Connect with us

Kerala

തോട്ടട ഐ ടി ഐ: പ്രതിരോധത്തിന്റെ മാര്‍ഗം കുട്ടികള്‍ സ്വീകരിച്ചാല്‍ കെ പി സി സി സംരക്ഷണം ഒരുക്കുമെന്ന് കെ സുധാകരന്‍

സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന കമ്യൂണിസറ്റ് ഫാസിസത്തിന്റെ തുടര്‍ച്ചയാണീ അക്രമം

Published

|

Last Updated

കണ്ണൂര്‍ | തോട്ടട ഐ ടി ഐയില്‍ കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ് എഫ് ഐ ക്രിമിനല്‍ കുട്ടി സഖാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

ഗത്യന്തരമില്ലാതെ പ്രതിരോധത്തിന്റെ മാര്‍ഗം കുട്ടികള്‍ സ്വീകരിച്ചാല്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കി കെ പി സി സി രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന കമ്യൂണിസറ്റ് ഫാസിസത്തിന്റെ തുടര്‍ച്ചയാണീ അക്രമം. അക്രമം കോണ്‍ഗ്രസ് ശൈലിയല്ല.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് സമാനമായി എസ് എഫ് ഐയുടെ ഇടിമുറി സംസ്‌കാരം കഴിഞ്ഞ ദിവസവും അരങ്ങേറി. കെ എസ് യു പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ സ്ഥാപിച്ച കൊടിമരം എസ് എഫ് ഐക്കാര്‍ തകര്‍ത്തു. മൂന്നര പതിറ്റാണ്ടിന് ശേഷം എതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ കെ എസ് യു യൂണിറ്റ് സ്ഥാപിച്ചത്. അക്രമികള്‍ക്ക് സഹായം ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. പക്ഷപാതപരമായാണ് പോലീസ് പെരുമാറിയത്. ഐ ടി ഐയിലെ അധ്യാപകരും ഈ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വളര്‍ന്നു വരുന്ന തലമുറയില്‍ രാഷ്ട്രീയ നേതൃപാടവം വളര്‍ത്തുന്നതിന് പകരം അക്രമവാസന പ്രോത്സാഹിപ്പിക്കുകയാണ് സി പി എം നേതൃത്വം. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന്‍ സി എച്ചിനെ എസ് എഫ് ഐക്കാര്‍ ഐ ടി ഐ ക്യാമ്പസിനുള്ളില്‍ ക്രൂരമായി മര്‍ദ്ദിച്ചു. കെ എസ് യു സംസ്ഥാന സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, അര്‍ജുന്‍ കോറാം, രാഗേഷ് ബാലന്‍, ഹരികൃഷ്ണന്‍ പാളാട് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.

കൈയ്യൂക്കിന്റെ ബലത്തില്‍ കായികമായി നേരിട്ട് നിശബ്ദമാക്കാമെന്ന ധാര്‍ഷ്ട്യം സി പി എമ്മും എസ് എഫ് ഐയും ഉപേക്ഷിക്കുന്നതാണ് ഉചിതമെന്നും കെ സുധാകരന്‍ പറഞ്ഞു.

 

Latest