Connect with us

Kerala

പോലിസിനെ ആക്രമിച്ച കേസില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

വ്യാഴാഴ്ച വൈകീട്ട് ഏഴോടെ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനുമുന്നിലാണ് സംഭവം.

Published

|

Last Updated

പത്തനംതിട്ട | വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ പോലിസിനെ ആക്രമിച്ച കേസില്‍ മുന്നു പേര്‍ അറസ്റ്റില്‍. കാതോലിക്കറ്റ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകരായ പ്രമാടം മല്ലശ്ശേരി മറുര്‍ കൃഷ്ണ വിലാസം വീട്ടില്‍ ഹരികൃഷ്ണപിള്ള (23), പ്രമാടം താഴെടത്ത് വീട്ടില്‍ പ്രദീഷ് (23), പ്രമാടം മല്ലശ്ശേരി മറുര്‍ കീഴേത് വീട്ടില്‍ ആരോമല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച വൈകീട്ട് ഏഴോടെ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനുമുന്നിലാണ് സംഭവം. ഇവിടെ എസ് എഫ് ഐ കെട്ടിയിരുന്ന പന്തല്‍ അഴിക്കുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. കോളജില്‍ തുടങ്ങിയ സംഘര്‍ഷം തെരുവിലേക്ക് എത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മിലടിക്കുന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പോലീസിനു നേരേ അക്രമികള്‍ തിരിയുകയായിരുന്നു.

അടിപിടി കൂടിയവരെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍, ഇവര്‍ പോലീസിനെ ആക്രമിച്ചു. നാലുപേര്‍ ഓടി രക്ഷപ്പെട്ടു. സ്റ്റേഷനിലെത്തിച്ചുകഴിഞ്ഞും അക്രമം തുടര്‍ന്ന പ്രതികള്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്പിച്ചു. ആഷര്‍ മാത്യു, ശ്രീകാന്ത്, സുമന്‍ സോമരാജ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. അറസ്റ്റിലായ പ്രതികള്‍ മുമ്പ് ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയവരെ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.