Malabar Movement 1921
ചിറകുകൾ കരിയുമെന്നറിഞ്ഞിട്ടും സൂര്യനിലേക്ക് പറന്നവർ
സ്വന്തം ചോരയുടെ ചുവപ്പും വിയർപ്പിന്റെ ഉപ്പും പ്രാണന്റെ തുടിപ്പും അതിനൊപ്പം ജീവിതത്തിന്റെ സർവസ്വവും സ്വാതന്ത്ര്യത്തിനു വേണ്ടി സമർപ്പിച്ച ആലി മുസ്്ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അടക്കമുള്ള ധീരരക്തസാക്ഷികൾ, അധികാരികളുടെ ചരിത്ര പുസ്തകങ്ങളിൽ നിന്ന് എത്ര തവണ പുറന്തള്ളപ്പെട്ടാലും ചരിത്രമായ ചരിത്രമെല്ലാം സൃഷ്ടിക്കുന്ന പൊരുതുന്ന ജനമനസ്സിൽ അധികാരികളെ അസ്വസ്ഥരാക്കി അവരൊരു പച്ചപ്പായി എന്നുമെന്നും തഴച്ചുപടർന്നുകൊണ്ടേയിരിക്കും.
“കാൽ പൊള്ളുമെന്നറിഞ്ഞിട്ടും കനലിൽ നടക്കുന്നവൻ, ചിറകുകൾ കരിയുമെന്നറിഞ്ഞിട്ടും സൂര്യനിലേക്ക് പറക്കുന്നവൻ, പ്രലോഭനങ്ങളുടെ പെരുമഴയിൽ സ്വയം കുടപിടിക്കാതിരുന്നിട്ടും ഒട്ടുമേ നനയാതിരുന്നവൻ, മണ്ണെണ്ണയൊഴിച്ച് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞപ്പോഴും രക്തസാക്ഷിത്വത്തിന്റെ സുഗന്ധമായി സ്വയം പടർന്നവൻ… മലയാളത്തിലും ഇംഗ്ലീഷിലും സംസ്‌കൃതത്തിലും അറബിയിലും അവന് ഒരൊറ്റപ്പേര്. അതാണ് ശഹീദ് വാരിയംകുന്നൻ.
(തക്ബീർ മുഴക്കിയ മലയാളി ചെഗുവേര).
സമരങ്ങൾ ലക്ഷ്യത്തിലെത്തണമെങ്കിൽ, സ്‌നേഹ മഴവില്ലുകൾ ആകാശത്തിരുന്ന് ഭൂമിയെ നോക്കി മന്ദഹസിക്കണമെങ്കിൽ, നന്മകൾ തിന്മകളെ തള്ളിമാറ്റി സംഘനൃത്തം നിർവഹിക്കണമെങ്കിൽ, നീതി ജീവിതത്തിന്റെ നേതൃത്വം ഏറ്റെടുക്കണം. രണ്ട് കാലങ്ങൾക്കും രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾക്കുമിടയിൽ ജീവിച്ചപ്പോഴും നീതിയുടെ ആ സ്പർശമാകുമോ, സ്വയം സമർപ്പിത സമരത്തിന്റെ അസാധാരണ ശക്തിയാകുമോ വാരിയംകുന്നനും ചെഗുവേരക്കുമിടയിൽ തഴച്ച് കനത്തത്.
മാപ്പ് പറഞ്ഞാൽ ശിഷ്ടകാലം മക്കയിൽ സുഖമായി ജീവിക്കാൻ അവസരം ഒരുക്കാമെന്ന് പറഞ്ഞ, സാമ്രാജ്യാധികാര ശക്തിയുടെ മുമ്പിൽ നിവർന്ന് നിന്ന് “പോടാ ബ്രിട്ടാ’ എന്ന് മുഷ്ടി ചുരുട്ടിയ, ഒരു മഹാസമരത്തിന്റെ ജ്വലിക്കുന്ന ഒരു സൂര്യസാന്നിധ്യമാണ് ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സംഭ്രാന്തമാക്കി അദ്ദേഹം സ്ഥാപിച്ച പഴയ സ്വതന്ത്ര രാഷ്ട്രത്തിന്റെ പേര് മലയാള രാജ്യം എന്നായിരുന്നു എന്നുള്ളത് ആത്മബോധമുള്ള മലയാളികൾ മറക്കരുത്.
മലബാർ സമരത്തെക്കുറിച്ചുള്ള ആലോചനകളിൽ ആലി മുസ്‌ലിയാർക്കും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമൊപ്പം അനുസ്മരിക്കപ്പെടേണ്ട പേരറിയുന്നവരും പേരറിയാത്തവരുമായ അസംഖ്യം പോരാളികളുണ്ട്. അവരിൽ അവിസ്മരണീയനാണ് എം പി നാരായണ മേനോൻ. “മലബാർ സമരം; എം പി നാരായണ മേനോനും സഹപ്രവർത്തകരും’ എന്ന പ്രൊഫ. എം പി എസ് മോനോന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന ഒരു ഭാഗം മലബാർ സമരത്തെക്കുറിച്ചുള്ള സംവാദങ്ങൾ നടക്കുന്ന ഈയൊരു സന്ദർഭത്തിൽ നമ്മൾ പുനരാലോചനക്ക് വിധേയമാക്കേണ്ടതാണ്.
“ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിടിച്ചുകുലുക്കിയ മലബാർ സമരത്തെപ്പറ്റി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ചരിത്രത്തിലോ മഹാത്മാ ഗാന്ധിയുടെ ജീവ ചരിത്രങ്ങളിലോ കേരള ചരിത്രങ്ങളിലോ കെ പി സി സി രേഖകളിലോ വിവരങ്ങളില്ല. ഗാന്ധിജിയുടെയും ഷൗക്കത്തലിയുടെയും കോഴിക്കോട്ട് നടന്ന പ്രഭാഷണങ്ങളെത്തുടർന്നാണ് മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനം ഊർജിതമായത്. ബ്രിട്ടീഷുകാർ 1857ലെ ശിപായി ലഹളക്ക് ശേഷം ഇന്ത്യയിൽ നേരിട്ട ശക്തമായ സായുധ സമരമായിരുന്നു 1921ൽ മലബാറിൽ നടന്നത്. എന്നിരിക്കിലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെപ്പറ്റിയുള്ള ചരിത്ര പുസ്തകങ്ങളിലോ ഗാന്ധിജി, നെഹ്‌റു മുതലായ ദേശീയ നേതാക്കന്മാരുടെ ജീവചരിത്രങ്ങളിലോ, സ്വാതന്ത്ര്യ ദിനാഘോഷം എന്നിവയിലോ മലബാറിലെ ഈ വീരപുത്രന്മാരുടെ മഹാത്യാഗത്തെപ്പറ്റി ഒരു പരാമർശവും ഇന്നെവരെയുണ്ടായിട്ടില്ല.’
