Connect with us

Kanthapuram A P Muhammed Musliyar

പണ്ഡിതവര്യന്റെ സ്‌നേഹ സ്മരണയിൽ ജനസഹസ്രങ്ങൾ ഒഴുകിയെത്തി

മഴ പ്രകടമായ വൈകുന്നേരമായിട്ടും അതൊന്നും സമ്മേളനത്തിലേക്കുള്ള പ്രവർത്തകരുടെ കുത്തൊഴുക്കിന് തടസ്സമായില്ല.

Published

|

Last Updated

കോഴിക്കോട് | സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പണ്ഡിത തേജസ്സിന്റെ സ്‌നേഹസ്മരണയിൽ ജനസഹസ്രങ്ങളുടെ പ്രാർഥനാ സംഗമം. കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത സെക്രട്ടറിയും സുന്നി കൈരളിയുടെ ധീര നേതൃത്വവുമായിരുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരോടുള്ള ആദരവും സ്‌നേഹവും ഇന്നലെ കോഴിക്കോട്ടേക്ക് നിലക്കാത്ത ജനസഞ്ചയമായി ഒഴുകിയെത്തിയപ്പോൾ അത് പ്രതിസന്ധികളും പ്രയാസങ്ങളും ഒറ്റക്കെട്ടായി അതിജയിച്ച ആദർശ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിൽ മറ്റൊരു മഹാസംഗമമായി മാറി. വിജ്ഞാന വഴിയിൽ വലിയ തേരോട്ടം നടത്തുകയും ആദർശ വൈരികളുടെ കപട വാദങ്ങൾ പൊളിച്ചടക്കുകയും ചെയ്ത പണ്ഡിത ജ്യോതിസ്സിനെ അനുസ്മരിക്കാൻ സാദാത്തുക്കളും പണ്ഡിതരുമടക്കം ആയിരങ്ങളാണ് ഇന്നലെയെത്തിയത്.

മഴ പ്രകടമായ വൈകുന്നേരമായിട്ടും അതൊന്നും സമ്മേളനത്തിലേക്കുള്ള പ്രവർത്തകരുടെ കുത്തൊഴുക്കിന് തടസ്സമായില്ല. വൈകുന്നേരം അഞ്ചിന് തന്നെ നഗരി നിറഞ്ഞുകഴിഞ്ഞിരുന്നു. മുതലക്കുളം മൈതാനിയിൽ നടന്ന സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ചെറിയ എ പി ഉസ്താദിൽ നിന്ന് പുതിയ തലമുറക്ക് വലിയ പാഠങ്ങളുണ്ടെന്ന് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിയ കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി അഭിപ്രായപ്പെട്ടു. ചെറുപ്പകാലം മുതലേ കാന്തപുരം ഉസ്താദിന്റെ ശിഷ്യനായി എത്തിയ അദ്ദേഹം ഗുരുവിനെ അഗാധമായി സ്‌നേഹിച്ചു. സൗമ്യസ്വഭാവത്തിനുടമയായ ചെറിയ എ പി ഉസ്താദ് തികഞ്ഞ പ്രകൃതി സ്‌നേഹിയായിരുന്നുവെന്നും ഖലീൽ തങ്ങൾ പറഞ്ഞു.

മോശമായ വാചകങ്ങളോ പരിഹാസങ്ങളോ കൂടാതെ തന്നെ ലളിതമായി യുക്തിയോടെ ആദർശ വൈരികൾക്കെതിരെ ഖണ്ഡന വേദികളിൽ ചെറിയ എ പി ഉസ്താദ് പോരാടിയെന്ന് പേരോട് അബ്ദുർറഹ്മാൻ സഖാഫി അനുസ്മരിച്ചു. വർത്തമാനകാലത്ത് ബിദ്ഈകൾ പടച്ചുവിട്ട വാദങ്ങളെ സുന്നത്ത് ജമാഅത്തിന്റെ പ്രമാണങ്ങൾ അടിസ്ഥാനമാക്കി ബുദ്ധിപരമായി അവതരിപ്പിക്കാൻ എ പി മുഹമ്മദ് മുസ്‌ലിയാർക്ക് കഴിഞ്ഞു. സംഘടനാ രംഗത്ത് ആവശ്യമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം എസ് എസ് എഫിലൂടെ വളർന്ന് സമസ്തയുടെ തലപ്പത്തേക്ക് ഉയരുകയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, കെ വി തങ്ങൾ, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, തെന്നല അബൂ ഹനീഫൽ ഫൈസി, റഹ്മത്തുല്ല സഖാഫി എളമരം, എ സൈഫുദ്ദീൻ ഹാജി, ഡോ.എ പി അബ്ദുൽ ഹകീം അസ്ഹരി, സി എൻ ജഅ്ഫർ, വി എം കോയ മാസ്റ്റർ, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, എം എൽ എമാരായ ഡോ. എം കെ മുനീർ , പി ടി എ റഹീം, തോട്ടത്തിൽ രവീന്ദ്രൻ സംബന്ധിച്ചു. അബ്ദുർറഹ്മാൻ ബാഖവി മടവൂർ സ്വാഗതവും അബൂബക്കർ സഖാഫി വെണ്ണക്കോട് നന്ദിയും പറഞ്ഞു.

Latest