Connect with us

ആത്മായനം

പുലിവാലാകുന്ന ആലോചനകൾ

തെറ്റിനെ ഗൗരവത്തോടെ സമീപിക്കുകയും മനസ്സ് കൊണ്ട് വെറുക്കുകയും അകറ്റുകയും ചെയ്യുമ്പോഴേ വിശ്വാസി ശുദ്ധ മനസ്സിന്റെ ഉടമയാകുന്നുള്ളൂ.നമുക്കോരോരുത്തർക്കും ശാരീരിക പ്രവൃത്തിപോലെ മാനസികമായ പ്രവൃത്തിയും ഉണ്ട്. കർമം ചെയ്യുന്നതിനു മുമ്പുള്ള ആലോചനകൾ അതാണ്. ഈ ആലോചന നാല് രീതിയിലുണ്ടാവുന്നു. പ്രത്യേകിച്ചൊരു കാരണവുമില്ലാതെയുള്ള ആലോചനയായും അവിചാരിതമായ വികാരമായും ശക്തമായ ചിന്തയായും സുദൃഢമായ താത്പര്യമായും (ഖാത്വിർ, മയ്ൽ, ഇഅ്തിഖാദ്, ഹമ്മ്) അത് വകഭേദങ്ങളാകും. ഇതിൽ ഒന്നും രണ്ടും ശിക്ഷാർഹമല്ല. മനഃപൂർവമല്ല എന്നതാണ് കാരണം.

Published

|

Last Updated

ങ്ങാടിയിലൊരാൾക്കൂട്ടം, ഒരുത്തൻ ലവലേശം ലെവലില്ലാതെ പെരും തെറിയഭിഷേകമാണ്, പൊട്ടിച്ചിരികൾ… ആഹാ ഹരം തന്നെ അല്ലേ…?ഫോൺ തുറന്നാൽ ട്രോളവഹേളനങ്ങളുടെ മറ്റൊരു ഹരം, ഒരുമിച്ചിരുന്നാൽ മറ്റൊരുവനെ റോസ്റ്റാക്കുമ്പോഴുള്ള വേറൊരു ഹരം.

ഞാനല്ലല്ലോ അവനല്ലേ കളിയാക്കുന്നത്.. എനിക്കെന്ത് ഛേദം.? ആത്മരതികൾക്കിടയിൽ നമ്മൾ സ്വയമാശ്വാസം കൊള്ളും, ശുദ്ധരാകും. അല്ലെങ്കിൽ അയാളെ കുറിച്ചല്ല പറഞ്ഞത് ആ നിലപാടിനെ തിരുത്താനുള്ള ശ്രമമാണിതൊക്കെയെന്ന് മറ്റൊരു വ്യാഖ്യാനത്തെ ചുട്ടെടുക്കാൻ മുതിരും.
എതിർ പാർട്ടിക്കാരനെ കൊന്നതിനെ കുറിച്ച്, ഓഫീസ് കത്തിച്ചതിനെ കുറിച്ച്, ബസിന് കല്ലെറിഞ്ഞതിനെ കുറിച്ച് അതൊന്നും ചെയ്തില്ലെങ്കിൽ കൂടി നല്ല ന്യായീകരണങ്ങളെ മെനയാൻ പലർക്കും അതിഗംഭീരമായ കഴിവുണ്ട്.

