Connect with us

National

ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയവരെ വേണ്ടിവന്നാൽ തൂക്കിലേറ്റും: മമത ബാനർജി

യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Published

|

Last Updated

കൊല്‍ക്കത്ത | കൊല്‍ക്കത്തയിലെ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രതികളായവരെ ആവശ്യമെങ്കില്‍ തൂക്കിലേറ്റുമെന്നും മമത പറഞ്ഞു.

ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്.കേസ് അതിവേഗ കോടതി പരിഗണിക്കണമെന്നാണ് ആവശ്യപ്പടുന്നത്. ഇരയുടെ കുടുംബവുമായി സംസാരിച്ചിട്ടുണ്ട്.ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മമത പറഞ്ഞു.

ഇന്നലെയാണ് രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു.ഇയാളെ ചോദ്യംചെയ്ത് വരികയാണ്. ശരീരത്തിലുടനീളം മുറിവുകളോടെ അര്‍ധനഗ്നമായ അവസ്ഥയിലാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെടുത്തത്. കണ്ണിലും മുഖത്തും വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും സാരമായ പരിക്കുകളുണ്ട്. കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞ നിലയിലുമായിരുന്നു.

യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് കൊല്‍ക്കത്തയില്‍ ഉണ്ടായത്.

---- facebook comment plugin here -----

Latest