book review
വിചിന്തനങ്ങൾക്ക് പ്രചോദകർ
തിരുനബി(സ)യുടെ മാനവിക മൂല്യങ്ങളുടെ മഹത്തായ ആശയങ്ങൾ പുസ്തകത്തിലുടനീളം പരാമർശിക്കുന്നുണ്ട്. പ്രവാചകരുടെ കർമങ്ങളിലെ വൈവിധ്യ രീതികൾ തുറന്നു തന്ന ലാളിത്യത്തിന്റെ മാധുര്യം വായനക്കാരെ ആത്മീയമായി പ്രചോദിപ്പിക്കും.
നബി തിരുമേനിയുടെ ചരിത്രവികാസങ്ങൾ കാലാതീതമായി പ്രസക്തമാകുന്നതും സമീപനത്തിന്റെ നിഖില മേഖലയിലും വിചിന്തനങ്ങൾക്ക് പ്രചോദനമാകുന്നതുമായ രീതിയിൽ സൗന്ദര്യശാസ്ത്രപരമായി രൂപപ്പെടുത്തിയ ഹ്രസ്വമായ കൃതിയാണ് അനസ് അമാനിയുടെ “ലോകൈക ഗുരു’. കുറഞ്ഞ വാക്യങ്ങളിലൂടെ അനേകം കാര്യങ്ങൾ വായനക്കാരിലെത്തിക്കാനുള്ള എഴുത്തിന്റെ കെമിസ്ട്രി വിജയകരമായി പ്രയോഗിച്ചിരിക്കുന്നു രചയിതാവ്. രണ്ടോ മൂന്നോ മിനുട്ടിനുള്ളിൽ വായിച്ചു തീർക്കാൻ പറ്റിയ കുഞ്ഞു കുറിപ്പുകൾ. ഒന്ന് മറ്റൊന്നിന്റെ തുടർച്ചയായി അനുഭവപ്പെടും. നമ്മുടെ ജീവിതത്തെ മഹത്തരമാക്കാൻ സ്വീകരിക്കേണ്ട സമീപനങ്ങളും സവിശേഷതകളും അറിയാനും നബിജീവിതത്തെ ആഴത്തിൽ പഠിച്ച് അത് സ്വജീവിതത്തിലേക്ക് ചാലിച്ച് വെക്കാനുമുള്ള ആത്മപ്രചോദനമാണ് “ലോകൈക ഗുരു’ വെന്ന് അവതാരികയിൽ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി.
ആർദ്രതയുടെ ഓളപ്പരപ്പുകൾ നിറഞ്ഞതായിരുന്നല്ലോ പ്രവാചകൻ മുഹമ്മദ് നബി(സ) യുടെ ജീവിതം. കറവ നടത്തുമ്പോൾ മൃദുവായി പെരുമാറാനും കറക്കുന്നയാൾ ശുചിത്വം പാലിക്കാനും നഖം വെട്ടാനും ഉപദേശിച്ചു. കൂർത്ത നഖം അകിടിൽ തട്ടി മുറിവേറ്റാലോ, ആ സാധുവിന് വേദനിക്കൂലേ, അത് അള്ളാന്റെ ദൂതർക്ക് സഹിക്കുമോ…!? മെലിഞ്ഞൊട്ടിയ പാവം ഒട്ടകത്തിന്റെ പുറത്ത് ഭാരിച്ച കെട്ടും മാറാപ്പും വെച്ച് പോകുന്നത് കണ്ടപ്പോൾ അവിടുത്തെ കരുണയുടെ കടലല നാം കണ്ടില്ലേ… മടിയിലിരുത്തി കിന്നരിക്കുന്നതിനിടയിൽ കിന്നാരം പൂണ്ട് എത്ര കുരുന്നുകളാണ് മൂത്രമൊഴിച്ചു പോയത്!? ദർബാറിൽ രാജകീയമായിരുന്ന് ഉത്തരവിറക്കുന്നതിനല്ലല്ലോ അവിടുന്ന് മുതിർന്നിരുന്നത്. ഇവിടെയാണ് നാം ലോകൈക ഗുരുവിനെ കണ്ടെത്തുന്നത്.
