Connect with us

Kerala

കമ്പത്ത് കാറിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം തുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോര്‍ജ് പി സ്‌കറിയ( 60), ഭാര്യ മേഴ്സി (58), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കമ്പം|തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം തുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോര്‍ജ് പി സ്‌കറിയ( 60), ഭാര്യ മേഴ്സി (58), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാന്റ് ഐ10 കാറിനകത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഖിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.

മൂവരെയും കാണാനില്ലെന്ന് കാണിച്ച് വാകത്താനം പോലീസില്‍ രണ്ടു ദിവസം മുന്‍പ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പോലീസ് നിഗമനം. കാറിനുള്ളില്‍ രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയെന്ന വിവരമായിരുന്നു ആദ്യം പുറത്ത് വന്നത്. പിന്നീട് കോട്ടയം രജിസ്‌ട്രേഷന്‍ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

തമിഴ്നാട് പോലീസിന്റെ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തിയ ശേഷം കാര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി കിട്ടിയിരുന്നു. ഇതോടെ ഇവര്‍ ആത്മഹത്യ ചെയ്തതാണെന്ന സംശയത്തിലാണ് പോലീസ്.

കര്‍ഷകനായിരുന്ന ജോര്‍ജ് പി സ്‌കറിയയുടെ കുടുംബത്തിന് രണ്ടരക്കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് അയല്‍വാസി പറയുന്നത്. ഇതേതുടര്‍ന്ന് വീടും സ്ഥലവും വിറ്റ് കടം വീട്ടാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ ഏറെക്കാലമായി ശ്രമിച്ചിട്ടും സാധ്യമായില്ല. അഖിലിന്റെ ചെറിയ തുണിക്കടയില്‍ നിന്ന് കിട്ടുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്വസം. മൂവരുടെയും മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

 

 

Latest