Connect with us

prathivaram story

മഴ നനയുന്നവർ

മാനം വീണ്ടും കറുകറുത്തിരുന്നു. ഇന്നലെ രാത്രിയിലും മഴ, മടിക്കാതെ നൂലിലിറങ്ങിക്കളിച്ച് നക്ഷത്രക്കോട്ടകളെ മറച്ചിരുന്നു.

Published

|

Last Updated

വരിക്കിത്തിരി നീളക്കൂടുതലുണ്ടായിരുന്നു.മാത്രമല്ല, അവൾ അമ്പതാൾക്കെങ്കിലും പുറകിലുമാണ്. “കുറച്ചു നാളുകളായി, ഇവിടെ എല്ലാറ്റിനും വരികളാണല്ലോ റബ്ബേ’ എന്നവൾ ഉള്ളിൽ പറഞ്ഞുകൊണ്ടേയിരുന്നു. അതെ, ഭക്ഷണത്തിനും മരുന്നിനും വെള്ളത്തിനുമെല്ലാം നീണ്ട വരികൾ…!

പക്ഷേ, ഈ വരി അതിനൊന്നുമായിരുന്നില്ല. അത് പ്രാഥമിക കൃത്യം നിർവഹിക്കാൻ കാത്തു നിൽക്കുന്നവരുടെ വരിയായിരുന്നു. അഞ്ഞൂറോളം ആളുകൾ തിങ്ങിനിറഞ്ഞയാ പ്ലാസ്റ്റിക് കൂടാരങ്ങളിൽ, ആകെയുള്ളത് ഒരേയൊരു കക്കൂസ്..! “എന്തേ രാത്രിയിൽ മക്കളുടെ കരച്ചിൽ കേട്ടിരുന്നല്ലോ..?’ സൈറ വയറിന്റെ അസ്വസ്ഥതയെ വഴിതിരിച്ചുവിടാൻ ശ്രമിച്ചുകൊണ്ട് തന്റെ മുന്നിലെ ഷെസ ഖാലിദിനോട് ചോദിച്ചു.
“അതോ…? അത് പുതപ്പിനായിരുന്നു…’
വയറ്റിലെ കൊട്ടുപാട്ടുകൾക്കിടയിൽ, അന്തരംഗം അറിയിക്കാതെയവളും പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചു.
“ഓ…’

സൈറ വേറെയൊന്നും ചോദിച്ചറിഞ്ഞില്ല. അറിയാനെന്തിരിക്കുന്നു, മഴവെള്ളവും വിസർജ്യവും ചെളിയുമൊക്കെ കൂടി കുഴഞ്ഞുമറിഞ്ഞു കയറിക്കിടക്കുന്ന കൂടാരക്കെട്ടിനകത്ത് പുതയ്ക്കാനൊരു കമ്പിളിക്കഷ്ണം പോലുമില്ലാതെ ചാണകപ്പുഴുക്കളെ പോലെ ചുരുണ്ടുകിടക്കുന്ന മനുഷ്യരിൽ ഒരാളല്ലേ താനും..!
തന്റെ ഊഴം വരെ ഈ ഉന്തിയ വയറുംവെച്ച് പിടിച്ചു നിൽക്കാനാകില്ല. തട്ടല്ലല്ലോ, മുട്ട്…! അവൾ ആകാശത്തേക്ക് നോക്കി.

മാനം വീണ്ടും കറുകറുത്തിരുന്നു. ഇന്നലെ രാത്രിയിലും മഴ, മടിക്കാതെ നൂലിലിറങ്ങിക്കളിച്ച് നക്ഷത്രക്കോട്ടകളെ മറച്ചിരുന്നു.

