National
ഡല്‍ഹിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍
അതേസമയം, ഡല്‍ഹിയിലെ രാജേന്ദ്രനഗറിലുള്ള റാവൂസ് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന് മുന്നില്‍ ഇന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടക്കുകയാണ്.
ന്യൂഡല്‍ഹി | ഡല്‍ഹി ഐ എ എസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്നു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. കോച്ചിങ് സെന്ററിന്റെ ഗേറ്റ് കേടുപാട് വരുത്തിയ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ നടന്ന സംഭവത്തില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
അന്വേഷണത്തില്‍ ബെസ്‌മെന്റിന് ഫയര്‍ഫോഴ്സ് എന്‍ഒസി നല്‍കിയത് സ്റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവത്തില്‍ കുറ്റക്കാര്‍ ആരായാലും വെറുതെ വിടില്ല. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിസിപി എം ഹര്‍ഷവര്‍ധന്‍ എഎന്‍ഐയോട് പറഞ്ഞു. സംഭവത്തില്‍ ഡല്‍ഹി കോര്‍പ്പറേഷന് നോട്ടീസ് അയയ്ക്കാനും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നുമാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് കോച്ചിങ് സെന്ററുകളുടെ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, ഡല്‍ഹിയിലെ രാജേന്ദ്രനഗറിലുള്ള റാവൂസ് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന് മുന്നില്‍ ഇന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടക്കുകയാണ്. റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം. ഏഴ് ആവശ്യങ്ങളുമായാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അപകടത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ പേര് വിവരങ്ങള്‍ പുറത്തു വിടുക, എഫ്ഐആര്‍ കോപ്പി ലഭ്യമാക്കുക, സംഭവത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പ്രദേശത്തെ ഓടകള്‍ കാര്യക്ഷമമാക്കുക, മരിച്ചവര്‍ക്ക് ഒരു കോടി രൂപ ധനസഹായം, മേഖലയിലെ വാടക നിരക്കുകള്‍ നിയമ വിധേയമാക്കുക, ബെസ്‌മെന്റിലെ ക്ലാസ് മുറികള്‍, ലൈബ്രറികള്‍ പൂര്‍ണമായും അടച്ചു പൂട്ടുക, കോച്ചിംഗ് സെന്ററുകള്‍ക്ക് മുന്നില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് വിദ്യാര്‍ഥികളുടെ ആവശ്യം.