Kerala
വീട്ടമ്മയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍
പാഴിയോട്ടുമുറിയില്‍നിന്ന് മത്തായിപ്പടി, ആദൂര്‍ വഴി എയ്യാലിലേക്ക് പോകുന്നതിനിടെയാണ് പ്രതികള്‍ സ്ത്രീയെ പിന്തുടര്‍ന്നത്.
കടങ്ങോട്ട് | രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ ആളൊഴിഞ്ഞ റോഡില്‍വെച്ച് ആക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. വെള്ളറക്കാട് പള്ളിമേപ്പുറം കുളങ്ങരവളപ്പില്‍ വീട്ടില്‍ ആഷിഫ് (28) ആദൂര്‍ സ്വദേശികളായ അമ്പലത്തുവീട്ടില്‍ അബ്ബാസ് (31),കളൂര്‍ പറമ്പില്‍ വീട്ടില്‍ രജനീഷ് (30) എന്നിവരാണ് എരുമപ്പെട്ടി പോലീസിന്റെ പിടിയിലായത്.
പാഴിയോട്ടുമുറിയില്‍നിന്ന് മത്തായിപ്പടി, ആദൂര്‍ വഴി എയ്യാലിലേക്ക് പോകുന്നതിനിടെയാണ് പ്രതികള്‍ സ്ത്രീയെ പിന്തുടര്‍ന്നത്. എയ്യാല്‍ ആദൂര്‍ റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് വീട്ടമ്മയുടെ വാഹനം തടഞ്ഞ് പ്രതികള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. അപകടം മനസ്സിലാക്കിയ വീട്ടമ്മ പെട്ടന്ന് സ്ഥലത്ത് നിന്ന് സ്‌കൂട്ടര്‍ തിരിച്ച് വന്ന വഴി അതിവേഗത്തില്‍ ഓടിച്ച് ആദൂര്‍ കവലയില്‍ എത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടി.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.