വസ്തുതാപരമായി ഇത്തരം രംഗങ്ങളിലെ നേരെന്താണെന്ന് നമ്മളാലോചിച്ചിട്ടുണ്ടോ?
കേട്ടോളൂ ഈ ആനന്ദങ്ങൾ മുഴുക്കെ തെറ്റിന് നമ്മൾ നൽകുന്ന മാനസിക പിന്തുണകളാണ്.
അതെയെന്നേ, വളരെ ഗൗരവമുള്ള കാര്യമാണത്. “നിങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ മുൻകാല പ്രവാചകന്മാരെ നിങ്ങൾ എന്തിന് കൊന്നു ? ‘ ( സൂറ: ബഖറ )
വിശുദ്ധ ഖുർആൻ യഹൂദരെ ചോദ്യം ചെയ്ത രംഗമാണിത്.
തിരുനബി(സ)യുടെ നിയോഗത്തിന് മുമ്പ് യഹൂദർ പല പ്രവാചകന്മാരെയും കൊലപ്പെടുത്തിയിരുന്നു. ഈ പാതകത്തിന്റെ പേരിൽ നബി(സ)യുടെ സമകാലികരായ യഹൂദരെയും ചോദ്യം ചെയ്യുന്നു. അവരാരും പ്രവാചകന്മാരെ കൊന്നിട്ടുമില്ല എന്നിട്ടും ഈ ചോദ്യത്തിന്റെ പ്രസക്തിയെന്താവും? മുൻഗാമികൾ ചെയ്ത പാതകത്തിന് ഇവർ മനസ്സാ പിന്തുണ നൽകിയെന്നതാണ് പ്രശ്‌നം. അതു വഴി അവർ പാപത്തിന്റെ ഉത്തരവാദികളായി. വൈകാരിക സഹകരണത്തിലൂടെയുള്ള ഈ പങ്കുപറ്റലിനെയാണ് ഖുർആൻ ചോദ്യം ചെയ്യുന്നത്.
അധർമകാരികളോടുള്ള അനുഭാവത്തിന്റെയും താത്പര്യത്തിന്റെയും അടിസ്ഥാനത്തിൽ അവരുടെ തെറ്റിന്റെ ചുമട് കൂടി വഹിക്കേണ്ടി വരുമെന്ന സന്ദേശം ഖുർആൻ പലയിടത്ത് അവതരിപ്പിക്കുന്നുണ്ട്.

സ്വാലിഹ് നബി(അ)യുടെ ഒട്ടകത്തെ കുറിച്ചുള്ള വിവരണം അത്തരത്തിലൊന്നാണ്. ദിവ്യത്വത്തിലൂടെ പിറവിയെടുത്ത ഒട്ടകത്തെ തൊട്ടുപോകരുതെന്നായിരുന്നു സമൂദ് ഗോത്രത്തോട് നബിയുടെ കൽപ്പന. പക്ഷേ അവരിലൊരുവൻ കൽപ്പന ലംഘിച്ചു, ഒട്ടകത്തെ കൊന്നു. ഒരുത്തൻ ചെയ്ത തെറ്റിനെ കുറിച്ച് ഖുർആൻ വിമർശിച്ചത് അവരതിനെ വധിച്ചു കളഞ്ഞുവെന്നാണ് (വി.ഖു11/65) .

കാരണം, കൃത്യം ചെയ്തത് ഒരു വ്യക്തിയാണെങ്കിലും മറ്റുള്ളവരുടെ മാനസിക പിന്തുണയാണ് അതിന് പ്രേരിതമായ ഘടകം. മറ്റുള്ളവരെല്ലാം അതംഗീകരിച്ചത് കൊണ്ടാണ് എല്ലാവരും ആരോപിതരായത് (ഖുർതുബി 9/24) ഓരോരുത്തരും ചെയ്ത പാപങ്ങൾ തന്നെ നിരവധിയാവും. അതോടൊപ്പം ചെയ്യാത്ത കുറ്റത്തിന്റെയും ഭാരമേറ്റേണ്ടി വരുന്നതിന്റെ ഗതികേട് എത്ര വലിയ പരാജയമാണ്!

കൊലപാതകം, വ്യഭിചാരം, ദുർവ്യാഖ്യാനം, പലിശ തുടങ്ങി ഏത് പാപം ചെയ്യുന്നവരേയും പരിഗണിക്കലും പൂമാലയിട്ട് മനസ്സിലിരുത്തലും നമ്മളും ആ പാപം ചെയ്തതിനു സമാനമാണ്. ഇത്തരം പ്രവൃത്തികളെ ഖുർആൻ അപലപിച്ചതുമാണ്.
“സത്യവിശ്വാസികളേ നിങ്ങൾ എന്റെയും നിങ്ങളുടെയും ശത്രുക്കളെ സ്‌നേഹം പുലർത്തി ആത്മമിത്രങ്ങളാക്കരുത്’.