കഴിഞ്ഞ വർഷക്കാലത്ത്, ഇടിമിന്നലിനെ പേടിയായിരുന്ന തന്നെ ഫവാസ് ചേർത്തുപിടിച്ച് കിടന്നിരുന്നത്, തമാശയ്ക്കായി കളിയാക്കിരുന്നത്… അവൾ നഷ്ടമായ തന്റെ സുരക്ഷിതത്വത്തിന്റെയാ കരവലയങ്ങളെ കുറിച്ചോർത്തു.
“ഇടിമിന്നലിനെ പേടിച്ച് പത്തായത്തിലൊളിച്ചിട്ടും കാര്യമില്ല സൈറ..’
“മഴ എത്രവേണേലും പെയ്തോട്ടെ, എനിക്കിഷ്ടാ.. കാരണം, മഴയോളം സുന്ദരിയായിട്ടാരുണ്ട് ഭൂമിയിൽ…?’
“നീയുണ്ട്…’
“കളിയാക്കല്ലേ… ആ മഴയൊന്ന് പെയ്തോട്ടെ…’
“ഹ…ഹ…’

ചിരികൾക്ക് നീളക്കുറവുണ്ടായി. ചില ചിരികൾക്ക് നീളക്കുറവുണ്ടാകും. ഈ മാരിക്കാലത്തിനു മുമ്പ്, തമാശയെല്ലാം മതിയാക്കി ഫവാസ് പാഞ്ഞടുത്ത മിസൈലിന്റെ ശക്തിയെ തടുക്കാനാവാതെ, തകർന്ന കെട്ടിടത്തിനടിയിലേക്ക് പൂഴ്ന്നു മടങ്ങിയിരിക്കുന്നു. മരണം മാടിവിളിക്കുന്ന രീതികൾ ആർക്കാണ് മനസ്സിലാക്കാനായിട്ടുള്ളത്..?!

അപ്രതീക്ഷിതമായി ഫവാസിന് വടക്കൻ ഗസ്സയിലേക്ക് പോകേണ്ടി വന്നു. അവരുടെ പിതാവിന്റെ സഹോദരിയുടെ മുഴുവൻ കുടുംബവും ബോംബിംഗിൽ കൊല്ലപ്പെട്ടു. അവശേഷിച്ച ഏക കുട്ടിയെ രക്ഷിച്ചു കൊണ്ടുവരാൻ പുറപ്പെട്ടതായിരുന്നു. ഫവാസില്ലാതെ പത്തുനാൾ പോലും തനിക്ക് പിടിച്ചു നിൽക്കാനാവുന്നില്ലല്ലോ എന്നവൾ പരിതപിച്ചു. വിധവയാവുകയെന്നാൽ പകുതിയായെന്നല്ലേ..?! പത്തംഗ കുടുംബത്തിൽ താൻ മാത്രം ബാക്കിയായ ചിന്ത കാട്ടുവള്ളിപോലെ പടർന്നുകയറി. അഴലും ആകുലതയും പെരുമഴയായി പെയ്തിറങ്ങി. സങ്കടക്കാഴ്ചകൾ, ചുരുണ്ടണഞ്ഞ മണൽക്കാറ്റിനേയും വകഞ്ഞുമാറ്റി പായുന്നതവളറിഞ്ഞു.

