Kerala
പൗരത്വത്തില്‍ മതം കലര്‍ത്തുന്നവരുടെ ലക്ഷ്യം മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കല്‍: മുഖ്യമന്ത്രി
പൗരാവകാശങ്ങളുണര്‍ത്തി കേരള യുവജന സമ്മേളനം

തൃശൂര്‍ | പൗരത്വത്തില്‍ മതം കലര്‍ത്തുന്നവരുടെ ലക്ഷ്യം മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കലാണെന്നും ഭരണഘടന തകര്‍ക്കാന്‍ ഏത് കൊലകൊമ്പന്‍ വന്നാലും ജനങ്ങള്‍ തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എസ് വൈ എസ് സംഘടിപ്പിച്ച കേരള യുവജന സമ്മേളനത്തില്‍ പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്താകെ നടക്കുന്നത്. വര്‍ഗീയത എത്ര ചെറിയ അളവിലായാലും എതിര്‍ക്കപ്പെടണം. വര്‍ഗീയതയും വിശ്വാസവും രണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരാവകാശങ്ങളുടെ അടിസ്ഥാനം പൗരത്വമാണ്. അത് മതനിരപേക്ഷതയില്‍ ഊന്നിയാണ് നിലനില്‍ക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി എല്ലാവരും ഒരുമിച്ച് നിന്നാണ് മതനിരപേക്ഷ ഇന്ത്യ യാഥാര്‍ഥ്യമാക്കിയത്. പൗരാവകാശം ഹനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യസഭയിലെ ഭരണഘടനാ ചര്‍ച്ചക്കിടെ ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കറെ അവഹേളിച്ചതിനെയും മുഖ്യമന്ത്രി ശക്തമായി അപലപിച്ചു. സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാക്കിയാലേ സമത്വത്തില്‍ അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കാന്‍ സാധിക്കൂ. സാമൂഹിക സാമ്പത്തിക അസമത്വം തുടരണമെന്നും രാഷ്ട്രീയ കാര്യങ്ങളില്‍ ഇപ്പോഴുള്ള സമത്വം ഇല്ലാതാക്കണമെന്നും കരുതുന്നവര്‍ക്ക് മാത്രമേ ഭരണഘടനാ ശില്‍പ്പിയെ അപമാനിക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. അഡ്വ. ഹാരിസ് ബീരാന്‍ എം പി, കെ കെ രാമചന്ദ്രന്‍ എം എല്‍ എ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി പ്രസംഗിച്ചു.
സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുര്‍റഹ്മാന്‍ ഫൈസി വണ്ടൂര്‍, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി സംബന്ധിച്ചു.