Kuwait
കുവൈത്തില്‍ പുതിയ മൂന്ന് സുപ്രധാന നിയമ ഭേദഗതികള്‍ പ്രാബല്യത്തില്‍
വിവാഹ രജിസ്‌ട്രേഷന്‍, ദിയാധനം, ദുരഭിമാന കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമത്തിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്.

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഇനി മുതല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വരനും വധുവിനും 18 വയസ്സ് തികഞ്ഞിരിക്കണം. നേരത്തെ, വിവാഹ രജിസ്‌ട്രേഷന് പ്രായപരിധി നിശ്ചയിച്ചിരുന്നില്ല.
ദിയാ ധനത്തിന്റ പരമാവധി പരിധി 20,000 ദിനാര്‍ ആയി നിജപ്പെടുത്തിയതാണ് പ്രാബല്യത്തില്‍ വന്ന മറ്റൊരു നിയമ ഭേദഗതി. കൊലപാതക കേസുകളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം ആവശ്യപ്പെടുന്ന ദിയാ ധനം (ചോരപ്പണം) നല്‍കിയാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ ഈ തുകയ്ക്ക് നിയമപരമായി പരിധി നിശ്ചയിച്ചിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ദിയാധനത്തിന്റെ പരമാവധി പരിധി 20,000 ദിനാര്‍ ആയി നിജപ്പെടുത്തി.
ദുരഭിമാന കൊലയ്ക്ക് സാധാരണ കൊലക്കുറ്റത്തിന് നല്‍കുന്ന അതേ ശിക്ഷ ഏര്‍പ്പെടുത്തിയതാണ് മറ്റൊരു സുപ്രധാന ഭേദഗതി. മാതാവ്, സഹോദരി, മകള്‍ ഇവരില്‍ ആരെങ്കിലും വ്യഭിചാരം നടത്തിയതായി കണ്ടെത്തിയാല്‍ അവരെ കൊലപ്പെടുത്തുന്ന പ്രതികള്‍ക്ക് കൊലപാതക കേസില്‍ ശിക്ഷായിളവ് നല്‍കുന്ന സമ്പ്രദായം ആണ് ഇതോടെ ഇല്ലാതാക്കിയിരിക്കുന്നത്.
ഇക്കഴിഞ്ഞ മാസമാണ് ഈ മൂന്ന് പുതിയ ഭേദഗതികളുടെ ഉത്തരവ് നീതിന്യായ മന്ത്രി പുറപ്പെടുവിച്ചത്. മന്ത്രിസഭയുടെ അംഗീകാരത്തോടെ കഴിഞ്ഞ ദിവസം മുതല്‍ ഇവ പ്രാബല്യത്തില്‍ വരികയായിരുന്നു.