Kerala
ലോറി നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്
കൊടും വളവിലെ ഇറക്കത്തിൽ നിന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ കൈവരിയും സംരക്ഷണ ഭിത്തിയും തകർത്ത് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു

മല്ലപ്പള്ളി | പരിയാരം മല്ലപ്പള്ളി റോഡിൽ അപകടങ്ങളും അപകട മരണങ്ങളും തുടർക്കഥയാകുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റു. രാവിലെ പത്തരയോടെ ബി എസ് എൻ എൽ ഓഫീസിന് സമീപമുള്ള കൊടും വളവിലാണ് അപകടം നടന്നത്. അപകടത്തിൽ ഡ്രൈവർക്കും രണ്ട് ചുമട്ട് തൊഴിലാളികൾക്കുമാണ് പരുക്കേറ്റത്.
സ്വകാര്യ സൂപ്പർ മാർക്കറ്റിലേക്ക് ചരക്കുമായി വന്ന ലോറി കൊടും വളവിലെ ഇറക്കത്തിൽ നിന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ കൈവരിയും സംരക്ഷണ ഭിത്തിയും തകർത്ത് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ പത്തിന് രാത്രിയിൽ ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ട ഇരുചക്രവാഹനം പാലത്തിലിടിച്ച് അധ്യാപകൻ മരിച്ചിരുന്നു. ഇവിടെ വാഹന അപകടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അപകട സാധ്യതയേറിയ സ്ഥലമായിട്ടും പ്രദേശത്ത് വേണ്ട മുൻകരുതലുകളോ സൂചനാ ബോർഡുകളോയില്ല. കൊടും വളവിൽ വാഹനം നിയന്ത്രിക്കാനാവാതെ പലപ്പോഴും അപകടത്തിൽപ്പെടുകയാണ്. റോഡ് റീബിൽഡ് കേരള പദ്ധതി പ്രകാരം ബി എം ആൻഡ് ബി സി നിലവാരത്തിൽ നിർമിച്ചെങ്കിലും അപകടവളവുകൾ അതേപടി നിലനിർത്തിയിരിക്കുകയാണ്. പ്രദേശത്ത് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.