“1921 നെ’ മലബാർ വിപ്ലവം എന്നാണ് സത്യത്തിൽ വിശേഷിപ്പിക്കേണ്ടത്. 1857ലെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടൻ പതറിയത് 1921ലെ മലബാർ വിപ്ലവത്തിലാണ്. 1857ൽ സാധ്യമാകാതിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അകത്ത് ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം പൂർത്തീകരിച്ചത് യഥാർഥത്തിൽ മലബാർ വിപ്ലവമാണ്. മലബാർ വിപ്ലവം 1921ലാണ് തുടങ്ങുന്നതെങ്കിലും അതിനു മുമ്പ് തന്നെ 1790 കളിൽ തന്നെ ചെറുതും വലുതുമായ കർഷക സമരങ്ങൾ നടന്നുപോന്നു. 1836 മുതൽ പ്രത്യേകം പേരെടുത്ത് പരാമർശിക്കപ്പെട്ട ധാരാളം കർഷക പ്രക്ഷോഭങ്ങൾ നടന്നു. 1852ൽ ഫസൽ പൂക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവർ സവർണ മേൽക്കോയ്മക്കെതിരെയുള്ള സമരത്തിന് നേതൃത്വം നൽകി. ഇത്തരത്തിലുള്ള സാമ്രാജ്യത്വ വിരുദ്ധ ജന്മിത്ത വിരുദ്ധ സവർണ വിരുദ്ധ സമരങ്ങളുടെ ഒരു മഹാ സംഗമമാണ് സത്യത്തിൽ 1921 ൽ തെക്കൻ മലബാറിൽ സംഭവിച്ചത്. ആ സമരം തുടങ്ങിയ കാലം മുതൽ സാമ്രാജ്യത്വവും ജന്മിത്തവും സവർണ മേൽക്കോയ്മയും ഏതൊക്കെ തരത്തിലുള്ള ആക്ഷേപങ്ങളാണോ ആ സമരത്തിനെതിരെ അവതരിപ്പിച്ചുകൊണ്ടിരുന്നത് അതേ ജീർണിച്ച ആശയങ്ങളുടെ ആവർത്തനമാണ് 2021ൽ നാം അഭിമുഖീകരിക്കുന്നത്. ഒരർഥത്തിൽ ഒരു പുതുമയുമില്ലാത്ത യാഥാസ്ഥിതികരുടെ പൊയ്്വെടിയാണ് ഇപ്പോൾ ബഹളം വെച്ച് നമുക്ക് ചുറ്റും പൊടി പടർത്തുന്നത്.
1921ൽ ഉയർന്നുവന്ന സമരത്തിൽ ബ്രിട്ടീഷുകാർ പരിഭ്രാന്തരാകുകയുണ്ടായി. പരിഭ്രാന്തനായ ബ്രിട്ടീഷ് അധികാരി ഹിച്ച്‌കോക്ക് അവതരിപ്പിച്ച റിപ്പോർട്ടാണ്, ഈ സമരത്തെക്കുറിച്ച് ഹിച്ച്‌കോക്ക് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകളാണ്, ബ്രിട്ടീഷ് അധികാരത്തെയും സാമ്രാജ്യത്വത്തെയും ഇന്ത്യയിൽ നിന്ന് കെട്ടുകെട്ടിച്ച, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിക്കുന്ന സമയത്തും സംഘ്പരിവാർ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ബ്രിട്ടീഷുകാർ ഈ സമരത്തെ എതിർത്തത് എന്തുകൊണ്ട് എന്ന് പകൽ പോലെ വ്യക്തമാണ്. സാമ്രാജ്യത്വവിരുദ്ധ സമരത്തെ സാമ്രാജ്യത്വത്തിന് സ്വാഗതം ചെയ്യാൻ പറ്റില്ല. അതുകൊണ്ട് അവർ ആ സമരത്തെ എതിർത്തത് മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല. കാരണം, ഇത്തരം ആശയങ്ങൾ ഇപ്പോൾ അവതരിപ്പിക്കുന്നത് രാജ്യസ്നേഹികളായ ഇന്ത്യക്കാരല്ല, ഇന്ത്യക്കാരെങ്കിലും രാജ്യദ്രോഹികളായ നവ ഫാസിസ്റ്റുകളാണ്. അവരെന്നും സാമ്രാജ്യത്വത്തിനൊപ്പം നിന്നവരാണ്; ഇന്നുള്ള പോലെ മുമ്പും.
ജന്മിത്തത്തിനെതിരായിരുന്നു മലബാർ സമരം എന്നതുകൊണ്ട് തന്നെ ജന്മിമാരും അവർക്ക് കുഴലൂതുന്ന മാധ്യമങ്ങളും ആ സമരത്തെ അപകീർത്തിപ്പെടുത്താൻ പരമാവധി ശ്രമിച്ചു എന്നതൊരു പരമാർഥമാണ്. അതിലൊരു അത്ഭുതവുമില്ല. കാരണം ജന്മിത്തത്തിനെതിരെയുള്ള സമരത്തെ ജന്മിത്തം സ്വാഗതം ചെയ്യുമെന്ന് കരുതാൻ ന്യായമില്ല. എന്നാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജന്മിത്തത്തിനെതിരെയുള്ള ആ സമരത്തോട് ജന്മിഭക്തന്മാർ കാണിച്ച സമീപനം ഇന്ന് ആവർത്തിക്കുന്നതിന്റെ യുക്തി എന്താണ്. അതിന്റെ ഏക യുക്തി അവർ ഭൂപ്രഭുത്വവുമായി സന്ധി ചെയ്ത ചൂഷക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ജന്മിമാർക്കൊപ്പം ചേർന്നവരാണ് എന്നുള്ളത് മാത്രമാണ്.
സവർണ മേൽക്കോയ്മക്കെതിരെയുള്ള സമരം കൂടിയായിരുന്നു മലബാർ സമരം. ഫസൽ പൂക്കോയ തങ്ങൾ കൃത്യമായി പറഞ്ഞതു പോലെ ഉച്ഛിഷ്ടം ഭക്ഷിക്കരുത്, നിവർന്ന് നിൽക്കണം, ആരുടെ മുന്നിലും തല കുനിക്കരുത്, റാൻ, അടിയൻ എന്നീ വാക്കുകൾ ഉച്ചരിക്കരുത് ഉൾപ്പെടെ ആത്മബോധം വളർത്തുന്ന ആശയങ്ങളാണ് സവർണ മേൽക്കോയ്മക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ഉയർന്ന് വന്നത്. എന്നാൽ ഇന്നലെ വരെ സവർണ തമ്പുരാക്കന്മാർക്കു മുന്നിൽ തലകുനിച്ചു നടന്നിരുന്നൊരു ജനത ശിരസ്സുയർത്തി മുഷ്ടി ചുരുട്ടി ആത്മബോധത്തോടെ നിവർന്നുനിന്നത് എന്തിനാണ് ഇന്നത്തെ അവരുടെ പിന്മുറക്കാരെ പ്രകോപിപ്പിക്കുന്നത് എന്നുള്ളത് മനസ്സിലാക്കാൻ പ്രയാസമില്ല.
എന്നാൽ, ആധുനിക കാലത്ത് സവർണതയുൾക്കൊണ്ടുള്ള ഈ ജീർണിച്ച കാഴ്ചപ്പാടുകൾക്ക് ജയ ജയ പാടുന്നത് എന്തിനാണ്, ആരാണ്. അതുകൊണ്ട് പലരും തെറ്റിദ്ധരിച്ചത് പോലെ 2021ൽ പെട്ടെന്ന് മലബാറിലെ മഹത്തായ വിപ്ലവ സമരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയല്ല ഉണ്ടായത്, മറിച്ച് ആ സമരം തുടങ്ങിയ നാൾ മുതൽ സാമ്രാജ്യത്വവും ജന്മിത്തവും സവർണ മേധാവിത്തവും നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങൾ ഇപ്പോൾ പൊടി തട്ടി ആവർത്തിക്കുകയാണ് ഇന്ത്യൻ ഫാസിസ്റ്റുകൾ ചെയ്യുന്നത്.
1921ലെ സമരത്തിന്റെ കൂടി തുടർച്ചയിലാണ് 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായത്. എന്നാൽ, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഒളിഞ്ഞും തെളിഞ്ഞും സമരധീരരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. പക്ഷേ, ഈ സമരത്തിന്റെ ഉജ്ജ്വലമായ ഉള്ളടക്കം ഉൾക്കൊണ്ട് ഒടുവിൽ ഇന്ത്യൻ സർക്കാറിന് തന്നെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കേണ്ടി വന്നു. അത് ഭൂതകാലത്തിലെ സ്വാതന്ത്ര്യ യോദ്ധാക്കൾക്ക് രാഷ്ട്രം വൈകി നൽകിയ ഒരംഗീകാരമായിരുന്നു.
സത്യത്തിൽ വൈകിയതിന്റെ ഉത്തരവാദിത്വം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന സാമ്രാജ്യത്വ അവശിഷ്ടങ്ങളിലാണ് അന്വേഷിക്കേണ്ടത്. എന്നിട്ടും അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് അവരെ അംഗീകരിക്കാൻ രാഷ്ട്രം ഒരുങ്ങി എന്നത് രാഷ്ട്രത്തിന് അഭിമാനമായിത്തീരുകയാണുണ്ടായത്. എന്നാൽ തൊള്ളായിരത്തിതൊണ്ണൂറുകൾക്ക് ശേഷം ഇന്ത്യൻ സമൂഹത്തിൽ വലിയ അട്ടിമറികൾ സംഭവിച്ചു. ആഗോളവത്കരണ , ജനവിരുദ്ധ സാന്പത്തിക നയങ്ങൾ, അതിന്റെ തുടർച്ചയായി 1992ൽ ബാബരി മസ്ജിദ് പൊളിക്കപ്പെടുന്നത്, തുടർന്ന് 1999ൽ ഗ്രഹാംസ്റ്റൈൻസിന്റെ വധം, 2002ൽ ഗുജറാത്തിലെ മുസ്‌ലിം വംശഹത്യ, 2008ൽ കാന്ദമാലിലെ ക്രിസ്ത്യൻ വംശഹത്യ, 2013ൽ മുസഫർ നഗർ കലാപം… ഇതിന്റെയൊക്കെ തുടർച്ചയിലാണ് 2014ൽ 16ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി അധികാരത്തിലെത്തുന്നത്. പക്ഷേ, അപ്പോഴും നരേന്ദ്ര മോദിക്ക് രക്തസാക്ഷി പട്ടികയിൽ നിന്ന് 1921നെ കുത്തിമാറ്റാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല 2019ൽ നരേന്ദ്രമോദി തന്നെ പ്രകാശിപ്പിച്ച സ്വാതന്ത്ര്യസമരത്തിലെ 1857 മുതൽ 1947 വരെയുള്ള കാലഘട്ടത്തിലെ രക്തസാക്ഷിളെ കുറിച്ചുള്ള പട്ടികയിൽ 1921ലെ രക്തസാക്ഷികളുമുണ്ടായിരുന്നു. എന്നാൽ 2019ന് ശേഷം നാം കാണുന്നത് ഇതിനെയാകെ അട്ടിമറിക്കുന്ന ഒരു പുതിയ ഫാസിസ്റ്റ് നീക്കമാണ്. അതായത് ഒളിഞ്ഞും തെളിഞ്ഞും ഈ സമരത്തെ അപകീർത്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യൻ ജനത തോൽപ്പിച്ചു. എന്നാൽ 2019ന് ശേഷമുള്ള 17-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ഇന്ത്യൻ ഫാസിസത്തിന് ലഭിച്ച നേതൃത്വം ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. എന്നാൽ 2019ലെ ആ മൃഗീയ ഭൂരിപക്ഷമുള്ള സംഘ്പരിവാർ തിരഞ്ഞെടുപ്പ് വിജയം ഇന്ത്യൻ മതനിരപേക്ഷതയെ ആകെ തകർക്കുക തന്നെ ചെയ്തു. ഇനി മതനിരപേക്ഷതയെപ്പറ്റി പറയാൻ ആരുണ്ടെന്ന വെല്ലുവിളികൾ, ഉത്തരവാദപ്പെട്ട ഫാസിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നുതന്നെ ഉയർന്നു. ഇതേ സന്ദർഭത്തിലാണ് ഇത് സംഘ്പരിവാർ ആശയങ്ങളുടെ വിജയകാലമെന്ന് ആർ എസ് എസ ് നേതാവ് മോഹൻ ഭാഗവത് തീർത്തുപറഞ്ഞത്. അതിന്റെ തുടർച്ചയിലാണ് ഇപ്പോൾ സംഭവിച്ച, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത രക്തസാക്ഷികളുടെ സ്മരണയെ അപകീർത്തിപ്പെടുത്തുന്ന ശ്രമം നടന്നിട്ടുള്ളത് എന്ന് നമ്മൾ തിരിച്ചറിയണം.
