Ongoing News
അബൂദബിയിൽ വാക്സിൻ സ്വീകരിച്ചവർക്ക് ഇനി ക്വാറന്റെെൻ വേണ്ട
എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ബാധകമാകുന്ന പുതിയ ഇളവ് സെപ്റ്റംബർ 5 മുതലാണ് നടപ്പിലാക്കുന്നത്.
അബൂദബി |വിദേശത്ത് നിന്നും കോവിഡ് 19 വാക്സിൻ സ്വീകരിച്ചു അബുദാബിയിലെത്തുന്ന മുഴുവൻ യാത്രക്കാർക്കും ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. പുതിയ യാത്ര നിബന്ധന സെപ്റ്റംബർ 5 ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും. എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെ ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കുന്ന യാത്രികർക്ക് മാത്രമാണ് എമിറേറ്റിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കി നൽകിയിരുന്നത്. പുതിയ തീരുമാനത്തോടെ, സെപ്റ്റംബർ 5 മുതൽ എല്ലാ രാജ്യങ്ങളിൽ നിന്നും അബുദാബിയിലേക്കെത്തുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്കും ക്വാറന്റീൻ ഇളവ് ലഭിക്കും.
അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും (വാക്സിനെടുത്തവരും, അല്ലാത്തവരും ഉൾപ്പടെ) യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ പി സി ആർ നെഗറ്റീവ് ഫലം ഹാജരാക്കണം. അബുദാബിയിലെ വിമാനത്താവളത്തിൽ എല്ലാ യാത്രികർക്കും ഒരു പി സി ആർ പരിശോധന നടത്തും. ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളത്തിൽ നിന്നും നടത്തുന്ന പരിശോധനക്ക് പുറമെ ആറാം ദിനം മറ്റൊരു പി സി ആർ പരിശോധന കൂടി നടത്തേണ്ടതാണ്.
ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികർ അബുദാബിയിലെത്തിയ ഉടൻ നടത്തുന്ന പരിശോധനക്ക് പുറമെ നാല്, എട്ട് ദിനങ്ങളിൽ പി സി ആർ പരിശോധന നടത്തേണ്ടതാണ്. വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാതെ, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു പി സി ആർ പരിശോധന നിർബന്ധമാണ്. കൂടാതെ ആറാം ദിനത്തിലും, ഒമ്പതാം ദിനത്തിലും വീണ്ടും പി സി ആർ പരിശോധന നടത്തേണ്ടതാണ്. വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർ ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ പത്ത് ദിവസം ക്വാറന്റീനിൽ തുടരണം.