Kerala
നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേര്‍ അറസ്റ്റില്‍
തിരുവല്ല കറ്റോട് കാഞ്ഞിരപ്പറമ്പ് സുരേഷ് ബാബു, തുകലശ്ശേരി ജലജ ഭവന്‍ ബിനീഷ്, കണിയാമ്പാറ കീച്ചേരി അനീഷ് എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട | ജില്ലയില്‍ വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഡി വൈ എസ് പി. കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് നടപടി.
തിരുവല്ല കറ്റോട് കാഞ്ഞിരപ്പറമ്പ് സുരേഷ് ബാബു (49), തുകലശ്ശേരി ജലജ ഭവന്‍ ബിനീഷ് (32), കണിയാമ്പാറ കീച്ചേരി അനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. കുറ്റൂര്‍ സെന്റ് മേരീസ് ക്നാനായ പള്ളിയുടെ സമീപത്തുള്ള സുരേഷ് ബാബുവിന്റെ ശ്രീലക്ഷ്മി സ്റ്റോര്‍സ് എന്ന സ്റ്റേഷനറി കടയുടെ മുന്‍വശത്തെ മേശപ്പുറത്ത് പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ ഹാന്‍സ് പിടിച്ചെടുത്തു. തിരുവല്ല ബി എസ് എന്‍ എല്‍ ജംഗ്ഷനില്‍ നിന്നും വിനീഷിന്റെയും അനീഷിന്റെയും കൈയിലെ ബാഗുകളില്‍ നിന്നും ഹാന്‍സ് കണ്ടെടുത്തു. സുരേഷ് ബാബുവിന്റെ കടയില്‍ നിന്നും 36 ഉം, മറ്റ് പ്രതികളില്‍ നിന്നായി 42 ഉം പാക്കറ്റുകളാണ് പിടികൂടിയത്. നടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി സ്പ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു.
ഡാന്‍സാഫ് എസ് ഐ. അജി സാമുവല്‍, എ എസ് ഐ. അജികുമാര്‍, സി പി ഒമാരായ മിഥുന്‍ ജോസ്, അഖില്‍, സുജിത്, ബിനു, തിരുവല്ല എസ് ഐ. കുരുവിള തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.