ഒലീവുമരത്തോട്ടത്തിലേക്ക് ഞാനൊറ്റയ്ക്ക് വണ്ടിയോടിച്ച് പറന്നുചെന്നത്, ഫവാസ് പിതാവാകാൻ പോകുന്നുവെന്നറിയിക്കാനായിരുന്നു. സന്തോഷം ആ ഒലീവുമരങ്ങളെല്ലാമറിയും വിധം ഉച്ചത്തിലാണ് ഞാൻ വിളിച്ചു പറഞ്ഞത്. ഫവാസിന് കുറച്ചുനേരത്തേക്ക് സംസാരിക്കാൻ പോലുമായില്ല. പിന്നെ ഉപദേശമായിരുന്നു; ശ്രദ്ധ, വിശ്രമം, ആഹാരം, ഇഷ്ടം… അങ്ങനെ പലതും.
ഇന്നലെ വണ്ടി വന്നപ്പോൾ വരി നിൽക്കാൻ വയ്യാത്തതിനാൽ പോയില്ല. പോയവരിൽ അവസാനക്കാർക്ക് പലർക്കും അന്നം കിട്ടിയതുമില്ലെന്നറിഞ്ഞത്, നിരാശയ്ക്കൊപ്പം വിശപ്പും കൂടി കുഴമറിഞ്ഞ് ഉറക്കെ കരഞ്ഞുകൊണ്ടുവരുന്ന ഉമ്മയേയും മകളേയും കണ്ടപ്പോഴാണ്. ഉള്ളതിൽ നിന്നും പാതിയവർക്ക് പകുത്തുകൊടുത്തതിന്റെ നേരിയ പ്രതിഷേധം വയറ്റിൽ നിന്നും ഇപ്പോൾ വരുന്നുണ്ട്.

അവൻ പ്രതിഷേധിക്കാതെ തരമില്ല, യുദ്ധം ആരെയാണ് സമാധാനിപ്പിച്ചിട്ടുള്ളത്…?
സൈറക്ക് കൂടുതൽ ആലോചിച്ചു നിൽക്കാനാവുമായിരുന്നില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ, ഏതൊരാളുടേയും തീരുമാനം വേഗത്തിലാവും. അവൾ വരിയിൽനിന്നും പുറത്തേക്കിറങ്ങി. നിറവയറും താങ്ങി വേഗത്തിൽ അമ്പതടി മുമ്പിൽ കണ്ട വഴിയിലേക്ക് നടന്നു.
അംബരപന്തലിനു കീഴെയൊരു കൊള്ളിയാൻ വിളങ്ങി വെള്ളക്കീറലുണ്ടാക്കി. പിന്നാലെ കറുത്തമേഘവും കരഞ്ഞുതുടങ്ങി. അവ വീണ്ടും നൂൽക്കീയലായി തക്കം നോക്കി താഴേക്ക് വീണുപിടഞ്ഞു പതഞ്ഞൊഴുകിക്കൊണ്ടിരുന്നു.

ആർത്തലച്ച മഴയെ, ഗതികെട്ടൊരു മഴയെന്ന് ഒന്നടങ്കമുള്ളൊരു പ്രാക്കുകൂടി ഏറ്റുവാങ്ങിയാണത് നിലംപതിച്ചതെങ്കിലും കുടിവെള്ളം തീർന്നുപോയ വൃദ്ധമാത്രം അതിനെ ആവോളം സ്തുതിച്ചു. തീ കൂട്ടാനോ, കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനോ കഴിയാതെ, മക്കളുടെ വിശന്നലറുകൾ കേട്ട് മാതാപിതാക്കൾ ഭ്രാന്തരെപോലെ പായാൻ തുടങ്ങി. ബോംബിനേക്കാൾ അവർ ഭയന്നതും വെറുത്തതും ശപിച്ചതും ഈ മഴയെ തന്നെയാണ്. അല്ലെങ്കിലും, മനസ്സമാധാനമുള്ളവന് മാത്രമാണ് മഴ ഹരമാകുന്നത്.

