Connect with us

Kerala

ഒഴുക്കില്‍പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കാതിരുന്ന മൂന്നു പേര്‍ പിടിയില്‍

യുവാവിന്റെ മരണത്തില്‍ സംശയം തോന്നി ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്

Published

|

Last Updated

കണ്ണൂര്‍ | ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കാതിരിക്കുകയും അപകട വിവരം മറച്ചുവയ്ക്കുകയും ചെയ്തതിന് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട ചെടിക്കുളം സ്വദേശി തടത്തില്‍ ജോബിന്‍ (33) മരിച്ച സംഭവത്തിലാണ് ജോബിന്റെ മൂന്ന് സുഹൃത്തുക്കള്‍ അറസ്റ്റിലായത്. ഇരിട്ടി പയഞ്ചേരി പാറാല്‍ വീട്ടില്‍ കെ കെ സക്കറിയ (37), വിളക്കോട് നബീസ മന്‍സിലില്‍ പി കെ സാജിര്‍ (46), മുരുങ്ങോടി മുള്ളന്‍പറമ്പത്ത് വീട്ടില്‍ എ കെ സജീര്‍ (40) എന്നിവരെയാണ് പോലീസ് പിടികൂടിയത്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.

യുവാവിന്റെ മരണത്തില്‍ സംശയം തോന്നി ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ജോബിന്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ പോയത്. രാത്രി വൈകിയും ജോബിന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയില്‍ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയില്‍ കണ്ടത്. ഇരിട്ടി പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ടാം ദിവസമാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്.

പുഴക്കരയില്‍ നില്‍ക്കുന്ന സമയത്ത് ജോബിന്‍ ബന്ധുക്കളെ വിളിച്ച ഫോണ്‍ ആണ് നിര്‍ണായകമായത്. താന്‍ പുഴക്കരയിലാണെന്ന് ജോബിന്‍ പറഞ്ഞിരുന്നു. കൂടാതെ ഒപ്പമുള്ളവരുടെ പേരും പറഞ്ഞിരുന്നു. ഇതോടെ ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തുവരുന്നത്.

സുഹൃത്തുക്കളുമൊന്നിച്ച് പുഴക്കടവില്‍ എത്തിയ ജോബിന്‍ കുളിക്കുന്നതിനിടെ ഇവരുമായി വാക്കേറ്റവും ചെറിയ ഉന്തും തള്ളും ഉണ്ടായി. ഈ തള്ളലിനിടയിലാണ് ജോബിന്‍ ഒഴുക്കില്‍പ്പെട്ടത്. എന്നാല്‍ ഇവര്‍ ജോബിനെ സഹായിക്കാതെ രക്ഷപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മാത്രമല്ല ജോബിനെ കാണാതായ വിവരം പുറത്തുവന്നതിനു ശേഷവും ഒഴുക്കില്‍പ്പെട്ടതിനെക്കുറിച്ച് ആരോടും പറഞ്ഞില്ല. അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ കടന്നുകളഞ്ഞതിനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.

 

Latest