പട്ടികയിലുള്ള രക്തസാക്ഷികളുടെ പേര് വെട്ടിമാറ്റുമ്പോൾ സത്യത്തിൽ ഇന്ത്യയെ ഇന്ത്യയാക്കിയ ഒരു വലിയ വ്യവസ്ഥക്ക് നേരെയാണ് അവർ ആയുധം എറിഞ്ഞത്. അതിനെതിരെയുള്ള ജനകീയ പ്രതിരോധമാണ് ഉയർന്നുവരേണ്ടത്. ഫാസിസ്റ്റുകൾ ജയിച്ചാൽ മരിച്ചവർക്കു പോലും രക്ഷയുണ്ടാകില്ല എന്ന് വാൾട്ടർ ബെഞ്ചമിൻ. അതാണ് സംഭവിച്ചിരിക്കുന്നത്. അതിനു മുമ്പിൽ സാമ്രാജ്യത്വ വിരുദ്ധ സമരത്തിലൂടെ ആർജിച്ചെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്ന ഏത് മതത്തിൽപ്പെട്ടവരായാലും ഏത് രാഷ്ട്രീയ കാഴ്ചപ്പാടുയർത്തുന്നവരായാലും മത രഹിതരായാലും ഒന്നിച്ചുനിന്ന് ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.
സ്വാതന്ത്ര്യത്തിന്റെ യുദ്ധഭൂമിക്ക് സ്വന്തം പ്രാണൻ പകുത്ത് കൊടുത്ത പ്രക്രിയക്കിടയിൽ രൂപം കൊണ്ട ഒരു ജനതയുടെ ചരിത്രം, ഫാസിസ്റ്റുകൾക്ക് സൗകര്യാർഥം വലിച്ചു നീട്ടാനും വെട്ടിച്ചുരുക്കാനുമുള്ളതല്ല. അത് ആത്മഹർഷത്താൽ ഏറ്റുപിടിക്കുന്ന ഒരു ജനതയുടെ വികാരവായ്പ്പാണ്, നാടിന്റെ ആത്മാവാണ്, നെഞ്ചിലെ തുടിപ്പാണ്.
സ്വന്തം ചോരയുടെ ചുവപ്പും വിയർപ്പിന്റെ ഉപ്പും പ്രാണന്റെ തുടിപ്പും അതിനൊപ്പം ജീവിതത്തിന്റെ സർവസ്വവും സ്വാതന്ത്ര്യത്തിനു വേണ്ടി സമർപ്പിച്ച ആലി മുസ്്ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അടക്കമുള്ള ധീരരക്തസാക്ഷികൾ, അധികാരികളുടെ ചരിത്ര പുസ്തകങ്ങളിൽ നിന്ന് എത്ര തവണ പുറന്തള്ളപ്പെട്ടാലും ചരിത്രമായ ചരിത്രമെല്ലാം സൃഷ്ടിക്കുന്ന പൊരുതുന്ന ജനമനസ്സിൽ അധികാരികളെ അസ്വസ്ഥരാക്കി അവരൊരു പച്ചപ്പായി എന്നുമെന്നും തഴച്ചുപടരുന്നുണ്ടാകും.
തയ്യാറാക്കിയത്: കെ ടി അബ്ദുൽ അനീസ്.