Kerala
റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്
അടുക്കളയില്‍ ജോലിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി കലാമുദ്ദീന്‍ (27), ബിഹാര്‍ സ്വദേശി സിറാജുദ്ദീന്‍ (27), കടയ്ക്കു മുമ്പില്‍ നില്‍ക്കുകയായിരുന്ന പുഴിക്കാട് പാലമുരുപ്പേല്‍ കണ്ണന്‍ (31) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പന്തളം | റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പന്തളം മെഡിക്കല്‍ മിഷന്‍ കവലയിലെ ഫലക്ക് മജിലീസ് റെസ്റ്റോറന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. അടുക്കളയില്‍ ജോലിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി കലാമുദ്ദീന്‍ (27), ബിഹാര്‍ സ്വദേശി സിറാജുദ്ദീന്‍ (27), കടയ്ക്കു മുമ്പില്‍ നില്‍ക്കുകയായിരുന്ന പുഴിക്കാട് പാലമുരുപ്പേല്‍ കണ്ണന്‍ (31) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പന്തളം എന്‍ എസ് എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയ നിരവധി പേര്‍ തീപ്പിടിത്ത സമയത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ പുറത്തേക്ക് ഓടുന്നതിനിടയിലാണ് തൊഴിലാളികള്‍ക്ക് പരുക്കേറ്റത്. മെഡിക്കല്‍ മിഷന്‍ സ്വദേശികളായ ഷെഫിന്‍, ഹാഷിം എന്നിവരാണ് റെസ്റ്റോറന്റ് നടത്തുന്നത്. ഇവിടെയുണ്ടായിരുന്ന ആറ് എല്‍ പി ജി സിലിണ്ടറുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞത് കൂടുതല്‍ അപകട സാധ്യത ഒഴിവാക്കി. അടുക്കള ഉപകരണങ്ങള്‍, പാത്രങ്ങള്‍, ഫിറ്റിംഗ്‌സുകള്‍, ഗ്ലാസ് ഡോറുകള്‍, ജനല്‍, കതകുകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
അടൂര്‍ അഗ്‌നിശമന നിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ സി റജികുമാര്‍, ടി എസ് ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ അജി കുമാര്‍, സന്തോഷ്, അമൃതാജി, മനോജ് കുമാര്‍, രാജേഷ് കുമാര്‍, അഭിഷേക്, ഭാര്‍ഗവന്‍, വേണു ഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. അടൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ റെജി കുമാര്‍, ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണച്ചു. പന്തളം പോലീസ്, കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി.