Kerala
മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് ആയിരങ്ങള്‍
ആഘോഷങ്ങള്‍ ആഭാസങ്ങളാകാതെ നാടിനും സമൂഹത്തിനും ഗുണപരമായ കാര്യങ്ങളില്‍ വ്യാപൃതരാവണമെന്നും എല്ലാ വിഭാഗം ജനങ്ങളോടും സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും പെരുമാറണമെന്നും തങ്ങള്‍
മലപ്പുറം | മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് ആയിരക്കണക്കിന് വിശ്വാസികളെത്തി. രാവിലെ 7.30 ന് നടന്ന നിസ്‌കാരത്തിനും ഖുത്വുബക്കും സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.
ആഘോഷങ്ങള്‍ ആഭാസങ്ങളാകാതെ നാടിനും സമൂഹത്തിനും ഗുണപരമായ കാര്യങ്ങളില്‍ വ്യാപൃതരാവണമെന്നും എല്ലാ വിഭാഗം ജനങ്ങളോടും സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും പെരുമാറണമെന്നും തങ്ങള്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. കടുത്ത വേനലായതിനാല്‍ അയല്‍വാസികളിലോ കൂട്ടുകുടുംബങ്ങളിലോ ജലക്ഷാമം അനുഭവിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ജലം നല്‍കലാണ് ഏറ്റവും വലിയ ആഘോഷമെന്നും മറ്റു ജീവജാലങ്ങള്‍ക്ക് തണ്ണീര്‍കുടങ്ങള്‍ പെരുന്നാള്‍ ഗിഫ്റ്റായി സ്ഥാപിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.
വിനോദ യാത്രകള്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചാണെന്ന് ഉറപ്പ് വരുത്തണമെന്നും സാഹസികതക്ക് മുതിര്‍ന്ന് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തരുതെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പെരുന്നാള്‍ നിസ്‌കാര ശേഷം വിശ്വാസികള്‍ ഹസ്തദാനം നല്‍കി പെരുന്നാള്‍ സന്തോഷം കൈമാറിയാണ് പിരിഞ്ഞ് പോയത്.
ഒട്ടേറെ ഭിന്നശേഷി സുഹൃത്തുക്കളും പെരുന്നാളാഘോഷങ്ങളില്‍ പങ്ക് ചേരാന്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദിലെത്തിയിരുന്നു. ഭിന്നശേഷിക്കാരെ സഹായിക്കുന്നതിന് മഅദിന്‍ ഹോസ്‌പൈസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.