TAMIL LADY PRIEST
തമിഴ്‌നാട്ടില്‍ ക്ഷേത്രപൂജാരിമാരായി മൂന്നു സ്ത്രീകള്‍
പെരിയാറിന്റെ ഹൃദയത്തിലെ ഒരുവേദനകൂടി നീങ്ങിയതായി മുഖ്യമന്ത്രി സ്റ്റാലിന്‍
ചെന്നൈ | തമിഴ്‌നാട്ടില്‍ ക്ഷേത്രപൂജാരിമാരായി ഇനി സ്ത്രീകളും. കൃഷ്ണവേണി, എസ് രമ്യ, എന്‍ രഞ്ജിത എന്നിവരെ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലാണ് നിയമിക്കുക.
സഹപൂജാരിമാരായിട്ടാണ് ഇവര്‍ ചുമതലയേല്‍ക്കുന്നത്. ചൊവ്വാഴ്ച ശ്രീരംഗത്തിലെ ശ്രീരംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ ട്രെയിനിംഗ് സ്‌കൂളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ മൂന്ന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തമിഴ്നാട് മന്ത്രി ശേഖര്‍ ബാബു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പുരോഹിതരാകാന്‍ ആഗ്രഹിക്കുന്ന മറ്റു പല സ്ത്രീകള്‍ക്കും ഇതൊരു പ്രചോദനമാകുമെന്ന് മൂവരം പറഞ്ഞു. കടലൂരില്‍ നിന്നുള്ള എം എസ് സി ബിരുദധാരിയാണ് രമ്യ.
പൈലറ്റുമാരും ബഹിരാകാശയാത്രികരും എന്ന നിലയില്‍ സ്ത്രീകള്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ പദവിയില്‍ നിന്ന് അവരെ വിലക്കിയിരുന്നതായി മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. സ്ത്രീ ദേവതകളുള്ള ക്ഷേത്രങ്ങളില്‍ പോലും സ്ത്രീകള്‍ അശുദ്ധരായി കണക്കാക്കപ്പെട്ടു. ഒടുവില്‍ മാറ്റം വന്നിരിക്കുന്നു. എല്ലാ ജാതിയിലുമുള്ള ആളുകളെയും പൂജാരിമാരായി നിയമിച്ച് തമിഴ്‌നാട് പെരിയാറിന്റെ ഹൃദയത്തിലെ ആ വേദനയും നീക്കിയതായി അദ്ദേഹം പറഞ്ഞു.