Kerala
സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് ആയിരങ്ങള്‍; തല്‍ബിയത്തിൻ്റെ മന്ത്ര ധ്വനികളുമായി സ്വലാത്ത് നഗര്‍
സ്വകാര്യ ഗ്രൂപ്പിലെ ഹാജിമാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സത്വരനടപടികള്‍ ഉണ്ടാകണമെന്ന് ഖലീൽ തങ്ങൾ

മലപ്പുറം | ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച 26ാമത് സംസ്ഥാന തല ഹജ്ജ് ക്യാമ്പിന് പ്രൗഢമായ സമാപനം. രാവിലെ 8 മുതല്‍ 5 വരെ നീണ്ടുനിന്ന ഏകദിന ഹജ്ജ് പഠന ക്യാമ്പിന് സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മഅ്ദിന്‍ ക്യാമ്പസില്‍ നടന്ന പരിപാടി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സ്വകാര്യ ഗ്രൂപ്പ് ഹാജിമാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും സത്വരനടപടികള്‍ ഉണ്ടാകണമെന്നും ഉത്തരവാദിത്വപെട്ടവര്‍ സൗദി-ഭരണകൂടവുമായി ചര്‍ച്ച നടത്തി ഈ വര്‍ഷം തീര്‍ഥാടനം ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും അതിനുള്ള സൗകര്യമൊരുക്കണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ ആവശ്യപ്പെട്ടു.
പ്രമുഖ ഹജ്ജ് പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്‌മാന്‍ ദാരിമി ക്ലാസ് നയിച്ചു. മാതൃകാ കഅബയുടെ സഹായത്തോടെയുള്ള അവതരണം ഹാജിമാര്‍ക്ക് ഏറെ ഉപകാരപ്രദമായി. സമസ്ത സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി സംശയ നിവാരണത്തിന് നേതൃത്വം നല്‍കി. സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, കേരള ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ധീന്‍ ഹാജി, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ എം.എസ്.അനസ് ഹാജി, അഡ്വ.മൊയ്തീന്‍ കുട്ടി, പി.ടി.അക്ബര്‍, അഷ്‌കര്‍ കോറാട്, ഹജ്ജ് കമ്മിറ്റി സംസ്ഥാന ട്രെയിനിംഗ് ഓര്‍ഗനൈസര്‍ പി.പി. മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, ഡോ. ദാഹര്‍ മുഹമ്മദ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ പ്രസംഗിച്ചു.
ഹാജിമാരുടെ സൗകര്യത്തിനായി വിപുലമായ സജ്ജീകരണങ്ങളായിരുന്നു മഅദിന്‍ കാമ്പസില്‍ ഒരുക്കിയത്. ഭക്ഷണം, കഞ്ഞി, ചായ, പഴവര്‍ഗങ്ങള്‍, ലഘുകടി, കുടിവെള്ളം തുടങ്ങിയവ ഹാജിമാര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു. സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജിന് പുറപ്പെടുന്ന ഹാജിമാരാണ് ക്യാമ്പില്‍ സംബന്ധിച്ചത്. ക്യാമ്പില്‍ പങ്കെടുത്ത ഹാജിമാര്‍ക്ക് സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയതു. ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ രചിച്ച ഹജ്ജ് ഉംറ: കര്‍മം, ചരിത്രം, അനുഭവം എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനകര്‍മം ചടങ്ങില്‍ നടന്നു. ഹജ്ജിന്റെ കര്‍മങ്ങളും ചരിത്രങ്ങളും അനുഭവങ്ങളും സരളമായും ഗഹനമായും പ്രതിബാധിക്കുന്ന പുസ്തകം ഹാജിമാര്‍ക്ക് മുതല്‍കൂട്ടായി. ഹജ്ജിനുള്ള ഒരുക്കം മുതല്‍ യാത്രയുടെ അവസാനം വരെ തീര്‍ത്ഥാടകര്‍ക്ക് ഗൈഡായി ഉപകാരപ്പെടുന്ന വിവരങ്ങളാണ് ഉള്ളടക്കം. കര്‍മങ്ങളും ചരിത്ര പ്രദേശങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥത്തില്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനും ചൊല്ലാനും ഉതകുന്ന ദിക്റ് ദുആകളും ചരിത്രവിവരണവും അനുഭവ സമ്പത്തും മുന്നൂറ്റി അമ്പതോളം പുറങ്ങളുള്ള പുസ്തകത്തെ ധന്യമാക്കുന്നു. ദിക്‌റുകള്‍ കേള്‍്ക്കാനും പഠിക്കാനും ക്യൂആര്‍ കോഡ് സൗകര്യമൊരുക്കിയതും ഹാജിമാര്‍ക്ക് ഏറെ ഉപകാരപ്രദമായി.
