National
ഗ്രേറ്റര്‍ നോയിഡയില്‍ വീടിന്റെ മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു
അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കുട്ടികള്‍ കളിക്കുന്നതിനിടെ മതില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഗ്രേറ്റര്‍ നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുനിതി അറിയിച്ചു.
ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ വീടിന്റെ മതില്‍ തകര്‍ന്നു വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഖോഡ്ന കലാന്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. നിര്‍മാണത്തിലിരുന്ന വീടിന്റെ മതില്‍ തകര്‍ന്നാണ് അപകടമുണ്ടായത്. ആഹാദ് (4), ആദില്‍ (8), അല്‍ഫിസ (2) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐഷ (16), ഹുസൈന്‍ (5), സോഹ്ന (12), വാസില്‍ (11), സമീര്‍ (15) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കുട്ടികള്‍ കളിക്കുന്നതിനിടെ മതില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഗ്രേറ്റര്‍ നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുനിതി അറിയിച്ചു. മരിച്ച കുട്ടികള്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് ഡിസിപി വ്യക്തമാക്കി.
കനത്ത മഴയെ തുടര്‍ന്നാണോ മതില്‍ ഇടിഞ്ഞതെന്ന് വ്യക്തമല്ലെന്ന് സൂരജ്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ് കുമാര്‍ സിംഗ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അതുല്‍ കുമാര്‍ അറിയിച്ചു.
അതേസമയം കനത്ത മഴ കണക്കിലെടുത്ത് ഡല്‍ഹിയില്‍ അവധിയില്‍ പോയ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് തിരികെ വരാന്‍ ലഫ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തേക്ക് ദീര്‍ഘ അവധികള്‍ നല്‍കില്ലെന്ന് ലഫ് ഗവര്‍ണര്‍ വ്യക്തമാക്കി.