Malappuram
പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് സ്വലാത്ത്നഗറില്‍ ആയിരങ്ങളുടെ ഐക്യദാര്‍ഢ്യ സമ്മേളനം
'പഹല്‍ഗാം; ഭീകരതക്ക് ഇന്ത്യയെ തോല്‍പ്പിക്കാനാകില്ല' എന്ന പ്രമേയത്തില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമത്തിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമത്തിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കുന്നു.
മലപ്പുറം | പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി അപലപിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മലപ്പുറം സ്വലാത്ത്നഗറില്‍ ഐക്യദാര്‍ഢ്യ സമ്മേളനം. ‘പഹല്‍ഗാം; ഭീകരതക്ക് ഇന്ത്യയെ തോല്‍പ്പിക്കാനാകില്ല’ എന്ന പ്രമേയത്തില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമത്തിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. പഹല്‍ഗാമില്‍ നിണമണിഞ്ഞവര്‍ക്കായി ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി തയ്യാറാക്കിയ ബാനറുകള്‍ക്ക് പിന്നില്‍ ആയിരങ്ങളാണ് അണിനിരന്നത്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരമനുഷ്യരുടെ വിയോഗത്തില്‍ സമ്മേളനം അനുശോചിച്ചു.
ഭീകരതക്ക് മതമില്ലെന്നും വിശുദ്ധ ഇസ്‌ലാമില്‍ അത്തരക്കാര്‍ക്ക് ഒരു സ്ഥാനവുമില്ലെന്നും പ്രഖ്യാപിച്ച സമ്മേളനം ഭീകരവാദത്തെയും തീവ്രവാദത്തെയും രാജ്യത്ത് നിന്നും തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ഇസ്‌ലാമിന്റെ പേരില്‍ മുസ്‌ലിംകളുടെ പ്രതിനിധികളെന്ന വ്യാജേന, ഭീകരതയും അരാജകത്വവും ഇതര മത ധ്വംസനവും നടത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരതയെ സമ്മേളനം തള്ളിപ്പറഞ്ഞു.
വര്‍ഷങ്ങളായി വിശ്വാസികള്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന റമസാന്‍ ഇരുപത്തേഴാം രാവില്‍ മഅ്ദിനില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ ഭീകരവാദ വിധ്വംസക പ്രവര്‍ത്തനത്തിനെതിരെ ലക്ഷങ്ങള്‍ ഒന്നിച്ച് പ്രതിജ്ഞയെടുക്കാറുണ്ട്. പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരെ ആദരപൂര്‍വം അനുസ്മരിച്ചും അവരുടെ കുടുംബത്തിന്റെ വേദനകളില്‍ പങ്കുചേര്‍ന്നും പ്രാര്‍ഥന നടത്തിയുമാണ് സമ്മേളനത്തിന് സമാപനം കുറിച്ചത്.
സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം അല്‍ ഐദറൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് അഹ്മദുല്‍ കബീര്‍ ബുഖാരി, അബൂ ശാക്കിര്‍ സുലൈമാന്‍ ഫൈസി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, നൗഫല്‍ കോഡൂര്‍, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് സംബന്ധിച്ചു.
ഐക്യദാര്‍ഢ്യ പ്രഖ്യാപനം:
‘പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരമനുഷ്യരുടെ വിയോഗത്തില്‍ ഈ സമ്മേളനം അനുശോചിക്കുന്നു. ഭീകരത കൊണ്ട് ഇന്ത്യയെ തോല്‍പ്പിക്കാനാകില്ല, ഭീകരതക്ക് മതമില്ല, വിശുദ്ധ ഇസ്‌ലാമില്‍ അത്തരക്കാര്‍ക്ക് ഒരു സ്ഥാനവുമില്ല.
ഭീകരവാദത്തെയും തീവ്രവാദത്തെയും രാജ്യത്ത് നിന്നും തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യ എല്ലാവരുടെയും രാജ്യമാണ്. രാജ്യത്തിന്റെ മാനവ വിഭവ ശേഷിയും സമ്പത്തും മൂല്യങ്ങളും പാരമ്പര്യവും സംരക്ഷിക്കാന്‍ നമ്മളോരോരുത്തര്‍ക്കും ബാധ്യതയുണ്ട്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും അവയെ അപകടപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു.
ഇസ്‌ലാമിന്റെ പേരില്‍, മുസ്‌ലിംകളുടെ പ്രതിനിധികളെന്ന വ്യാജേന, ഭീകരതയും അരാജകത്വവും ഇതര മത ധ്വംസനവും നടത്തുന്ന, ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരതയെ ഞങ്ങള്‍ തള്ളിപ്പറയുന്നു. അവരുടെ ദുഷ്‌ചെയ്തികളില്‍ നിന്ന് നാടിനെയും സമൂഹത്തെയും രക്ഷിക്കാനും പ്രതിരോധം തീര്‍ക്കാനും ഞങ്ങള്‍ മുന്നിലുണ്ടാവും.
ഭീകരത, വിഘടന വിധ്വംസക പ്രവര്‍ത്തനങ്ങള്‍, മതപരവും ജാതീയവും വംശീയവും രാഷ്ട്രീയവുമായ വിവേചനങ്ങള്‍ എന്നിവ സമൂഹത്തെ അസ്ഥിരപ്പെടുത്തുമെന്ന്് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ മഹത്തായ ബോധം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കല്‍ മുസ്‌ലിംകള്‍ എന്ന നിലയിലും ഇന്ത്യയിലെ ഉത്തമ പൗരന്മാര്‍ എന്ന നിലയിലും പ്രധാന കടമയാണെന്ന് ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. ആ കടമ പൂര്‍ണമായി നിറവേറ്റുമെന്നും ഈ സമ്മേളനം പ്രഖ്യാപിക്കുന്നു. പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരെ ആദരപൂര്‍വം അനുസ്മരിച്ച് അവരുടെ കുടുംബത്തിന്റെ വേദനകളില്‍ ഈ സമ്മേളനം പങ്കുചേരുന്നു.’