Ongoing News
ഇന്ത്യ-പാക് ലോകകപ്പ് ടി20: സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ ന്യൂയോര്‍ക്ക്
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പൊതുജന സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയില്ലെന്നു തന്നെയാണ് വിലയിരുത്തലെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍.
ന്യൂയോര്‍ക്ക് | ആക്രമണ ഭീഷണി മുന്‍നിര്‍ത്തി ടി20 ലോകകപ്പ്-2024ല്‍ ജൂണ്‍ ഒമ്പതിന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി ന്യൂയോര്‍ക്ക്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പൊതുജന സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയില്ലെന്നു തന്നെയാണ് വിലയിരുത്തലെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാതി ഹോഷുലിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
മാന്‍ഹട്ടനില്‍ നിന്ന് 41നടുത്ത് കിലോമീറ്റര്‍ കിഴക്കുള്ള എയ്‌സന്‍ഹോവര്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് അങ്കം നടക്കുന്നത്. ജൂണ്‍ മൂന്ന് മുതല്‍ 12 വരെയുള്ള തിയ്യതികളിലായി എട്ട് മത്സരങ്ങള്‍ക്കാണ് സ്റ്റേഡിയം വേദിയാകുന്നത്. മത്സരങ്ങള്‍ സുഗമമായി നടക്കുന്നതിന് നിയമപാലകരുമായി ചേര്‍ന്ന് മാസങ്ങളോളമായി പ്രവര്‍ത്തിച്ചു വരികയാണെന്ന് ഗവര്‍ണര്‍ കാതി ഹോഷുല്‍ വ്യക്തമാക്കി. ‘സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജന സുരക്ഷക്കാണ് പ്രഥമ പരിഗണന. ക്രിക്കറ്റ് ലോകകപ്പ് സുരക്ഷിതവും സന്തോഷപ്രദവുമായ അനുഭവമാക്കി മാറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’- ഗവര്‍ണര്‍ പറഞ്ഞു.
നാല് മത്സരങ്ങളാണ് ന്യൂയോര്‍ക്കില്‍ ടീം ഇന്ത്യക്കുള്ളത്. ജൂണ്‍ അഞ്ചിന് ആദ്യ അങ്കത്തില്‍ അയര്‍ലണ്ടാണ് എതിരാളി. ഒമ്പതിന് പാക്കിസ്ഥാനുമായി ഏറ്റുമുട്ടും. ജൂണ്‍ 12ന് അമേരിക്കയുമായി മത്സരിക്കുന്ന ഇന്ത്യ ബംഗ്ലാദേശുമായി ഒരു പരിശീലന മത്സരവും ഇവിടെ കളിക്കും. ലോകകപ്പിനായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്നെ അമേരിക്കയിലെത്തിയിട്ടുള്ള ടീം ഇന്ത്യ പരിശീലനം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്റ്റാര്‍ പ്ലെയര്‍ വിരാട് കോലി വൈകിയേ ടീമിനൊപ്പം ചേരൂ.
താരങ്ങളുടെയും ആരാധകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഐ സി സിയും ലോകകപ്പിന് അമേരിക്കക്കൊപ്പം ആതിഥ്യമരുളുന്ന ക്രിക്കറ്റ് വെസ്റ്റിന്‍ഡീസും ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.