Connect with us

Articles

മതഭ്രാന്തിന്റെ വിത്തിറക്കുന്നവര്‍

ലവ് ജിഹാദ് വിഷയത്തിലുള്ള വ്യാജപ്രചാരണത്തിന് കേസെടുക്കണം. അതില്ലാത്തത് കൊണ്ടാണ് ഈ സാമൂഹിക പിരിമുറുക്കം രൂപപ്പെടുന്നത്. കാലക്രമേണ വലിയൊരു വിപത്തിലേക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നത്. നിരന്തരം കളവ് പ്രചരിപ്പിക്കുന്നവര്‍ക്ക് ഹീറോ പരിവേഷം കിട്ടുന്നുണ്ട്. അവര്‍ക്ക് ഫാന്‍സ് കൂടി വരുന്നുണ്ട്. ഇത് വര്‍ഗീയതയുടെ വ്യാപനത്തിനേ സഹായിക്കൂ.

Published

|

Last Updated

2022 ഏപ്രില്‍ 29ന് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ വെച്ച് മുസ്ലിം സമുദായത്തിന് നേരെ നടത്തിയ മത വിദ്വേഷ പ്രസംഗമാണ് പി സി ജോര്‍ജ് എന്ന, ഒരുകാലത്ത് മതേതര ചേരിയില്‍ നിലയുറപ്പിച്ചിരുന്ന, അവസരവാദി രാഷ്ട്രീയക്കാരനെതിരെ മതസ്പര്‍ധക്ക് കേസെടുക്കാന്‍ കാരണമായത്. അന്ന് ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് കര്‍ശന നിബന്ധനകളോടെ ജാമ്യത്തില്‍ വിട്ടത്. എന്നാല്‍ തൊട്ടുടനെ പാലാരിവട്ടം വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ചടങ്ങിലും 2023 നവംബറില്‍ തിരുവല്ലയില്‍ ഹമാസ് വിരുദ്ധ കൂട്ടായ്മയിലും 2024ല്‍ പാലക്കാട് ഉപതിരെഞ്ഞെടുപ്പ് സമയത്തും വിവിധ ചാനല്‍ ചര്‍ച്ചകളിലും ഇപ്പോള്‍ വീണ്ടും കെ സി ബി സിയുടെ ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തും തനി വര്‍ഗീയത സംസാരിച്ചിരിക്കുകയാണ് പി സി ജോര്‍ജ്. 2025 ജനുവരി ആറിന് ജനം ടി വി ചര്‍ച്ചക്കിടെ ‘ഇന്ത്യന്‍ മുസ്ലിംകള്‍ ഒന്നടങ്കം വര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അവര്‍ കൊലപ്പെടുത്തിയിട്ടുണ്ട്. തുണി പൊക്കിനോക്കി മുസ്ലിമല്ലെന്ന് കണ്ടാല്‍ കൊല്ലുന്നതാണ് അവരുടെ രീതി. എല്ലാ മുസ്ലിംകളും പാകിസ്താനിലേക്ക് പോകണം..’ എന്നൊക്കെ വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്ത് ജാമ്യത്തില്‍ വിട്ടതേയുള്ളൂ, അപ്പോഴാണ് വീണ്ടുമൊരു വിവാദ പ്രസംഗം.

ഇത്തവണ ലവ് ജിഹാദാണ് പി സിയുടെ വിഷയം. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി കേരളം കേട്ടുകൊണ്ടിരിക്കുന്ന കള്ളമാണിതെങ്കിലും ജനമിത് വിശ്വസിക്കുകയാണ്. കാരണം, ഇന്നിത് പറഞ്ഞത് പി സി ജോര്‍ജ് ആണെങ്കില്‍ മുന്നേ ഇത് പറഞ്ഞവരില്‍ ബഹുമാന്യ സഭകളും കര്‍ദിനാള്‍മാരും കാസയും മറ്റും ഉള്‍പ്പെടും. മാത്രമല്ല, കെ സി ബി സിയുടെ ഔദ്യോഗിക വക്താക്കള്‍ പി സി പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്ന് നിലപാടെടുക്കുമ്പോള്‍ കാര്യം കൂടുതല്‍ വഷളാകുകയാണ്. തിരഞ്ഞെടുപ്പ് സീസണാണ് മുന്നില്‍. പി സി ജോര്‍ജ് പറഞ്ഞത് കൃത്യമായ രാഷ്ട്രീയ അജന്‍ഡയോടെയാകാം. എന്നാലത് കേരളത്തിന്റെ സ്വാസ്ഥ്യം കെടുത്താന്‍ പോന്ന ആറ്റം ബോംബാണ്. അതുകൊണ്ട് മാത്രമാണ് ചിലത് പറയേണ്ടി വരുന്നതും.

