Kerala
ജീവന് ഭീഷണി; തൃക്കാക്കര നഗരസഭാ അധ്യക്ഷക്കെതിരെ സെക്രട്ടറി പോലീസില്‍ പരാതി നല്‍കി
നഗരസഭയിലെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ അധ്യക്ഷയും ഭരണപക്ഷ കൗണ്‍സിലര്‍മാരും ചേര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയില്‍ പറയുന്നു

കൊച്ചി | തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷക്കെതിരെ നഗരസഭാ സെക്രട്ടറി ബി അനില്‍ പോലീസില്‍ പരാതി നല്‍കി. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെതിരെ അനില്‍ പരാതി നല്‍കിയത്. നഗരസഭയിലെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ അധ്യക്ഷയും ഭരണപക്ഷ കൗണ്‍സിലര്‍മാരും ചേര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയില്‍ പറയുന്നു
സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.തനിക്ക് പോലീസ് സംരക്ഷണം വേണമെന്ന് അനില്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അനില്‍ പരാതി നല്‍കിയിട്ടുണ്ട്. നഗരസഭയിലെ ക്രമക്കേടുകള്‍ക്കെതിരെ സെക്രട്ടറി ഫയലില്‍ നോട്ട് എഴുതിയതാണ് അധ്യക്ഷക്ക് തന്നോടുള്ള വിരോധത്തിന് കാരണമെന്ന് പരാതിയിലുണ്ട്.എന്നാല്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് സെക്രട്ടറി ഫയലുകള്‍ ഒപ്പിടുന്നില്ലെന്നും ഇതുമൂലം നഗരസഭയില്‍ പ്ലാന്‍ ഫണ്ട് പോലും വിനിയോഗിക്കാനാവുന്നില്ലെന്നുമാണ് ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ പറയുന്നത്.