narcotic case
കരിപ്പൂര്‍ വിമാനത്താവളം വഴി അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ മൂന്നു പേര്‍ പോലീസ് പിടിയിലായി
കണ്ണൂര്‍ സ്വദേശി റമീസ്, കണ്ണപുരം സ്വദേശി റിയാസ്, വയനാട് സ്വദേശി പുത്തന്‍പുരക്കല്‍ ഡെന്നി എന്നിവരാണ് പിടിയിലായത്

മലപ്പുറം | കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്ന അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ മൂന്നു പേര്‍ പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം രാവിലെ എയര്‍പോര്‍ട്ട് പരിസരത്തെ ലോഡ്ജില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശികളായ യുവാക്കളെ ലഹരി മരുന്നുമായി പിടികൂടിയത്.
തായ് ഗോള്‍ഡ് എന്ന് അറിയിപ്പെടുന്ന അഞ്ച് കിലോ ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കണ്ണൂര്‍ പിണറായി സ്വദേശി റമീസ്, കണ്ണപുരം അഞ്ചാംപീടിക സ്വദേശി റിയാസ്, വയനാട് അമ്പലവയല്‍ ആയിരം കൊല്ലി സ്വദേശി പുത്തന്‍പുരക്കല്‍ ഡെന്നി എന്നിവരാണ് പിടിയിലായത്. മലപ്പുറം ജില്ലയില്‍ ആദ്യമായാണ് വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. തയ്‌ലന്റില്‍ നിന്നും ബാങ്കോക്കില്‍ നിന്നും ഇവിടെ എത്തിക്കുന്ന ഹൈബ്രിഡ് ലഹരി, പിന്നീട് കാരിയര്‍ മാര്‍ മുഖേന വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍.
വിദേശത്തേക്ക് കടത്താന്‍ ട്രോളി ബാഗില്‍ ലഹരി മരുന്ന് സെറ്റ് ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നു പോലീസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ വയനാട് സ്വദേശിയുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് ഇയാളെ വയനാട്ടിലെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യംചെയ്തതില്‍ നിന്ന് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് ലഹരി കടത്തുന്ന സംഘങ്ങളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.