ഒരു സമുദായത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ചില ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് അനിവാര്യമായേക്കും. അവര്‍ക്കെതിരെ നിരന്തരം വെറുപ്പ് ഉത്പാദിപ്പിക്കുകയാണ് അതിനുള്ള എളുപ്പമാര്‍ഗം. അതിനായി സൈദ്ധാന്തികമായ ഒരു കള്ളം നിരന്തരം പറയുകയാണ് വേണ്ടത്. പതിയെ അക്കാര്യം സത്യമായി ഉപബോധമനസ്സുകളില്‍ ഇടം പിടിക്കും. അതാണ് ഹിറ്റ്ലറുടെ പ്രചാരണ മന്ത്രി ജോസഫ് ഗീബല്‍സ് സിദ്ധാന്തിച്ചത്. അതാണ് ഫാസിസത്തിന്റെ ഏറ്റവും വലിയ ആയുധവും. കേരളത്തില്‍ നല്ലൊരു ശതമാനം ഹിന്ദുക്കളും ക്രിസ്ത്യാനികളും വിശ്വസിക്കുന്നത് ലവ് ജിഹാദ് ഉണ്ട് എന്ന് തന്നെയാണ്. ഇന്ത്യയില്‍ ഫാസിസത്തിന്റെ ഇര മുസ്ലിംകളാണ്. ലവ് ജിഹാദ് ആരോപണം മുസ്ലിം വിദ്വേഷം ആളിക്കത്തിക്കുകയാണ് ചെയ്യുക. ലവ് ജിഹാദ് ഇന്ത്യയൊട്ടുക്കും നല്ലവണ്ണം ഉപയോഗിക്കപ്പെട്ട ആയുധമാണ്. അതിന്റെ നേട്ടം കൊയ്തത് ഉത്തരേന്ത്യയില്‍ ബി ജെ പിയാണ്.

നേര്‍ക്കുനേര്‍ കേരളത്തില്‍ മുസ്ലിം അപരവത്കരണം എളുപ്പമുള്ള കാര്യമല്ല. അങ്ങനെ ചെയ്യാന്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് ബുദ്ധിമുട്ടുള്ളത് കാരണം ചില, കങ്കാണിമാരെ കൂട്ടുപിടിക്കും. അവര്‍ വ്യത്യസ്ത തലങ്ങളിലും പ്രദേശങ്ങളിലും കാലങ്ങളിലും നിരന്തരം പണിയെടുത്തു കൊണ്ടായിരിക്കും ഫാസിസം ലക്ഷ്യപ്രാപ്തിയിലെത്തുക. പി സി ജോര്‍ജ് അത്തരമൊരു കങ്കാണിയാണ്. അദ്ദേഹത്തെ പിന്തുണക്കുന്നവരും അങ്ങനെ തന്നെ. അതില്‍ പ്രധാനമാണ് കാസ എന്ന സംഘടന.

കെ സി ബി സിയുടെ പ്രതിനിധി ഫാദര്‍ ജോഷി മയ്യാട്ടില്‍, ജെയിംസ് പനവേലില്‍, ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് മുതലായ പലരും കാസയുടെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയവരാണ്. എങ്കിലും ബി ജെ പിയുമായി ചങ്ങാത്തം ആകാമെന്ന് ചിന്തിക്കുന്ന പല സഭാനേതാക്കളും കാസയെയും നവയുഗ ക്രിസ്ത്യന്‍ വലതുപക്ഷ ഗ്രൂപ്പുകളെയും പിന്തുണക്കുന്നവരാണ്. ഇവര്‍ ഒളിഞ്ഞും തെളിഞ്ഞും കാസയുടെ പ്രചാരണങ്ങള്‍ക്ക് ശക്തിപകരുകയാണ്.