ആശുപത്രിയിലെ വരികളും അവളെ വിഷമിപ്പിച്ചു. പൂർണ ഗർഭിണി പരിഗണനയൊന്നും കാണാനില്ല. ഉണ്ടാവില്ല. കാരണം, ഒരു ഡ്രോൺ ശബ്ദം മതി, പിന്നാലെ വരുന്ന മിസൈലാക്രമണത്തിൽ നിന്ന് രക്ഷനേടാനായി സർവതുമുപേക്ഷിച്ച്, കുഞ്ഞുങ്ങളേയുമെടുത്ത്, ഓടാൻ പറ്റുന്നവർ ഓടും; ദിക്കറിയാതെ. രോഗികളും കുട്ടികളും സ്ത്രീകളും എവിടേക്ക് ഓടാൻ..? എത്ര വേഗത്തിലോടാൻ..? ബോംബ് വീഴും. നിസ്സഹായരായവർ ചിതറിത്തെറിക്കും. രക്ഷാപ്രവർത്തനത്തിനാരും മുതിരില്ല. കാരണം, അവശേഷിക്കുന്നവരെത്തേടി വൈകാതെ അടുത്തതെത്തും. ഇങ്ങനെ മൂന്നും നാലും റൗണ്ടുകൾ കഴിയുമ്പോൾ പിന്നെയവിടെ ആര് അവശേഷിക്കാനാണ്…! ഗുരുതരാവസ്ഥയിലുള്ളവരുടെ ചികിത്സ കഴിഞ്ഞിട്ടൊരു പരിശോധനയും പെറലും സൈറ പ്രതീക്ഷിക്കാത്തതിനാലാണ് മടങ്ങിപ്പോന്നത്.

അന്ന് മൂവന്തിയിൽ സൈറ അത്യധികം ആഹ്ളാദവതിയായിരുന്നു. മഴ പെയ്തിരുന്നെങ്കിലെന്നവൾ ശരിക്കും കൊതിച്ചു. അങ്ങകലെ മൂലകുത്തി ചെരിഞ്ഞുവീണ കാർഡ്ബോർഡ് പെട്ടിപോലെ കിടക്കുന്ന, അങ്കത്തിന്റെ തീക്ഷ്ണത പ്രതിഫലിപ്പിച്ചയാ കെട്ടിടത്തിനടുത്തേക്കവൾ നടന്നു. ആരും അവളെ ശ്രദ്ധിച്ചില്ല. മരവിപ്പുകൾ ഇരച്ചേറിയ നാളുകളാൽ, ആർക്കും ആരേയും ശ്രദ്ധിക്കാൻ പറ്റാതായിരിക്കുന്നു..! പക്ഷേ, ഫവാസ് മാത്രം കെട്ടിടത്തിനടിയിൽ നിന്നും തന്നെ ഉറക്കെയുറക്കെ വിളിക്കുന്നതായവൾക്ക് തോന്നി. പറഞ്ഞുതീരാത്ത സ്വപ്നങ്ങൾ പങ്കിടാനാവാം ചിലപ്പോൾ..!
അവളുടെ ചുണ്ടിൽ നിലാച്ചന്തമുള്ളൊരു താരാട്ടു പാട്ടുണർന്നു.
നിറവയറിൽ സഞ്ചാരം.
നാഭി വികസിക്കുന്നു.
കരച്ചിൽ; രണ്ടുപേരുടേയും. അതിലൊന്ന് പതുക്കെ നിശ്ചലമാവുന്നു; പതിയെ ആ താരാട്ടും..
സൈറ കൊതിച്ച തെന്നൽമഴ ആരംഭിച്ചെങ്കിലും, അധികാരത്തിന്റെ അഹങ്കാരത്തിൽ, ആധിയിലേക്ക് അകപ്പെടാനായി അനേകർക്കിടയിലേക്ക് ഒരു അനാഥനെക്കൂടി നൽകിയവൾ അകന്നുപോയിരുന്നു.

സത്യത്തിൽ, മരിച്ചു വീണവരാണല്ലോ ശരിക്കും ഇവിടുന്ന് രക്ഷപ്പെട്ടവർ. യുദ്ധത്തിന്റെ ശബ്ദകോലാഹലങ്ങൾക്കിടയിൽ, പെറ്റിട്ട ആ പൈതലിന്റെ തേങ്ങലൊന്നും ആരും കേട്ടുകാണാൻ വഴിയില്ല. ഉണ്ടോ…? മഴത്തുള്ളിപോൽ അങ്ങനെയെത്രയെത്ര പേർ..!