Kerala
ആയിരങ്ങൾ സാക്ഷി; കോര്‍ണിഷ് മസ്ജിദ് നാടിന് സമര്‍പ്പിച്ചു
മസ്ജിദുകള്‍ സമാധാന കേന്ദ്രങ്ങളാണെന്നും യഥാര്‍ത്ഥ വിശ്വാസിക്ക് തീവ്രവാദിയോ ഭീകരവാദിയോ ആവാന്‍ സാധിക്കില്ലെന്നും കാന്തപുരം
ഫറോഖ് | കടലുണ്ടി ബീച്ച് റോഡില്‍ പുനര്‍നിര്‍മിച്ച കോര്‍ണിഷ് മുഹ്‌യിദ്ധീന്‍ മസ്ജിദ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ നാടിന് സമര്‍പ്പിച്ചു. മസ്ജിദുകള്‍ സമാധാന കേന്ദ്രങ്ങളാണെന്നും യഥാര്‍ത്ഥ വിശ്വാസിക്ക് തീവ്രവാദിയോ ഭീകരവാദിയോ ആവാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ് നിരോധനം മുസ്്‌ലിം സ്ത്രീയുടെ മൗലികാവകാശത്തിന് മേലിലുള്ള കടന്നുകയറ്റമാണെന്നും എല്ലാ മതക്കാര്‍ക്കും അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന വകവെച്ച് നല്‍കുന്നുണ്ടെന്നും പ്രകോപനങ്ങള്‍ സൃഷ്്ടിച്ച് രാജ്യത്തെ സ്വസ്ഥ ജീവിതം തകര്‍ക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാല്‍പതിനായിരം സ്‌ക്വയര്‍ഫീറ്റില്‍ നിര്‍ദിഷ്ട തീരദേശ ഹൈവേയുടെ തീരത്ത് അത്യാധുനിക സൗകര്യങ്ങളോടെയാണ് കോര്‍ണിഷ് മസ്ജിദ് നിര്‍മിച്ചത്. പുത്തന്‍ സാങ്കേതിക വിദ്യയോട് കൂടെയുള്ള ടെലസ്‌കോപ് ഡോംപ് വാന നിരീക്ഷണ സൗകര്യവും കടല്‍ സൗന്ദര്യം ആസ്വദിക്കാനുള്ള സംവിധാനവും ഒരു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള മഴവെള്ള സംഭരണിയും ഇതര പള്ളികളില്‍ നിന്ന് കോര്‍ണിഷ് മസ്ജിദിനെ വേറിട്ട് നിര്‍ത്തുന്നു.
ചടങ്ങില്‍ സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്‍ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് നടന്ന പൊതു സമ്മേളനവും കാന്തപുരം ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഖാസിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, കോടമ്പുഴ ബാവ മുസ്്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, എന്‍.അലി അബ്ദുള്ള, മജീദ് കക്കാട്, സൈതലവി ചെങ്ങര, സട്രോംഗ് ലൈറ്റ് നാസര്‍ ഹാജി, ഈത്തപ്പഴം ബാവ ഹാജി, സാജിദ മുഹമ്മദ് അന്‍സാന്‍ ഗ്രൂപ്പ്, മുഹമ്മദ് അന്‍വര്‍ സാജിദ ഗ്രൂപ്പ് എന്നിവര്‍ പ്രസംഗിച്ചു.
കോര്‍ണിഷ് മസ്ജിദിന് കീഴില്‍ ഹോസ്‌പൈസ് പാലിയേറ്റീവ്, മദ്യമുക്തി കേന്ദ്രം, ഭിന്നശേഷി കോര്‍ണര്‍, കരിയര്‍ ക്ലിനിക്ക്, ഓഡിറ്റോറിയം, റിസേര്‍ച്ച് സെന്റര്‍, ഖാസി ഹൗസ്, കോര്‍ണിഷ് ഗാര്‍ഡന്‍, എജ്യുഗേറ്റ് തുടങ്ങിയ വിവിധ പദ്ധതികള്‍ ഉണ്ടാകും.