Kerala
മുട്ടില്‍ മരംമുറി കേസ് പ്രതികളില്‍നിന്നും ഭീഷണി; ഡിഎഫ്ഒ പോലീസില്‍ പരാതി നല്‍കി
. മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒമാരില്‍ ഒരാള്‍ ധനേഷ്‌കുമാറായിരുന്നു
തിരുവനന്തപുരം | മുട്ടില്‍ മരം മുറിക്കേസ് അന്വേഷിച്ച ഡിഎഫ്ഒക്ക് ഭീഷണി. കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗമായിരുന്ന ധനേഷ് കുമാറാണ് തനിക്ക് ഭീഷണിയുണ്ടെന്ന് അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനേഷ് കുമാര്‍ എഡിജിപി ശ്രീജിത്തിന് പരാതി നല്‍കി. മയക്ക്മരുന്ന് കേസിലോ രാജ്യദ്രോഹ കേസിലൊ പെടുത്തുമെന്നാണ് പ്രതികളുടെ ഭീഷണി
മരം മുറിച്ച് കടത്തിയതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത് കോഴിക്കോട് ഫ്‌ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ആയിരുന്ന പി ധനേഷ് കുമാറായിരുന്നു. മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒമാരില്‍ ഒരാള്‍ ധനേഷ്‌കുമാറായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂര്‍ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. മുട്ടില്‍ മരം കേസിലെ പ്രതി റോജി അഗസ്റ്റിന്‍ ചില മാധ്യമങ്ങളിലൂടെ ധനേഷിന് കോഴ നല്‍കിയെന്ന് ആരോപിച്ചിരുന്നു. പ്രതിയുടെ ആരോപണത്തിന് പിന്നാലെ ധനേഷിനെ മാറ്റി. താനറിയാതെയാണ് ഉദ്യോഗസ്ഥന്റെ മാറ്റമെന്നായിരുന്നു വിഷയത്തില്‍ വനംമന്ത്രിയുടെ പ്രതികരണം. പിന്നാലെ മന്ത്രി തന്നെ ഇടപെട്ട് ധനേഷിനെ കൂടുതല്‍ ചുമതല നല്‍കി തിരികെയെത്തിച്ചിരുന്നു.