മാത്രമല്ല തിന്മയുടെ പ്രചാരകരോടും സഹകാരികളോടും കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന മാതൃകയാണ് പ്രവാചകരിൽ നിന്നും നമുക്ക് പകർത്താനുള്ളത്. ഇത്തരം നിലപാടുകാർക്കെതിരെ മൂസാ നബി (അ) നടത്തിയ പ്രാർഥന ചരിത്രമടയാളപ്പെടുത്തിയതാണ് (വി. ഖു. 5/25). വൈകാരികമായും ആദർശപരമായും ഇത്തരക്കാരോട് നിസ്സഹകരണവും അകൽച്ചയും പുലർത്തൽ വിശ്വാസിയുടെ ബാധ്യതയാണ്. സ്‌നേഹക്കൈമാറ്റങ്ങളുടെ അടയാളമായ സലാമിനെ മത വൈകൃത വാദികളോട് ( ബിദ്അത്തുകാർ) പങ്കു വെക്കരുതെന്ന പണ്ഡിത പക്ഷം അത്തരത്തിലൊന്നാണ്.

“നിങ്ങൾ അധർമകാരികളോട് അനുഭാവം കാണിക്കരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നരകാഗ്‌നി നിങ്ങളെ ബാധിക്കും. അല്ലാഹുവല്ലാതെ സഹായികൾ നിങ്ങൾക്കുണ്ടായിരിക്കുകയോ നിങ്ങൾക്ക് സഹായം ലഭിക്കുകയോ ഇല്ല’ എന്നതാണ് ഖുർആനികോപദേശം.

നമുക്കോരോരുത്തർക്കും ശാരീരിക പ്രവൃത്തിപോലെ മാനസികമായ പ്രവൃത്തിയും ഉണ്ട്. കർമം ചെയ്യുന്നതിനു മുമ്പുള്ള ആലോചനകൾ അതാണ്. ഈ ആലോചന നാല് രീതിയിലുണ്ടാവുന്നു. പ്രത്യേകിച്ചൊരു കാരണവുമില്ലാതെയുള്ള ആലോചനയായും അവിചാരിതമായ വികാരമായും ശക്തമായ ചിന്തയായും സുദൃഢമായ താത്പര്യമായും (ഖാത്വിർ, മയ്ൽ, ഇഅ്തിഖാദ്, ഹമ്മ്) അത് വകഭേദങ്ങളാകും. ഇതിൽ ഒന്നും രണ്ടും ശിക്ഷാർഹമല്ല.മനഃപൂർവമല്ല എന്നതാണ് കാരണം.
നബി(സ) പറഞ്ഞു: “എന്റെ സമുദായത്തിന് മനഃപൂർവമല്ലാതെയുള്ള ദുരാലോചനകൾ മാപ്പാക്കപ്പെട്ടിരിക്കുന്നു.’

ചെയ്യണമെന്ന ഉദ്ദേശ്യമോ ഉറപ്പോ ഇല്ലാതെ ഉടലെടുക്കുന്നവയാണത്. ദോഷം ചെയ്യാനുള്ള ശക്തമായ ചിന്തയും സുദൃഢ താത്പര്യവും കുറ്റകരവും ശിക്ഷാർഹവുമാകുന്നു. അല്ലാഹുവിനെ പേടിച്ച് ഖേദത്തോടെ അതിൽ നിന്നും പിന്തിരിഞ്ഞാൽ പ്രതിഫലം ലഭിക്കും. ദുഷ്‌കർമം വെടിഞ്ഞത് അല്ലാഹുവിനെ പേടിച്ചിട്ടല്ലെങ്കിൽ ഫലം മറിച്ചാകും. പ്രതിബദ്ധങ്ങൾ കാരണം വെടിഞ്ഞാലും തിന്മയായി രേഖപ്പെടും. പ്രവൃത്തിയോട് താത്പര്യമുണ്ടാവുക എന്ന മാനസികമായൊരു കർമം ചെയ്യുന്നു എന്നതാണ് കാരണം.

നബി (സ) പറഞ്ഞു: “രണ്ട് മുസ്്ലിംകൾ വാളെടുത്ത് പരസ്പരം പോരാടി, ഒരാൾ കൊല്ലപ്പെട്ടു. എങ്കിൽ കൊന്നവൻ നരകാവകാശിയാണ്. അതേപോലെ കൊല്ലപ്പെട്ടവനും നരകാവകാശി തന്നെ. ഇതുകേട്ട സ്വഹാബത്തിന് ആശങ്ക, കൊല്ലപ്പെട്ടവനെങ്ങനെ…?
“അതേ, അവൻ എതിരാളിയെ കൊല്ലണമെന്നുദ്ദേശിച്ചിരുന്നു. സാധിക്കാതെ പോയതാണ്’ നബി(സ)യുടെ മറുപടി.

