Connect with us

Kerala

അധികാരത്തില്‍ ഇരിക്കുന്നവര്‍ സിംഹാസനത്തിന്റെ രുചി അറിഞ്ഞവർ; രാഷ്ട്രീയ വിമർശം നടത്തി എം മുകുന്ദനും

നിലവില്‍ നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്താണെന്നും മുകുന്ദൻ

Published

|

Last Updated

കോഴിക്കോട് | അധികാര കേന്ദ്രങ്ങൾക്ക് എതിരെ വിമർശനമുന്നയിച്ച് എഴുത്തുകാരൻ എം മുകുന്ദനും. അധികാരത്തില്‍ ഇരിക്കുന്നവര്‍ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണെന്നും നിലവില്‍ നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്താണെന്നും മുകുന്ദൻ തുറന്നടിച്ചു. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് മുകുന്ദന്റെ വിമർശനം. നേരത്തെ ഫെസ്റ്റിവൽ ഉദ്ഘാടന വേദിയിൽ അധികാര കേന്ദ്രങ്ങളെ വിമർശിച്ച് പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ സംസാരിച്ചതിൽ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് സമാനമായ ശൈലിയിൽ മുകുന്ദനും രാഷ്ട്രീയ വിമർശം നടത്തിയത്.

കിരീടങ്ങള്‍ വാഴുന്ന കാലമാണ് ഇപ്പോഴുള്ളത്. ചോരയുടെ പ്രാധാന്യം കുറഞ്ഞുവരികയും കിരീടത്തിന്റെ പ്രാധാന്യം കൂടിവരികയുമാണ് ചെയ്യുന്നത്. അധികാരത്തില്‍ ഇരിക്കുന്നവര്‍ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്. അവര്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ല. സിഹാസനത്തില്‍ ഇരിക്കുന്നവരോട് സിംഹാസനം ഒഴിയൂ എന്നാണ് പറയാനുള്ളതെന്നും എം മുകുന്ദന്‍ പറഞ്ഞു.

വ്യക്തിപൂജയും വ്യക്തി ആരാധനയും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിമര്‍ശനം എല്ലാ ഭരണാധികാരികള്‍ക്കും ബാധകമാണെന്നും വേദിവിട്ട ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുകുന്ദന്‍ മറുപടി നൽകി. ഇടത് സര്‍ക്കാര്‍ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ ചില കാര്യങ്ങളില്‍ ഇടര്‍ച്ച ഉണ്ടാകുന്നുണ്ട്. ആ ഇടർച്ച ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎൽഎഫ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയെ സാക്ഷിയാക്കി എം ടി ഉന്നയിച്ച വിമർശനങ്ങൾ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അധികാരമെന്നാല്‍ ജനസേവനത്തിനു കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിച്ചുമൂടിയെന്നും അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവെച്ചാല്‍ ആധിപത്യത്തിനുള്ള തുറന്ന അവസരമാണെന്നുമായിരുന്നു എം ടിയുടെ വിമർശനം.

എം ടി വിമർശിച്ചത് കേന്ദ്രത്തെയാണെന്ന് സിപിഎമ്മും അല്ല പിണറായി വിജയനെയാണെന്ന് പ്രതിപക്ഷവും വാഗ് യുദ്ധം നടത്തുന്നതിനിടെയാണ് മുകുന്ദനും വിമർശനമുന്നയിക്കുന്നത്.