെ ഇന്ത്യയെക്കുറിച്ചും അതുയര്‍ത്തുന്ന മൂല്യങ്ങളെക്കുറിച്ചും ആവര്‍ത്തിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്ന് ആകുന്നത് പോലും പ്രതീക്ഷ നല്‍കുന്നതാണ്. പക്ഷേ, അതില്‍ മാത്രം പരിമിതപ്പെടുത്തേണ്ടതല്ല കാര്യങ്ങള്‍. ഭഗീരഥ പ്രയ്തനം തന്നെയാണ് ആവശ്യം. എതിരാളികള്‍ അത്രമേല്‍ കരുത്തരാണ്.

 

കേരള ഹൈക്കോടതി അഭിഭാഷകന്‍