അക്രമമേറ്റ് മരിച്ചിട്ടുപോലും സ്ഥിതി ഇതാണെങ്കിൽ മനസ്സറിഞ്ഞുള്ള തീരുമാനങ്ങളും താത്പര്യങ്ങളും ശിക്ഷാർഹമാണെന്നതുറപ്പല്ലേ.
ഒരു പ്രവൃത്തി ഇഷ്ടപ്പെടുകയെന്നത് അതിൽ പങ്ക് ചേരുന്നതിന് തുല്യവുമാണ് (ഇഹ് യ 2/147)
ഇനി ഈ രണ്ട് സംഭവങ്ങൾ ശ്രദ്ധിക്കൂ.

  1. ബഹുമാനപ്പെട്ട അബ്ദുല്ലാഹിബ്‌നു മുബാറക്കിനോട് ഒരു തുന്നൽക്കാരൻ വന്ന് പരിഭവപ്പെട്ടു. “അക്രമകാരികളായ ഭരണാധികാരികൾക്കുള്ള വസ്ത്രങ്ങൾ ഞാനാണ് തുന്നിക്കൊടുക്കുന്നത്. അതു വഴി ഞാൻ അക്രമികളുടെ സഹായി ആയിത്തീരുമോ?’
    അബ്ദുല്ലാഹിബ്‌നു മുബാറക് പറഞ്ഞു.
    “ഇല്ല, നിനക്ക് സൂചിയും നൂലും നൽകുന്നവനാണ് അക്രമികളുടെ സഹായി. നീ അക്രമി തന്നെയാണ് ‘. (ഇഹ് യ 2/13)
  2. മുഅതസിലി പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന ഹഫ്‌സുനിൽ ഫർദ് ഇമാം ശാഫിഈ(റ)യെ രോഗ സമയത്ത് സന്ദർശിച്ചു.
    “തെറ്റായ വാദങ്ങളിൽ നിന്ന് വിട്ട് നിൽക്കും വരെ അല്ലാഹുവിന്റെ സംരക്ഷണം നിങ്ങൾക്ക് ലഭിക്കാതിരിക്കട്ടെ’ എന്ന് നീരസത്തോടെ ഇമാം അയാളോട് പറഞ്ഞു (ഇഹ് യ 1/100).
    അക്രമികളോടും പരിഷ്‌കൃത മതവൈകൃതവാദികളോടും ഇത്തരം സമീപനമാണ് വേണ്ടതെന്നതാണ് പണ്ഡിതന്മാരുടെ ഏകോപനം.
    തിരുനബി(സ) അവിടുത്തെ സംസാരത്തിനിടെ ബനൂ ഇസ്‌റാഈലിന്റെ അപചയത്തെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്.
    “അവരിലൊരാൾ മറ്റൊരാളെ കണ്ടാൽ അല്ലാഹുവിനെ സൂക്ഷിക്കാനും തിന്മകളിൽ നിന്ന് പിന്മാറാനും ഉപദേശിക്കും. പിറ്റേന്ന് നന്നാകാൻ ശ്രമിക്കാത്ത അയാൾക്കൊപ്പം തന്നെ സൗഹൃദം പങ്കിടാനും ഭക്ഷിക്കാനും യാതൊരു മടിയുമില്ലെന്നതാണ് അവരുടെ ന്യൂനത. ഈ നില തുടർന്നപ്പോൾ അല്ലാഹു അവരുടെ മനസ്സിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണുണ്ടായത് (അബൂദാവൂദ്).
    തെറ്റിനെ ഗൗരവത്തോടെ സമീപിക്കുകയുംമനസ്സ് കൊണ്ട് വെറുക്കുകയും അകറ്റുകയും ചെയ്യുമ്പോഴേ വിശ്വാസി ശുദ്ധമനസ്സിന്റെ ഉടമയാകുന്നുള്ളൂ. മാധ്യമ പ്രചാരങ്ങളടക്കമുള്ള എല്ലാ സംഗതികളോടും ഇതേ നിലപാടാണ് നമ്മൾ പുലർത്തേണ്ടത്.

 

---- facebook comment plugin here -----

Latest