National
യുപിയില്‍ കര്‍ഷക നേതാവ് പപ്പു സിങും മകനുമുള്‍പ്പെടെ മൂന്നുപേരെ വെടിവെച്ചു കൊന്നു
പപ്പു സിങ്, മകന്‍ അഭയ് സിങ്, ഇളയ സഹോദരന്‍ പിങ്കു സിങ് എന്നിവരാണ് വെടിയേറ്റ് മരിച്ചത്.

ലക്‌നോ| ഉത്തര്‍പ്രദേശില്‍ കര്‍ഷക നേതാവ് പപ്പു സിങും മകനും ഉള്‍പ്പെടെ മൂന്ന് പേരെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. ഇന്നലെ രാവിലെ ഫത്തേപൂരിലെ അഖാരി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പപ്പു സിങ് (50), മകന്‍ അഭയ് സിങ് (22), ഇളയ സഹോദരന്‍ പിങ്കു സിങ് (45) എന്നിവരാണ് വെടിയേറ്റ് മരിച്ചത്.
ഹാത്ഗാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്. റോഡില്‍ തടസ്സം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്തിതിരുന്ന ട്രാക്ടര്‍ മാറ്റാന്‍ മുന്‍ ഗ്രാമത്തലവനായ സുരേഷ് കുമാര്‍, പപ്പു സിങിനോട് ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. സുരേഷ് കുമാറിന്റെ മകനും കൂട്ടാളികളും കൂടി എത്തിയതോടെ സംഘര്‍ഷം കടുത്തു. തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരുമായി സുരേഷ് കുമാറിന് ദീര്‍ഘകാലമായി രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
വെടിവെയ്പ്പില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ തെരുവിലിറങ്ങി. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് അവര്‍ റോഡുകള്‍ ഉപരോധിച്ചു. സംഭവസ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്റാണ് പപ്പു സിങ്.