Kerala
ബാംബൂ കര്‍ട്ടന് വേണ്ടി അമിത പണം ഈടാക്കിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍
ചെക്കുകളില്‍ ഒന്ന് അന്നുതന്നെ ബേങ്കില്‍ ഹാജരാക്കി 85,000 രൂപ കൂടി പിന്‍വലിച്ച് എടുക്കുകയായിരുന്നു.
![](https://assets.sirajlive.com/2023/12/fraud-897x538.jpg)
പത്തനംതിട്ട | വീട്ടിലെത്തി ബാംബൂ കര്‍ട്ടന്‍ ഇട്ടശേഷം അമിത പണം കൈക്കലാക്കിയെന്ന വീട്ടമ്മയുടെ പരാതിയില്‍ 3 പേര്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി തഴവ വെട്ടു വിളശ്ശേരിയില്‍ ഹാഷിം എസ് (46), ശൂരനാട് അന്‍സുമന്‍സില്‍ തെക്കേമുറി വീട്ടില്‍ അന്‍സില്‍ എന്‍(29), ശൂരനാട് സൗത്ത് കക്കാക്കുന്ന് കടമ്പാട്ട് വിള റിയാസ് എന്‍(25)എന്നിവരെയാണ് ആറന്‍മുള പോലിസ് അറസ്റ്റ് ചെയ്തത്. ഒരു എര്‍ട്ടിഗ വാഹനത്തില്‍ പ്രതികള്‍ മൂന്നു പേരും കൂടി നവംബര്‍ 30ന് ഉച്ചക്ക് ഒരു മണിയോടുകൂടി ആറന്മുള സ്വദേശിയായ പ്രായമായ സ്ത്രീയുടെ വീട്ടില്‍ എത്തുകയും, സ്‌ക്വയര്‍ ഫീറ്റിന് 200 രൂപ നിരക്കില്‍ ബാംബൂ കര്‍ട്ടന്‍ ഇട്ടു നല്‍കുകയും ചെയ്തു. കര്‍ട്ടന്‍ ഇട്ട ശേഷം 45000 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സ്ത്രീ തന്റെ കൈവശമുണ്ടായിരുന്ന 14000 രൂപ നല്‍കി. ബാക്കി തുകയ്ക്കായി രണ്ട് ബ്ലാങ്ക് ചെക്കുകള്‍ പ്രതികള്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ചെക്കുകളില്‍ ഒന്ന് അന്നുതന്നെ ബേങ്കില്‍ ഹാജരാക്കി 85,000 രൂപ കൂടി പിന്‍വലിച്ച് എടുക്കുകയായിരുന്നു. 10000 രൂപയില്‍ താഴെ വിലയുള്ള കര്‍ട്ടന്‍ ആണ് ഇവര്‍ സ്ഥാപിച്ചതെന്നാണ് പരാതിക്കാരിയുടെ ആരോപണം. പത്തനംതിട്ട ഡിവൈ എസ് പി എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ആറന്മുള പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി കെ മനോജ്, എസ് ഐ അലോഷ്യസ്, എസ് ഐ ജയന്‍, എസ് ഐ നുജൂം, എസ് ഐ ഹരീന്ദ്രന്‍, എ എസ് ഐ വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍സലിം, സിവില്‍ പോലിസ് ഓഫീസര്‍മാരായ സെയ്ഫുദ്ദീന്‍,കിരണ്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.