SUBAIR MURDER
പാലക്കാട് സുബൈര്‍ വധക്കേസില്‍ മൂന്ന് പേര്‍ അറസ്റ്റിൽ
കൃത്യത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് സൂചന.
പാലക്കാട് | എലപ്പുള്ളി സുബൈര്‍ വധക്കേസില്‍ കീഴടങ്ങിയ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആർ എസ് എസ്- ബി ജെ പി പ്രവർത്തകരായ ആറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് അറസ്റ്റിലായത്. പാറ സ്വദേശി രമേശ് ആണ് കൊലയാളികൾ സഞ്ചരിച്ച കാർ വാടകക്ക് എടുത്തുനൽകിയത്. കസബ പോലീസ് രഹസ്യകേന്ദ്രത്തില്‍ വെച്ച് പോലീസ് ചോദ്യം ചെയ്യുകയാണ്. സര്‍വകക്ഷി യോഗം ചേരാന്‍ മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു കേസിലെ നിര്‍ണായക പുരോഗതി.
കൃത്യത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജുമുഅ നിസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം വരികയായിരുന്ന സുബൈറിനെ രണ്ട് കാറുകളിലെത്തിയ സംഘം വെട്ടിക്കൊന്നത്. പ്രദേശത്തെ എസ് ഡി പി ഐ പ്രവർത്തകനാണ് സുബൈർ. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ് ഐ ആറില്‍ പറയുന്നുണ്ട്. ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്ത്.
സുബൈറിന്റെ കൊലപാതകമുണ്ടായി 24 മണിക്കൂര്‍ കഴിയുമ്പോഴേക്കും നഗരമധ്യത്തില്‍ ആര്‍ എസ് എസ് നേതാവ് എസ് കെ ശ്രീനിവാസനെ വെട്ടിക്കൊന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഈ സംഭവത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചിരുന്നു.