ലവ് ജിഹാദ് വിഷയത്തിലുള്ള വ്യാജപ്രചാരണത്തിന് കേസെടുക്കണം. അതില്ലാത്തത് കൊണ്ടാണ് ഈ സാമൂഹിക പിരിമുറുക്കം രൂപപ്പെടുന്നത്. കാലക്രമേണ വലിയൊരു വിപത്തിലേക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നത്. നിരന്തരം കളവ് പ്രചരിപ്പിക്കുന്നവര്‍ക്ക് ഹീറോ പരിവേഷം കിട്ടുന്നുണ്ട്. അവര്‍ക്ക് ഫാന്‍സ് കൂടി വരുന്നുണ്ട്. ഇത് വര്‍ഗീയതയുടെ വ്യാപനത്തിനേ സഹായിക്കൂ. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് ഈരാറ്റുപേട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഒരുനോക്ക് കാണാനും ഹാരാര്‍പ്പണം നടത്താനും വഴിയരികെ ആളുകള്‍ തടിച്ചുകൂടിയത് വിദ്വേഷത്തോട് ജനങ്ങള്‍ക്കുള്ള അനുഭാവത്തിന്റെ പ്രകടനം കൂടിയാണ്.

2022ലെ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ പി സി ജോര്‍ജ് മാത്രമല്ല, കാസയെ പ്രതിനിധാനം ചെയ്ത് കെവിന്‍ പീറ്ററും പങ്കെടുക്കുകയും മുസ്ലിം വിദ്വേഷം പ്രസംഗിക്കുകയും ചെയ്തു. ഇതാദ്യമാണ് ഒരു ക്രിസ്ത്യന്‍ സംഘടന, മുസ്ലിംകളെ ഉന്മൂലനം ചെയ്യണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്ന ഹിന്ദു ധര്‍മ പരിഷത്ത് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സഹകരിക്കുന്നത്. ഇന്നിപ്പോള്‍ ക്രൈസ്തവ വേദികള്‍ ഉപയോഗിച്ച് ക്രിസ്ത്യാനികള്‍ ഹിന്ദുക്കളുമായി (മാത്രം) സഹകരിക്കണമെന്ന് പറയുന്നിടത്ത് കാര്യങ്ങളെത്തി. പി സി ജോര്‍ജ് പറഞ്ഞതിനര്‍ഥം മുസ്ലിംകളെ മാറ്റി നിര്‍ത്തണമെന്നാണ്. അപകടകരമായ സന്ദേശമാണത്. ഗോള്‍വാള്‍ക്കറാണ് ഏറ്റവും ദീര്‍ഘകാലം ആര്‍ എസ് എസിന്റെ സര്‍സംഘ്ചാലക് ആയിരുന്നയാള്‍, 33 വര്‍ഷം. ഹിന്ദു രാഷ്ട്രത്തിന്റെ ഉപജ്ഞാതാവും ഇദ്ദേഹമാണ്. ‘ഹിന്ദുക്കളേ, ബ്രിട്ടീഷുകാരോട് പോരാടി നിങ്ങളുടെ ഊര്‍ജം പാഴാക്കരുത്. മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നീ നമ്മുടെ ആഭ്യന്തര ശത്രുക്കളോട് പോരാടാന്‍ നിങ്ങളുടെ ഊര്‍ജം ലാഭിക്കുക’ എന്ന് എഴുതിയത് ഗോള്‍വാള്‍ക്കറാണ്. നമ്മുടെ രാജ്യത്തിന്റെ ഡി എന്‍ എയില്‍ വെറുപ്പിന്റെയും മതഭ്രാന്തിന്റെയും വിത്തുകള്‍ വിതച്ച വാക്കുകളാണിവ. ആര്‍ എസ് എസിന്റെ ആശയപരിസരം ഗോള്‍വാള്‍ക്കറുടെ ‘ഹിന്ദുരാഷ്ട്രം’ ആശയമാണ്. മണിപ്പൂരില്‍, കര്‍ണാടകയില്‍, യു പിയില്‍, മധ്യപ്രദേശില്‍, കേരളത്തിലടക്കം ക്രിസ്തീയ ദേവാലയങ്ങള്‍ക്കും അടയാളങ്ങള്‍ക്കും നേരെ അക്രമണങ്ങളുണ്ടാകുന്നതും പച്ചക്ക് മനുഷ്യരെ ചുട്ടുകൊല്ലുന്നതും നഗ്‌നരാക്കി ബലാത്സംഗം ചെയ്യുന്നതും ഇതേ പ്രത്യയശാസ്ത്രം തന്നെയാണ്. രാഷ്ട്രീയ, മത പക്വത ഇല്ലാത്ത കാസ പോലെയുള്ള സംഘടനകളിലൂടെ കെട്ടിപ്പടുക്കാനുദ്ദേശിക്കുന്ന അധികാരപര്‍വം അധികകാലം നിലനില്‍ക്കില്ല. മുസ്ലിംകള്‍ക്ക് തൊട്ട് പിറകിലായി ക്രിസ്ത്യാനികളും അവരുടെ ടാര്‍ഗറ്റ് തന്നെയാണ്.

 

Latest