Kerala
ഇടുക്കിയില്‍ അനധികൃത സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച സംഭവം; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
കഴിഞ്ഞ ദിവസം വണ്ടന്‍മേട് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ ഷിബിലിയുടെ ജീപ്പില്‍ നിന്ന് 300 ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെടുത്തിരുന്നു.

ഇടുക്കി| ഇടുക്കിയില്‍ അനധികൃത സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഉപ്പുതറ കല്‍ത്തൊട്ടി സ്വദേശികളായ ജോസഫ്, റോയി, പൂപ്പാറ സ്വദേശി ബിജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കിയില്‍ മതിയായ രേഖകളില്ലാതെ സ്‌ഫോടകവസ്തുക്കളെത്തിച്ച ഈരാറ്റുപേട്ട സ്വദേശിയായ ഷിബിലി, ഇയാള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ നല്‍കിയ മുഹമ്മദ് ഫാസില്‍ എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മൂന്ന് പേരെ കൂടി പിടികൂടിയത്.
കഴിഞ്ഞ ദിവസം വണ്ടന്‍മേട് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ ഷിബിലിയുടെ ജീപ്പില്‍ നിന്ന് 300 ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെടുത്തിരുന്നു. ഈരാറ്റുപേട്ട നടക്കലിലെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ 8701 ഡിറ്റനേറ്ററുകളും 2604 ജലാറ്റിന്‍ സ്റ്റിക്കുകളുമടക്കം വന്‍ശേഖരവും പിടി കൂടിയിരുന്നു.
ജോസഫും റോയിയും 210 ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് വാങ്ങിയത്. ബിജുവിന്റെ വീടിന് സമീപത്ത് നിന്ന് 98 ഡിറ്റനേറ്ററുകളും 46 ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെത്തി. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പോലീസ് ജില്ലയില്‍ വ്യാപക പരിശോധന നടത്തി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അനധികൃത പാറമടകളിലേക്കാണ് സ്‌ഫോടക വസ്തുക്കളെത്തിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.