Kerala
കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരത്തെ മര്യനാട്, സെന്റ് ആന്‍ഡ്രൂസ്, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലാണ് കടലിലിറങ്ങിയവരെ കാണാതായത്. മര്യനാട് സ്വദേശി ജോഷ്വയുടെ (19) മൃതദേഹമാണ് കണ്ടെത്തിയത്.
തിരുവനന്തപുരം | കടലില്‍ കുളിക്കുന്നതിനിടെ മൂന്നുപേരെ കാണാതായി. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മര്യനാട് സ്വദേശി ജോഷ്വയുടെ (19) മൃതദേഹമാണ് കണ്ടെത്തിയത്.
തിരുവനന്തപുരത്തെ മര്യനാട്, സെന്റ് ആന്‍ഡ്രൂസ്, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലാണ് കടലിലിറങ്ങിയവരെ കാണാതായത്. ജോഷ്വയുടെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്കാണ് ജോഷ്വയെ കാണാതായത്.
പ്ലസ്ടു വിദ്യാര്‍ഥിയായ നെവിന്‍ (18) ആണ് സെന്റ് ആന്‍ഡ്രൂസില്‍ ഒഴുക്കില്‍പ്പെട്ടത്. പഞ്ചായത്തുനട സ്വദേശിയാണ് നെവിന്‍. ഇന്ന് രാവിലെ പത്തോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നെവിന്‍ കടലില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അഞ്ചുതെങ്ങില്‍ കടയ്ക്കാവൂര്‍ സ്വദേശികളായ നാലാംഗ സംഘത്തില്‍പ്പെട്ടയാളെയാണ് കടലില്‍ കാണാതായത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.