Connect with us

National

സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ ഓടയില്‍ വീണു മൂന്ന് വയസുകാരന്‍ മരിച്ചു

മാലിന്യങ്ങള്‍ നിറഞ്ഞുകിടന്ന ഓട ദീര്‍ഘകാലമായി തുറന്നുകിടക്കുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുറന്നു കിടന്ന ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. വിശ്വജിത്ത് കുമാര്‍ ആണ് മരിച്ചത്. മൂത്ത സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 1.40നാണ് അപകടം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

മരിച്ച കുട്ടിയുടെ പിതാവ് രാംവിലാസ് സിങ് സ്വകാര്യ സ്ഥാപനത്തില്‍ പ്യൂണായി ജോലി ചെയ്യുകയാണ്. സംഭവം നടക്കുമ്പോള്‍ മാതാവ് വീട്ടിലുണ്ടായിരുന്നു. ജോലിസ്ഥലത്തായിരുന്നപ്പോഴാണ് രാം വിലാസ് കുഞ്ഞിന്റെ മരണ വിവരം അറിയുന്നത്. തുറന്നുകിടന്ന ഓടയില്‍ വീണ കുട്ടിയെ പുറത്തെടുത്ത് ഉടന്‍ ജെപിസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

അപകടം സംഭവിച്ച ഓട ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞുകിടന്ന ഓട ദീര്‍ഘകാലമായി തുറന്നുകിടക്കുകയായിരുന്നു. ഇത് മൂടണമെന്ന് പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. അതേസമയം സംഭവത്തില്‍ ജലസേചന വകുപ്പ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.