Connect with us

Ongoing News

യു എ ഇയില്‍ പ്രതിഷേധ പ്രകടനം നടത്തിയ മൂന്ന് ബംഗ്ലാദേശികള്‍ക്ക് ജീവപര്യന്തം തടവ്

54 പേരെ ജയില്‍ ശിക്ഷക്ക് ശേഷം നാടുകടത്തും.

Published

|

Last Updated

ദുബൈ| സ്വന്തം രാജ്യത്തെ രാഷ്ട്രീയ പ്രശ്‌നത്തിന്റെ പേരില്‍ യു എ ഇയില്‍ പ്രതിഷേധ പ്രകടനം നടത്തുകയും കലാപം അഴിച്ചുവിടുകയും ചെയ്ത മൂന്ന് ബംഗ്ലാദേശികള്‍ക്ക് ജീവപര്യന്തം തടവ്. 54 പേരെ ജയില്‍ ശിക്ഷക്ക് ശേഷം നാടുകടത്തും. അബുദബി ഫെഡറല്‍ അപ്പീല്‍ കോടതിയുടേതാണ് വിധി.

ബംഗ്ലാദേശില്‍ അടുത്തിടെ നടന്ന തൊഴില്‍ സംവരണത്തെച്ചൊല്ലിയുള്ള അശാന്തിയില്‍ തങ്ങളുടെ ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞ ആഴ്ചയാണ് പ്രകടനങ്ങള്‍ നടന്നത്. കലാപത്തിന് പ്രേരിപ്പിച്ചതിനാണ് മൂന്ന് പേര്‍ക്ക് ജീവപര്യന്തം. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് ‘കൂട്ടായ്മ’യില്‍ പങ്കെടുത്തതിനാണ് മറ്റ് 53 പേര്‍ക്ക് പത്ത് വര്‍ഷവും ഒരു പ്രതിക്ക് 11 വര്‍ഷവും കോടതി ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ അവരെ നാടുകടത്താനും പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാനും ഉത്തരവിട്ടു.

മാതൃരാജ്യത്തെ സര്‍ക്കാരിനെതിരെ യു എ ഇയിലുടനീളമുള്ള നിരവധി തെരുവുകളില്‍ ഒത്തുകൂടി കലാപം ഉണ്ടാക്കിയതിന് വെള്ളിയാഴ്ചയാണ് ബംഗ്ലാദേശികളുടെ സംഘം അറസ്റ്റിലായത്. യു എ ഇ അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഡോ. ഹമദ് സൈഫ് അല്‍ ശംസി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതികളെ അടിയന്തര വിചാരണക്ക് വിടുകയും ചെയ്തു. 30 സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

പൊതുസ്ഥലത്ത് ഒത്തുകൂടല്‍, അശാന്തി ഉണ്ടാക്കല്‍, പൊതു സുരക്ഷ തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തി. ഇത്തരം ഒത്തുചേരലുകളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചതിലെ പങ്കാളിത്തം സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രതികളെ വിചാരണയ്ക്ക് വിധേയമാക്കിയത്. പ്രതികളില്‍ പലരും ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ സമ്മതിച്ചു. വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് യു എ ഇയിലെ പല തെരുവുകളിലും പ്രതികള്‍ ഒത്തുകൂടി. വലിയ തോതിലുള്ള മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. ഇത് സ്ഥിരീകരിച്ച ഒരു സാക്ഷിയെ കോടതി വിസ്തരിച്ചു. പ്രതിഷേധക്കാര്‍ക്ക് താക്കീത് നല്‍കുകയും പിരിഞ്ഞുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടും അവര്‍ കൂട്ടാക്കിയില്ല. കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷകന്‍, അവിടെ ഒത്തുകൂടിയതിന് ക്രിമിനല്‍ ഉദ്ദേശ്യമില്ലെന്നും തെളിവുകള്‍ അപര്യാപ്തമാണെന്നും പ്രതികളെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇവരുടെ കുറ്റത്തിന് മതിയായ തെളിവുകള്‍ കണ്ടെത്തി കോടതി അവരെ ശിക്ഷിച്ചു.

 

 

Latest