ഹാജിമാര്‍ക്കുള്ള സേവനത്തിന് ഹജ്ജ് ഹെല്‍പ് ലൈനും ഹോസ്‌പൈസ്-മിംഹാര്‍ മെഡിക്കല്‍ കൗണ്ടറും നഗരിയില്‍ സജ്ജീകരിച്ചിരുന്നു. ക്യാമ്പിനെത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്ക് ഒരേസമയം പരിപാടി വീക്ഷിക്കുന്നതിന് സ്‌ക്രീന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. വിദൂരങ്ങളില്‍ നിന്നുള്ളവര്‍ തലേദിവസം തന്നെ സ്വലാത്ത് നഗറിലെത്തി. സ്ത്രീകള്‍ക്ക് പ്രാഥമിക കര്‍മങ്ങള്‍, നിസ്‌കാരം എന്നിവ നിര്‍വ്വഹിക്കുന്നതിന് മഅദിന്‍ ഓഡിറ്റോറിയം, പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കി.
ഹാജിമാര്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്ത് കര്‍മ്മ രംഗത്ത് സജീവമായ 1001 അംഗ സന്നദ്ധ സേവക സംഘം ഹാജിമാരുടെ പ്രശംസ പിടിച്ചു പറ്റി. സ്ത്രീകളുടെ സൗകര്യത്തിനായി വനിതാ വളണ്ടിയര്‍മാരുടെ സേവനവുമൊരുക്കി. അനാഥ, ഹിഫ്‌ള്, സാദാത്ത് വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
ഹാജിമാര്‍ക്ക് മഅദിന്‍ അക്കാദമി നല്‍കുന്ന സേവനങ്ങള്‍ മാതൃകാപരം: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
മലപ്പുറം | ഹാജിമാരുടെ സേവനത്തിനായി മഅദിന്‍ അക്കാദമി നല്‍കുന്ന വിവിധങ്ങളായ സേവനങ്ങള്‍ മാതൃകാപരമാണെന്നും വിശുദ്ധ ഭൂമിയിലെത്തുന്ന ഹാജിമാര്‍ രാജ്യത്തിന്റെ നന്മക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥന നടത്തണമെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പറഞ്ഞു. സ്വകാര്യഹാജിമാരുടെ യാത്രാ സംബന്ധമായ പ്രതിസന്ധികള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനുവേണ്ടിയുള്ള ഇടപെടലുകള്‍ കേരള സര്‍ക്കാരിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം നാമെല്ലാവരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഹാജിമാര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംശയനിവാരണത്തിന് ഹെല്‍പ് ഡെസ്‌ക്
മലപ്പുറം | വിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന ഹാജിമാരുടെ സംശയ നിവാരണത്തിനായി മഅദിന്‍ അക്കാദമിയില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തുന്നത് വരെയുള്ള കര്‍മശാസ്ത്ര സംശയങ്ങള്‍, നിയമവശങ്ങള്‍ തുടങ്ങി ഹാജിമാര്‍ക്ക് ആവശ്യമായ സേവനങ്ങളാണ് ഹെല്‍പ്പ് ഡെസ്‌കിലുണ്ടാവുക. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറിയുടെ നേതൃത്വത്തില്‍ പ്രഗത്ഭ പണ്ഡിതരുടെയും ഹജ്ജ് ട്രൈനര്‍മാരുടെയും സേവനം ലഭ്യമാക്കും. ഹജ്ജ് ദിക്‌റുകള്‍ ഉള്‍പ്പെട്ട ഗൈഡ്, മറ്റു വിവരങ്ങള്‍ എന്നിവ മഅദിന്‍ ഫാമിലി ആപ്പില്‍ ലഭ്യമാകും. വാട്‌സാപ്പിലൂടെ ടെക്സ്റ്റ് മെസേജ് വഴി ബന്ധപ്പെട്ടാല്‍ സഹായം ലഭിക്കും. ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍: 9656424078, 8606631350.