ജുലൈബീബ് (റ) അതീവ ദാരിദ്രനാണ്. ഭക്തനായ അവരുടെ മുഖത്ത് ഒരു തടിപ്പ് ഉണ്ടായിരുന്നു. “ജുലൈബീബ്, നിനക്ക് വിവാഹം കഴിക്കണ്ടേ?!’ ചോദ്യം നബിയോരുടേതായിരുന്നു. “എന്നെ ആര് കല്യാണം കഴിക്കാനാണ് – അനുചരന്റെ ചോദ്യം.’ ” നിന്നെ ഞാൻ കല്യാണം കഴിപ്പിക്കും’- നബിയുടെ ആശ്വാസ വാക്കുകൾ. “അങ്ങനെയെങ്കിൽ നബിയേ, സമ്പാദ്യവും യോഗ്യതയും ഇല്ലാത്തവനായി അങ്ങ് എന്നെ മനസ്സിലാക്കേണ്ടി വരും’. “അല്ലെങ്കിലും, അല്ലാഹുവിന്റെ അടുക്കൽ നീ സമ്പാദ്യമില്ലാത്തവനോ യോഗ്യതയില്ലാത്തവനോ അല്ലല്ലോ’. എത്ര മഹത്തരമാണ് ഈ സ്നേഹസംഭാഷണം! ധനികനെയും ദരിദ്രനെയും കറുത്തവനെയും വെളുത്തവനെയും അവിടുന്ന് ഒരേ ചരടിൽ കോർത്തു.
വെറുപ്പിന്റെ സമവാക്യങ്ങൾക്ക് സ്നേഹത്തിന്റെ മറുവാക്ക് നൽകുകയായിരുന്നു അവിടുന്ന്. മുസ്‌ലിം സൈന്യത്തിനെതിരെ ബദറിലും ഉഹ്ദിലും പ്രവർത്തിച്ച സുഹൈൽബ്നു അംറ് ഇസ്്ലാം ആശ്ലേഷിച്ചപ്പോൾ അവിടുന്ന് അനുചരരോട് അരുളി; നിങ്ങളിൽ ആരെങ്കിലും സുഹൈലിനെ കാണുകയാണെങ്കിൽ അദ്ദേഹത്തെ നോക്കി ബുദ്ധിമുട്ടിക്കരുത്. ക്രൂരമായി വീക്ഷിക്കരുത്. നോക്കൂ, എത്ര വലിയ സഹിഷ്ണുതാ മനോഭാവം. മറ്റേതു നേതാവിൽ കാണുമിത്!
തിരുനബി(സ)യുടെ മാനവിക മൂല്യങ്ങളുടെ മഹത്തായ ആശയങ്ങൾ പുസ്തകത്തിലുടനീളം പരാമർശിക്കുന്നുണ്ട്. പ്രവാചകരുടെ കർമങ്ങളിലെ വൈവിധ്യ രീതികൾ തുറന്നു തന്ന ലാളിത്യത്തിന്റെ മാധുര്യം വായനക്കാരെ ആത്മീയമായി പ്രചോദിപ്പിക്കും. നൈർമല്യത വറ്റി ഇരുണ്ടു പോയ ഹൃദയങ്ങളിൽ പ്രകാശത്തിന്റെ തിരിനാളം കൊളുത്തിയ സംഭവങ്ങൾ ഏറെയാണ്, പറക്കാൻ ചിറകു കുഴഞ്ഞിട്ടും ആശ്വാസത്തിന്റെ സാന്ത്വനക്കാറ്റ് വീശി ധൈര്യം പകർന്ന ചരിതങ്ങൾ ഒന്നും രണ്ടുമല്ല. ആധുനികമനുജർ വന്നുപെട്ട രൂക്ഷപ്രതിസന്ധികൾക്ക് ശിഫ നൽകുന്നതാണ് ആ സമുദ്രത്തിൽ സ്വൽപ്പമെങ്കിലും നുകരുക എന്നത്. കൃത്യമായ അവലംബങ്ങളോടു കൂടിയ പുസ്തകമാണെങ്കിലും സാധാരണക്കാരെ പരിഗണിക്കും വിധം ഗ്രന്ഥങ്ങളെ പരാമർശിക്കുന്നില്ല. ആർക്കും സദുദ്ദേശ്യത്തോടെ കൈയിലെടുക്കാൻ പറ്റിയ കുഞ്ഞു പുസ്തകം. പ്രസാധകർ ഐ പി ബി ബുക്സ്. വില 130 രൂപ.