Kerala
കടയില്‍ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച മൂന്ന് പ്രതികള്‍ പിടിയിലായി
കൊല്ലം ചവറ സ്വദേശി ഇര്‍ഷാദ്, സുഹൃത്തുക്കളായ അമീര്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്

കൊല്ലം | കടയില്‍ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയിലായി. മാര്‍ച്ച് അഞ്ചിനു രാത്രിയാണ് ചാത്തന്നൂരിലെ കടയില്‍ തൈര് വാങ്ങാനെന്ന വ്യാജേനയെത്തി മാലപൊട്ടിച്ചത്.
കൊല്ലം ചവറ സ്വദേശി ഇര്‍ഷാദ്, സുഹൃത്തുക്കളായ അമീര്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുപതിലേറെ മോഷണ കേസുകളില്‍ പ്രതിയാണ് ഇര്‍ഷാദ്. അമീറും രാജേഷും ചാത്തന്നൂര്‍ സ്വദേശികള്‍ തന്നെയാണ്. മൂവരും ചേര്‍ന്ന് ആസൂത്രണം ചെയ്ത കവര്‍ച്ചയില്‍ രണ്ട് പേരാണ് നേരിട്ട് പങ്കെടുത്തത്.
ബൈക്കിലാണ് ഇര്‍ഷാദും അമീറും ചാത്തന്നൂര്‍ ഊറാംവിള ജംഗ്ഷനിലെ സ്റ്റേഷനറി കടയില്‍ എത്തിയത്. തൈര് വാങ്ങാനെന്ന വ്യാജേന മാസ്‌ക് ധരിച്ച ഒരാള്‍ കടയില്‍ കയറി. കടയുടമ സജിനി സാധനങ്ങള്‍ എടുക്കുന്നതിനിടെ യുവാവ് സജിനിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് സമീപത്ത് തയ്യാറായി നിന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
ബൈക്ക് ഓടിച്ചിരുന്നയാള്‍ മാസ്‌കും ഹെല്‍മറ്റും ധരിച്ചിരുന്നു. സജിനി ഇവരുടെ പിന്നാലെ ഓടുകയും ബഹളം കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തുകയും ചെയ്‌തെങ്കിലും ഇവര്‍ ബൈക്കുമായി ദേശീയ പാതയിലൂടെ രക്ഷപ്പെട്ടു. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ചാത്തന്നൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചവറ സ്വദേശിയായ ഇര്‍ഷാദിനെ ആദ്യം പിടികൂടിയത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ സ്വദേശികളായ അമീര്‍, രാജേഷ് എന്നിവരെക്കൂടി പിടികൂടിയത്. മൂന്ന് പേരും ചേര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇര്‍ഷാദ് ഇരുപതോളം മോഷണ കേസില്‍ പ്രതിയാണ്. അമീര്‍ വധശ്രമം ഉള്‍പ്പടെയുള്ള കേസുകളിലും രാജേഷ് അടിപിടി കേസുകളിലും പ്രതിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.