Connect with us

hajj 2023

കേരളത്തിൽ മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ: സി മുഹമ്മദ് ഫൈസി

മെയ് രണ്ടാം വാരത്തോടെ ഹാജിമാരുടെ പുറപ്പെടൽ ആരംഭിക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.

Published

|

Last Updated

നെടുമ്പാശ്ശേരി| 2023ലെ ഹജ്ജ് കർമം നിർവഹിക്കാൻ കേരളത്തിൽ മൂന്ന് എംബാർക്കേഷൻ പോയിന്റുകളാണ് അനുവദിച്ചിരിക്കുന്നതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി. നെടുമ്പാശ്ശേരി എയർപോർട്ട് വഴി യാത്ര ചെയ്യുന്ന തീർഥാടകർക്ക് മുൻ വർഷത്തെ പോലെ സിയാലിന്റെ സഹകരണത്തോടെ വിപുലമായ സൗകര്യങ്ങൾ കുറ്റമറ്റ രീതിയിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിയാലിൽ എറണാകുളം ജില്ലാ കലക്ടർ വിളിച്ചു ചേർത്ത വിവിധ ഏജൻസികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കലക്ടർക്കു വേണ്ടി എ ഡി എം ഷാജഹാൻ എസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഹാജിമാരുടെ യാത്രക്ക് കൂടുതൽ സൗകര്യമൊരുക്കാൻ മുൻ വർഷങ്ങളിലെപ്പോലെ എല്ലാ ഏജൻസികളുടെയും സഹകരണത്തോടെ സിയാൽ വിപുലമായ സൗകര്യം ഉറപ്പാക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ഇൻ ചാർജ് ജി മനു പറഞ്ഞു. മെയ് രണ്ടാം വാരത്തോടെ ഹാജിമാരുടെ പുറപ്പെടൽ ആരംഭിക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. ആരോഗ്യ വിഭാഗത്തിന്റെ കീഴിൽ ബെഡ് ഫെസിലിറ്റി യോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസ്‌പെൻസറിയും ആംബുലൻസ് സൗകര്യവും ഒരുക്കും.

ഹോമിയോ ഡിസ്‌പെൻസറിയും 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ പരിപാലനത്തിന് 125 രുപ വില വരുന്ന ഷിഫാ കിറ്റ് മെഡിസിൻ ഓരോ ഹാജിമാർക്കും നൽകാനുള്ള പദ്ധതി ആവിഷ്‌കരിച്ചതായി ഹോമിയോപതിക് ഡിപ്പാർട്ട്‌മെന്റ് യോഗത്തിൽ അറിയിച്ചു. എമിഗ്രേഷൻ, സെക്യൂരിറ്റി വിംഗ്, എയർലൈൻസ്, ഓപറേഷൻ, സിവിൽ, ഇലക്ട്രിക്കൽ, സി ഐ എസ് എഫ്, ഫയർഫോഴ്‌സ്, ഡി എം ഒ അലോപ്പതി, ഡി എം ഒ ഹോമിയോപ്പതി, മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെന്റ , സിവിൽ സപ്ലൈസ് തുടങ്ങി വിവിധ ഏജൻസികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കാസിം കോയ പൊന്നാനി, എ സഫർ കയാൽ, പി ടി അക്ബർ, ഹജ്ജ് ഒഫീഷ്യൽ പി കെ അസൈൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസർ പി എം ഹമീദ് സ്വാഗതവും അസി. സെക്രട്ടറി എൻ കെ മുഹമ്മദാലി നന്ദിയും പറഞ്ഞു.

Latest