Connect with us

Kerala

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ തൃശൂരില്‍ ആയിരങ്ങളുടെ പ്രതിഷേധം

കേരള മുസ്ലിം ജമാഅത്ത് മാര്‍ച്ചില്‍ പ്രതിഷേധം പടർന്നു

Published

|

Last Updated

തൃശൂര്‍ | ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് ആയിരങ്ങളെ അണിനിരത്തി നടത്തിയ പ്രതിഷേധ മാര്‍ച്ച് തൃശൂര്‍ നഗരത്തെ പാല്‍ക്കടലാക്കി. മുസ്‌ലിം മത ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി അവരുടെ സംസ്‌കാരവും പുരോഗതിയും നിലനില്‍പ്പും എല്ലാ നിലക്കും ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യം വെക്കുന്ന വഖ്ഫ് ഭേദഗതി നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ മഹല്ലുകളില്‍ നിന്നായി 500ലധികം വരുന്ന യൂനിറ്റുകളിലെ പ്രവര്‍ത്തകരാണ് നഗരത്തിലെത്തിയത്. വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കാതെ നടന്ന മാര്‍ച്ച് വൈകിട്ട് നാലിന് തൃശൂര്‍ ചെട്ടിയങ്ങാടി സുന്നി മസ്ജിദ് പരിസരത്ത് നിന്നാണ് ആരംഭിച്ചത്.

സമസ്ത കേന്ദ്ര മുശാവറ അംഗം ഐ എം കെ ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി യു അലി, ഫിനാന്‍സ് സെക്രട്ടറി അബ്ദുല്ലക്കുട്ടി ഹാജി, എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗം ശമീര്‍ എറിയാട്, ജില്ലാ സെക്രട്ടറി സൈഫുദ്ധീന്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഷാഫി ഖാദിരി, ജനറല്‍ സെക്രട്ടറി അനസ്, എസ് എം എ ജില്ലാ പ്രസിഡന്റ് അബ്ദുഹാജി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് മുഹമ്മദാലി സഅദി, ജനറല്‍ സെക്രട്ടറി എസ് എം കെ തങ്ങള്‍, മുസ്തഫ കാമില്‍ സഖാഫി, വരവൂര്‍ മൂഹിയിദ്ധീന്‍ സഖാഫി, ജമാല്‍ ഹാജി, സി വി എം മുസ്തഫ സഖാഫി, റാഫിദ് സഖാഫി നേതൃത്വം നല്‍കി.

സ്വരാജ് റൗണ്ട് ചുറ്റി ഇ എ എസ് സ്‌ക്വയറില്‍ മാര്‍ച്ച് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പി ബാലചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ഷാജന്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ ബി ജനീഷ് പ്രസംഗിച്ചു.


---- facebook comment plugin here -----