Connect with us

From the print

രണ്ട് സീറ്റിൽ മൂന്ന് പാർട്ടികൾ: രാജ്യസഭയിലേക്ക് ആര്; ഇടതിൽ ചൂട് പിടിച്ച ചർച്ച

ജൂലൈ ഒന്നിന് മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കവെ എൽ ഡി എഫിന് വിജയിക്കാനാകുന്ന രണ്ട് സീറ്റുകളിൽ മൂന്ന് പേരാണ് അവകാശവാദം ഉന്നയിക്കുന്നത്

Published

|

Last Updated

കൊച്ചി | ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നതോടെ ഒഴിവ് വരുന്ന സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച ചർച്ച ഇടതുമുന്നണിയിലെ ഘടക കക്ഷികൾക്കിടയിൽ ചൂടുപിടിച്ചു. ജൂലൈ ഒന്നിന് മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കവെ എൽ ഡി എഫിന് വിജയിക്കാനാകുന്ന രണ്ട് സീറ്റുകളിൽ മൂന്ന് പേരാണ് അവകാശവാദം ഉന്നയിക്കുന്നത്. ബിനോയ് വിശ്വം, ജോസ് കെ മാണി, എളമരം കരീം എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുന്നത്. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക് രണ്ട് സീറ്റിലും യു ഡി എഫിന് ഒരു സീറ്റിലുമാണ് ജയിക്കാൻ കഴിയുക.

യു ഡി എഫിന് ജയിക്കാൻ കഴിയുന്ന ഒരു സീറ്റ് മുസ്‌ലിം ലീഗിന് നൽകാൻ നേരത്തേ തന്നെ ധാരണയായിരുന്നു. സി പി എം ഒരു സീറ്റ് ഉറപ്പായും ഏറ്റെടുക്കുമെന്നിരിക്കെ ബാക്കിയുള്ള ഒരു സീറ്റിൽ സി പി ഐയും കേരള കോൺഗ്രസ്സും അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. സിറ്റിംഗ് സീറ്റിനെക്കുറിച്ച് രണ്ടാമതൊരു ചിന്ത വേണ്ടെന്നാണ് ഇരുപാർട്ടികളുടെയും നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ബിനോയ് വിശ്വത്തിന് പകരമായി ദേശീയ നേതാക്കളിലൊരാളെത്തന്നെ രാജ്യസഭയിലേക്കയണമെന്ന ആലോചനയാണ് സി പി ഐക്ക്.

വയനാട്ടിൽ മത്സരിച്ച ആനി രാജയുൾപ്പെടെയുള്ള നേതാക്കളെ രാജ്യസഭയിലെത്തിക്കേണ്ടതിന്റെ ആവശ്യകത നേരത്തെ സി പി ഐക്കുള്ളിൽ സജീവ ചർച്ചയായിരുന്നു. അതേസമയം ലോക്സഭയിൽ അധിക സീറ്റ് നിഷേധിക്കപ്പെട്ട കേരള കോൺഗ്രസ്സ് ഇനി ഒരു വിട്ടുവീഴ്ചക്ക് നിൽക്കില്ലെന്നാണ് പറയുന്നത്. പാർട്ടി ചെയർമാൻ ജോസ് കെ മാണിയെത്തന്നെ രാജ്യസഭയിൽ വീണ്ടും എത്തിക്കാനാണ് ആലോചന. സി പി ഐക്കോ കേരള കോൺഗ്രസ്സിനോ പരിഗണന എന്ന ചോദ്യം ഇടതുമുന്നണിക്കുള്ളിൽ വരും ദിവസങ്ങളിൽ കാര്യമായ ചർച്ചകൾക്ക് വഴിവെക്കും. ഇടതുമുന്നണിയിലെ രണ്ടാമൻ ആരെന്ന മത്സരം പരസ്യമായും രഹസ്യമായും നടത്തുന്ന ഇരുപാർട്ടികൾക്കും രാജ്യസഭാ സീറ്റ് അഭിമാന പ്രശ്‌നം തന്നെയാണ്. സി പി ഐയെ മറികടന്ന് ജോസ് കെ മാണിക്ക് വീണ്ടും രാജ്യസഭാ സീറ്റ് കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസ്സിനുള്ളിലും അത് വലിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചേക്കും.

 

Latest