Kerala
യാത്രാമൊഴിയേകി ആയിരങ്ങൾ; ഡോക്ടര്‍ വന്ദന ദാസ് ഇനി വേവുന്ന ഓര്‍മ
അതി വൈകാരികമായ രംഗങ്ങൾക്കാണ് ആ വീട്ടുവളപ്പിലെത്തിയവര്‍ സാക്ഷികളായത്. പിതാവും മാതാവും അന്ത്യചുംബനം നൽകിയ നിമിഷം കണ്ടുനിന്നവരുടെ ഹൃദയം നുറുങ്ങി, കണ്ണുകൾ നിറഞ്ഞു...
കോട്ടയം | ഡോക്ടര്‍ വന്ദന ദാസ് ഇനി വേവുന്ന ഓര്‍മ. പതിനായിരങ്ങളുടെ അന്ത്യാജ്ഞലി ഏറ്റുവാങ്ങി ആ യുവ ഡോക്ടര്‍ അന്ത്യനിദ്രയായി. വീട്ടുമുറ്റത്ത് അച്ഛന്റെയും അമ്മയുടേയും അന്ത്യചുമ്പനമേറ്റുവാങ്ങി, ഒരുപാട് പേരുടെ ഹൃദയങ്ങളിൽ തീരാനോവ് തീർത്ത് അവർ എരിഞ്ഞടങ്ങി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദാണ് ചിതയ്ക്ക് തീക്കൊളുത്തിയത്. ഇനിയൊരു വന്ദനാ ദാസ് ആവർത്തിച്ചുകൂടെന്ന പ്രാർഥനയായിരുന്നു ആ സമയം അവിടെ കൂടിയവരുടെയെല്ലാം മനസ്സിൽ.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ രോഗിയുടെ കുത്തേറ്റ് മരിച്ച വന്ദനാ ദാസിന്റെ മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. നാടിന്റെ നാനാഭാഗത്ത് നിന്നും നിരവധി പേരാണ് ആ യുവ ഡോക്ടർക്ക് അന്തിമോപചാരമർപ്പിക്കാൻ ആ വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തിയത്. അതി വൈകാരികമായ രംഗങ്ങൾക്കാണ് ആ വീട്ടുവളപ്പിലെത്തിയവര്‍ സാക്ഷികളായത്.
പിതാവും മാതാവും അന്ത്യചുംബനം നൽകിയ നിമിഷം കണ്ടുനിന്നവരുടെ ഹൃദയം നുറുങ്ങി, കണ്ണുകൾ നിറഞ്ഞു… ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഏകമകൾ പെട്ടന്നൊരു നിമിഷം ചലനമറ്റ് മുന്നിലെത്തിയത് താങ്ങാനുള്ള ശേഷി അവർക്കുണ്ടായിരുന്നില്ല.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. മന്ത്രി വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ഇന്നലെ രാത്രി തന്നെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സ്പീക്കർ എ.എൻ. ഷംസീർ, ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ വ്യാഴാഴ്ച വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.