political crisis in maharashtra
മൂന്ന് ശിവസേനാ എം എല്‍ എമാര്‍ കൂടി അസമിലെ ഷിന്‍ഡെ ക്യാംപിലെത്തി
ഇതോടെ ഷിന്‍ഡെയുടെ കൂടെയുള്ള എം എല്‍ എമാരുടെ എണ്ണം 37 ആയി.
ഗുവാഹത്തി/ മുംബൈ | മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മഹാവികാസ് അഘാഡി സര്‍ക്കാറിന്റെ പതനം ആസന്നമാക്കി മൂന്ന് എം എല്‍ എമാര്‍ കൂടി വിമത ക്യാംപിലെത്തി. ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ക്യാംപിലാണ് മൂന്ന് എം എല്‍ എമാര്‍ കൂടിയെത്തിയത്. അസമിലെ ഗുവാഹത്തി റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ഇവരുള്ളത്.
ഇതോടെ ഷിന്‍ഡെയുടെ കൂടെയുള്ള എം എല്‍ എമാരുടെ എണ്ണം 37 ആയി. ഷിന്‍ഡെയെ നിയമസഭാകക്ഷി നേതാവായി 34 എം എല്‍ എമാര്‍ ഒപ്പുവെച്ച കത്ത് ഗവര്‍ണര്‍ക്ക് അയച്ചിട്ടുമുണ്ട്. 40 എം എല്‍ എമാരുടെ പിന്തുണയാണ് തനിക്കുള്ളതെന്ന് ഷിന്‍ഡെ അവകാശപ്പെട്ടിരുന്നു.
55 എം എല്‍ എമാരാണ് ശിവസേനക്കുള്ളത്. ഇതോടെ ഭൂരിപക്ഷം എം എല്‍ എമാരുടെ പിന്തുണ ഷിന്‍ഡെക്കുണ്ട്. അതിനാല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള നടപടികള്‍ ഷിന്‍ഡെ ക്യാംപിലുള്ള എം എല്‍ എമാര്‍ക്കെതിരെയെടുക്കാന്‍ സാധിക്കില്ല.
രാജിവെക്കാന്‍ തയ്യാറായ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഔദ്യോഗിക വസതി കഴിഞ്ഞ ദിവസം രാത്രി ഒഴിഞ്ഞു. സേനാ പ്രവര്‍ത്തകരും അനുഭാവികളും താക്കറെയുടെ വീടിന് പുറത്ത് ഒരുമിച്ചുകൂടി മുദ്രാവാക്യം വിളിക്കുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.