National
ബംഗാളിൽ ഗുഡ്സ് ട്രെയിനിടിച്ച് മൂന്ന് ആനകൾക്ക് ദാരുണാന്ത്യം
രണ്ട് ആനക്കുട്ടികളും ഒരു ആനയുമാണ് ചരിഞ്ഞത്.
കൊൽക്കത്ത | പശ്ചിമ ബംഗാളിലെ അലിപുർദുവാർ ജില്ലയിലെ രാജഭട്ഖാവ വനത്തിൽ പാളം മുറിച്ചുകടക്കുകയായിരുന്ന മൂന്ന് ആനകൾ ഗുഡ്സ് ട്രെയിൻ ഇടിച്ച് ചരിഞ്ഞു. അലിപൂർദുവാറിൽ നിന്ന് സിലിഗുരിയിലേക്ക് പോകുകയായിരുന്ന കാലി ഗൂഡ്സ് ട്രെയിനാണ് ആനകളെ ഇടിച്ചുവീഴ്ത്തിയത്. രണ്ട് കുട്ടിയാനകളും ഒരു ആനയുമാണ് ചരിഞ്ഞത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
നോർത്ത് ഫ്രോണ്ടിയർ റെയിൽവേയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് സംഭവ വിവരം പുറത്തറിയിച്ചത്. ഇത്തരം കൂട്ടിയിടികൾ ഒഴിവാക്കാനുള്ള ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (ഐഡിഎസ്) രാജഭട്ഖാവ-കൽചിനി സെക്ഷനുകളുടെ പരിധിയിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അപകട സമയം ട്രാക്കിൽ വേഗതാ മുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
വടക്കൻ ബംഗാളിലെ ബുക്‌സ ടൈഗർ റിസർവിനോട് ചേർന്നാണ് രാജഭട്ഖാവ വനമേഖല സ്ഥിതി ചെയ്യുന്നത്.