National
ബംഗാളില്‍ രണ്ടുദിവസത്തിനിടെ മൂന്ന് കര്‍ഷകര്‍ മരിച്ചു; കൃഷിനാശത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍
ജവാദ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളിലെ നിരവധി കര്‍ഷകരുടെ വിളകള്‍ നശിച്ചിരുന്നു.

കൊല്‍ക്കത്ത| പശ്ചിമബംഗാളിലെ പര്‍ബ ബര്‍ധമന്‍ ജില്ലയില്‍ രണ്ടുദിവസത്തിനിടെ മൂന്ന് കര്‍ഷകര്‍ മരിച്ചു. ജവാദ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിളനാശം സംഭവിച്ചതോടെ മൂന്നുകര്‍ഷകരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ശനിയാഴ്ച ദേബിപൂര്‍, ബന്തിര്‍ ഗ്രാമങ്ങളിലെ രണ്ടു കര്‍ഷകരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മറ്റൊരു കര്‍ഷകനെ വെള്ളിയാഴ്ച ബിരുഹ ജില്ലയിലെ വീട്ടിലും തൂങ്ങിമരിച്ചതായി കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ബര്‍ധമന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ല മജിസ്‌ട്രേറ്റ് പ്രിയങ്ക സിന്‍ഗ്ല അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ കൃഷിനാശത്തെ തുടര്‍ന്ന് മൂവരും ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തിയതായി ബി.ഡി.ഒ പറഞ്ഞു. പൊലീസിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. ജവാദ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളിലെ നിരവധി കര്‍ഷകരുടെ വിളകള്‍ നശിച്ചിരുന്നു. ഉരുളകിഴങ്ങ്, നെല്‍കൃഷി എന്നിവയാണ് നശിച്ചത്. അതേസമയം കൃഷി നാശത്തെ തുടര്‍ന്നുണ്ടായ നഷ്ടമല്ല മൂവരുടെയും ആത്മഹത്യക്ക് കാരണമെന്ന് റെയ്‌ന എം.എല്‍.എ ഷാമ്പ ധാര അവകാശപ്പെട്ടു.