Kerala
അധ്യാപകനെതിരെ ഭീഷണി; മാപ്പ് ചോദിച്ച് വിദ്യാര്‍ഥി, ക്ഷമിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍
ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്ന് പ്രിന്‍സിപ്പല്‍ എ കെ അനില്‍ കുമാര്‍.
പാലക്കാട് | ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനെ ഭീഷണിപ്പെടുത്തിയതില്‍ മാപ്പ് ചോദിച്ച് വിദ്യാര്‍ഥി. ക്ഷമിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അധ്യാപകര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്ന് പ്രിന്‍സിപ്പല്‍ എ കെ അനില്‍ കുമാര്‍ വ്യക്തമാക്കി.
പിടിച്ചുവച്ച മൊബൈല്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി അധ്യാപകനെതിരെ കൊലവിളി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനെതിരെ കടുത്ത പ്രതികരണങ്ങളും പ്രതിഷേധവുമാണ് വിവിധ കോണുകളില്‍ നിന്നുയര്‍ന്നത്. വിഷയത്തില്‍ പക്വതയോടെ ഇടപെട്ട് കുട്ടിയെ നേര്‍വഴിയിലേക്ക് നയിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനു പകരം ഈ രീതിയിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് വലിയ തെറ്റാണെന്നായിരുന്നു വിമര്‍ശനം. കുട്ടിയുടെ നല്ല ഭാവിയെത്തന്നെ തകര്‍ക്കുന്ന സമീപനമാണ് അധ്യാപകര്‍ സ്വീകരിച്ചതെന്ന അഭിപ്രായപ്രകടനങ്ങളാണ് പൊതുവെ ഉയര്‍ന്നത്.
സ്‌കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിയില്‍ നിന്ന് അധ്യാപകന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഫോണ്‍ പ്രധാനാധ്യാപകന്റെ കൈയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇത് ചോദിക്കാന്‍ പ്രധാനാധ്യാപകന്റെ മുറിയിലെത്തിയ വിദ്യാര്‍ഥി അധ്യാപകനെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ഥി പ്രധാനാധ്യാപകനോട് പറഞ്ഞത്. മൊബൈല്‍ ഫോണ്‍ കൊടുക്കാതിരുന്നതോടെ പുറത്തിറങ്ങിയാല്‍ കാണിച്ച് തരാമെന്നായി വിദ്യാര്‍ഥിയുടെ ഭീഷണി. പുറത്തിറങ്ങിയാല്‍ എന്താണ് ചെയ്യുകയെന്ന് അധ്യാപകന്‍ ചോദിച്ചതോടെയാണ് കൊന്ന് കളയുമെന്ന് വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയത്.