Kerala
കോഴിക്കോട് 16 കിലോ കഞ്ചാവുമായി മൂന്ന് അതിഥി തൊഴിലാളികള്‍ പിടിയില്‍
അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയാണ് പതിവ്
കോഴിക്കോട് | ഒറീസയില്‍ നിന്നും എത്തിച്ച 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഒറീസ സ്വദേശികള്‍ അറസ്റ്റിലായി. ഒറീസ്സ നയാഘര്‍ സ്വദേശികളായ ആനന്ദ് കുമാര്‍ സാഹു (36), ബസന്ത് കുമാര്‍ സാഹു (40),കൃഷ്ണ ചന്ദ്രബാരിക്ക് (50) എന്നിവരെയാണ് കസബ പോലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌കോഡും ചേര്‍ന്ന് പിടികൂടിയത്.
മാങ്കാവ് തലക്കുളങ്ങര യുപി സ്‌കൂളിന്റെ അടുത്തുള്ള വാടകവീട്ടിലാണ് പ്രതികള്‍ താമസിച്ചിരുന്നത്. അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയാണ് പതിവ്. ഒറീസ്സയില്‍ നിന്ന് പുലര്‍ച്ചെ കോഴിക്കോട് ട്രെയിന്‍ ഇറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ മാങ്കാവ് തടഞ്ഞ് വെച്ച് ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവാണ് ബാഗില്‍ എന്ന് മനസ്സിലായത്. വിപണിയില്‍ ഏതാണ്ട് പത്തുലക്ഷത്തിന്റെ മുകളില്‍ വില വരുന്ന 16 കിലോഗ്രാം കഞ്ചാവ് പ്രതികളില്‍ നിന്നും കണ്ടെടുത്തു.