International
ഇസ്റാഈൽ കൊലപ്പെടുത്തിയ ഐസനൂറിന് ആയിരങ്ങളുടെ യാത്രാമൊഴി
അന്താരാഷ്ട്ര കോടതിയിൽ കേസ് നൽകുമെന്ന് തുർക്കിയ
അങ്കാറ | അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇസ്റാഈൽ സൈനികർ കൊലപ്പെടുത്തിയ തുർക്കിയ- അമേരിക്കൻ അവകാശപ്രവർത്തക ഐസനൂർ എസ്ഗി ഈജി (26)ക്ക് ആയിരങ്ങളുടെ യാത്രാമൊഴി. തുർക്കിയയിലെ ഈജിയൻ തീരനഗരമായ ദിദിമിൽ നടന്ന ഖബറടക്ക ചടങ്ങിൽ തുർക്കിയ വൈസ് പ്രസിഡന്റ് സെവ്ദെത്ത് യിൽമാസ്, പാർലിമെന്റ് സ്പീക്കർ നുമാൻ കുർതുൽമുസ്, പ്രധാന പ്രതിപക്ഷ പാർട്ടിയായ റിപബ്ലികൻ പീപ്പിൾസ് പാർട്ടി നേതാവ് ഒസ്ഗൂർ ഓസെൽ തുടങ്ങി പ്രമുഖർ പങ്കെടുത്തു.
ഈ മാസം ആറിനാണ് അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഐസനൂറിനെ ഇസ്റാഈൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്. ഫലസ്തീനികളെ പുറത്താക്കി ഇസ്റാഈൽ പൗരൻമാരെ വെസ്റ്റ്ബാങ്കിൽ താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ നബ്ലുസിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കവെയാണ് ഐസനൂറിന്റെ തലക്ക് സൈന്യം വെടിയുതിർത്തത്.
പ്രത്യേക സൈനിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. ഐസനൂറിന്റെ രക്തം ഫലസ്തീൻ രക്തസാക്ഷികളുടെ പോലെ പവിത്രമാണെന്ന് സ്പീക്കർ നുമാൻ കുർതുൽമുസ് പറഞ്ഞു. ഞങ്ങൾ അവസാനം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്റാഈൽ സൈനികർക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിനായി കേസ് ഫയൽ ചെയ്യുമെന്ന് തുർക്കിയ അധികൃതർ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര കോടതികളിലും കേസ് നൽകും. ഇസ്താംബൂൾ, അങ്കാറ ഉൾപ്പെടെ പ്രധാന തുർക്കിയ നഗരങ്ങളിലെല്ലാം ഐസനൂറിനായി പ്രത്യേക പ്രാർഥനാ ചടങ്ങ് സംഘടിപ്പിച്ചു.
ഐസനൂറിന്റെ കൊലപാതകം അംഗീകരിക്കാനികില്ലെന്നും ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ ഇസ്റാഈൽ ശ്രദ്ധിക്കണമെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും പ്രതികരിച്ചിരുന്നു. സംഭവത്തിൽ യു എസ് സ്വതന്ത്രാന്വേഷണം നടത്തണമെന്ന് ഐസനൂറിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.