National
രാജസ്ഥാനിലെ കോലിഹാന്‍ ഖനിയില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി; 11 പേര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ലിഫ്റ്റ് തകര്‍ന്ന് സംഘം ഖനിയില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിനിടയിലാണ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്.
ജയ്പൂര്‍|രാജസ്ഥാനിലെ നീം കാ താനെ ജില്ലയിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ കോലിഹാന്‍ ഖനിയില്‍ കുടുങ്ങിയ 14 പേരില്‍ മൂന്ന് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി. ലിഫ്റ്റ് തകര്‍ന്നാണ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും കൊല്‍ക്കത്ത വിജിലന്‍സ് സംഘത്തിലുളളവരും ഖനിയില്‍ കുടുങ്ങിയത്. ഖനിയില്‍ കുടുങ്ങിയ 11 പേര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഖനിയില്‍ 577 മീറ്റര്‍ താഴ്ചയിലാണ് ആളുകള്‍ കുടുങ്ങി കിടക്കുന്നത്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ലിഫ്റ്റ് തകര്‍ന്ന് സംഘം ഖനിയില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിനിടയിലാണ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. ഇവരെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ ഖനിയില്‍ പരിശോധനക്കായാണ് വിജിലന്‍സ് ഉദ്യോഗസ്ഥസംഘം എത്തിയത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയര്‍ പൊട്ടി സംഘം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തിയതായി ജില്ലാ പോലീസ് സൂപ്രണ്ട് പ്രവീണ്‍ നായിക് പറഞ്ഞു. ഇതുവരെ അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖനിയില്‍ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രദേശത്തെ എം.എല്‍.എ ധര്‍മപാല്‍ ഗുജ്ജാര്‍ പറഞ്ഞു.